ന്യൂദല്‍ഹി: ഇന്ത്യന്‍ ഗുസ്തി താരങ്ങളായ രവീന്ദര്‍ ഖത്രിയും ബബിതാ കുമാരിയും ഈ വര്‍ഷം റിയോ ഡി ജനീറോയില്‍ നടക്കുന്ന ഒളിമ്പിക്‌സിന് യോഗ്യത നേടി. ഇതോട ഗുസ്തിയില്‍ ഇന്ത്യയുടെ പ്രാതിനിധ്യം എട്ടായി. ഏഷ്യന്‍ ഒളിമ്പിക്‌സ് യോഗ്യതാ മത്സരത്തില്‍ എതിരാളികള്‍ ഉത്തേജക പരിശോധനയില്‍ പരാജയപ്പെട്ടതോടെയാണ് ഖത്രിക്കും ബബിതാ കുമാരിക്കും റിയോയിലേക്ക് ടിക്കറ്റ് ലഭിച്ചത്.
ഒളിമ്പിക്‌സിന്റെ ചരിത്രത്തില്‍ ഏറ്റവും വലിയ ഗുസ്തി സംഘമാണ് ഇത്തവണ ഇന്ത്യക്ക് വേണ്ടി ഗോദയിലിറങ്ങുന്നത്.
85 കിലോഗ്രാം ഗ്രീക്കോ-റോമന്‍ വിഭാഗത്തിലാണ് ഖത്രി മത്സരിക്കുക. 53 കിലോഗ്രാം ഫ്രീസ്‌റ്റൈലാണ് ബബിതയുടെ മത്സര ഇനം.
നേരത്തെ വിനേഷ് പൊഗാട്ട് 43കിലോഗ്രാം വിഭാഗത്തിലും സാക്ഷി മാലിക്ക് 58 കിലോഗ്രാം വിഭാഗത്തിലും യോഗ്യത നേടിയിരുന്നു. ഒളിമ്പിക്‌സിന്റെ ഏഷ്യന്‍ യോഗ്യതാ റൗണ്ടില്‍ വിനേഷ് സ്വര്‍ണവും സാക്ഷി വെള്ളിയുമാണ് നേടിയത്. ഇത് ആദ്യമായാണ് ഗുസ്തിയില്‍ മൂന്ന് വനിതകള്‍ ഒളിമ്പിക്‌സിന് യോഗ്യത നേടുന്നത്. കഴിഞ്ഞ ലണ്ടന്‍ ഒളിമ്പിക്‌സില്‍ വനിതാ ഗുസ്തിയില്‍ ഗീതാ പൊഗാട്ട് മാത്രമാണ് ഇന്ത്യയെ പ്രതിനിധീകരിച്ചത്.
















