ഹൈദരാബാദ്: കിങ്‌സ് ഇലവന്‍ പഞ്ചാബിനെ ഏഴ് വിക്കറ്റിന് തകര്‍ത്ത് സണ്‍റൈസേഴ്‌സ് ഹൈദരാബാദ് നോക്കൗട്ടില്‍. 12 കളികളില്‍ 16 പോയിന്റോടെയാണ് ഹൈദരാബാദ് അവസാന നാലിലിടം നേടിയത്. ഇത്രയും കളികളില്‍ എട്ടു പോയിന്റ് മാത്രമുള്ള പഞ്ചാബിന്റെ നോക്കൗട്ട് സ്വപ്‌നം ഏറെക്കുറെ അവസാനിച്ചു. സ്‌കോര്‍: കിങ്‌സ് ഇലവന്‍ പഞ്ചാബ് – 179/4 (20), സണ്‍റൈസേഴ്‌സ് ഹൈദരാബാദ് – 180/3 (19.4/20).
ടോസ് നേടി ബാറ്റിങ്ങിനിറങ്ങിയ പഞ്ചാബ് ഓപ്പണര്‍ ഹാഷിം അലംയുടെ പ്രകടന മികവിലാണ് ഭേദപ്പെട്ട സ്‌കോര്‍ പടുത്തുയര്‍ത്തിയത്. അംല 56 പന്തില്‍ 14 ഫോറും രണ്ട് സിക്‌സറും സഹിതം 96 റണ്‍സെടുത്തു. വൃദ്ധിമാന്‍ സാഹ (27), ഗുര്‍കിരാത് സിങ് (27) ഡേവിഡ് മില്ലര്‍ (20 നോട്ടൗട്ട്) എന്നിവര്‍ മറ്റു പ്രധാന സ്‌കോറര്‍മാര്‍.
വലിയ ലക്ഷ്യത്തിലേക്ക് ബാറ്റേന്തിയ ഹൈദരാബാദിന് ഓപ്പണര്‍മാര്‍ മികച്ച തുടക്കം നല്‍കി. നായകന്‍ ഡേവിഡ് വാര്‍ണര്‍ 41 പന്തില്‍ 52 റണ്‍സെടുത്തപ്പോള്‍ ശിഖര്‍ ധവാന്‍ 25 റണ്‍സെടുത്തു. ഇവര്‍ മടങ്ങിയ ശേഷം ഒത്തുചേര്‍ന്ന ദീപക് ഹൂഡയും (34) യുവരാജ് സിങ്ങുമാണ് (42 നോട്ടൗട്ട്) ടീമിനെ ജയത്തിലേക്ക് നയിച്ചത്. ഹൂഡ മടങ്ങിയെങ്കിലും ബെന്‍ കട്ടിങ് (18 നോട്ടൗട്ട്) യുവരാജിനു പിന്തുണയായി. 24 പന്തില്‍ മൂന്നു വീതം ഫോറും സിക്‌സറും പറത്തി യുവരാജ്. അംലയാണ് കളിയിലെ താരം.
















