തലശ്ശേരി: എറണാകുളത്തുവെച്ചു നടന്ന അണ്ടര്‍ 11 ഗേള്‍സ് വിഭാഗം ചെസ് ചാമ്പ്യന്‍ഷിപ്പില്‍ ആറ് റൗണ്ടുകളില്‍ ആറ് പോയിന്റും കരസ്ഥമാക്കി തലശ്ശേരി മേലൂരിലെ ഇ.ടി.സ്വരൂപ ചാമ്പ്യന്‍ പട്ടമണിഞ്ഞു. ആറാം വയസ്സില്‍ കോഴിക്കോട്ട് വെച്ച് തുടങ്ങിയ കിരീട ജൈത്രയാത്ര തുടരുകയാണ് സ്വരൂപ. തുടര്‍ച്ചയായ അഞ്ചാം തവണയാണ് സ്വരൂപ സംസ്ഥാന ചാമ്പ്യന്‍ പട്ടം നേടുന്നത്. ഫിഡെ (അന്താരാഷ്‌ട്ര ചെസ് ഫെഡറേഷന്‍) റെയ്റ്റഡ് താരമായ ഈ പ്രതിഭ നിരവധി സംസ്ഥാന ജില്ലാ മത്സരങ്ങൡ സീനിയര്‍ താരങ്ങളോടൊപ്പം മത്സരിച്ച് ചെസ്സില്‍ തന്റേതായ സ്ഥാനം ഉറപ്പിച്ചിട്ടുണ്ട്. തലശ്ശേരി ബ്രണ്ണന്‍ ഹയര്‍സെക്കണ്ടറി സ്‌കൂളില്‍ ആറാംക്ലാസ് വിദ്യാര്‍ത്ഥിയായ സ്വരൂപ മേലൂര്‍ വാത്സല്യത്തില്‍ പ്രദീപ് കുമാര്‍-വത്സല ദമ്പതികളുടെ മകളാണ്. നേഷണല്‍ സ്‌കൂള്‍ ചെസ് ഗോള്‍ഡ് മെഡലിസ്റ്റും ജില്ലാ സീനിയര്‍ ചെസ് ചാമ്പ്യനുമായ സച്ചിന്‍ പ്രദീപ് സഹാദരനാണ്.
ജൂലൈ 25 മുതല്‍ ചത്തീസ്ഗഢിലെ റായ്‌പൂരില്‍ നടക്കുന്ന നേഷണല്‍ ചെസ് ചാമ്പ്യന്‍ഷിപ്പില്‍ സ്വരൂപ കേരള ടീമിനെ നയിക്കും.
















