തളിപ്പറമ്പ്: നിയമസഭാ തെരഞ്ഞെടുപ്പില്‍ വിജയാഹ്ലാദത്തില്‍ മതിമറന്ന് സിപിഎം അണികള്‍ ജില്ലയിലെങ്ങും അക്രമങ്ങള്‍ അഴിച്ചുവിടുകയാണെന്നും ഇത്തരത്തില്‍ അണികളെ കയറൂരിവിട്ടാല്‍ ശക്തമായി പ്രതിരോധിക്കേണ്ടിവരുമെന്നും ബിജെപി സംസ്ഥാന സമിതി അംഗം കെ.രഞ്ചിത്ത് പറഞ്ഞു. തളിപ്പറമ്പില്‍ ബിജെപി പൊതുയോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ബിജെപിയെ പരാജയപ്പെടുത്താന്‍ സിപിഎമ്മും കോണ്‍ഗ്രസും കേരളത്തിലുടനീളം കൂട്ടുകച്ചവടം നടത്തുകയായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പ് കഴിഞ്ഞതോടെ സിപിഎമ്മിന്റെ ദേശീയ പാര്‍ട്ടി സ്ഥാനം നഷ്ടപ്പെട്ടുകഴിഞ്ഞിരിക്കുകയാണ്. കേവലം മൂന്ന് സംസ്ഥാനങ്ങളില്‍ ഒതുങ്ങിയ ഈ പാര്‍ട്ടി ഇപ്പോള്‍ പ്രാദേശിക പാര്‍ട്ടിയായി മാറിക്കഴിഞ്ഞുവെന്നും അദ്ദേഹം പറഞ്ഞു. ചടങ്ങില്‍ എം.രാഘവന്‍ അധ്യക്ഷത വഹിച്ചു. ജില്ലാ പ്രസിഡണ്ട് പി.സത്യപ്രകാശ്, കെ.രാധാകൃഷ്ണന്‍, എ.പി.ഗംഗാധരന്‍, ബേബി സുനാഗര്‍, പി.ബാലകൃഷ്ണന്‍ മാസ്റ്റര്‍ തുടങ്ങിയവര്‍ സംസാരിച്ചു.
















