ലണ്ടന്‍: ഇംഗ്ലീഷ് പ്രമീയര്‍ ലീഗില്‍ എവേ മത്സരത്തിന് വെസ്റ്റ്ഹാം മൈതാനത്തെത്തിയ മാഞ്ചസ്റ്റര്‍ യുണൈറ്റഡ് ടീമംഗങ്ങള്‍ക്കു നേരെ ആതിഥേയ ആരാധപരുടെ കൈയേറ്റ ശ്രമം. മാഞ്ചസ്റ്റര്‍ ടീം എത്തിയ ബസിനു നേരെ ആരാധകര്‍ കല്ലെറിഞ്ഞു. ബസിന്റെ ഗ്ലാസുകള്‍ തകര്‍ന്നെങ്കിലും കളിക്കാര്‍ക്ക് പരിക്കില്ല.
ബസില്‍നിന്നിറങ്ങി ഡ്രസിങ് റൂമിലേക്കു പോവുകയായിരുന്ന കളിക്കാര്‍ക്കു നേരെയും കാണികള്‍ രോഷം പ്രകടിപ്പിച്ചു. പരിശീലകന്‍ ലൂയി വാന്‍ഗാലുമായി വാക്കേറ്റവുമുണ്ടായി. അദ്ദേഹത്തെ കൈയേറ്റം ചെയ്യാനും ചിലര്‍ മുതിര്‍ന്നു. പോലീസ് ഏറെ പണിപ്പെട്ടാണ് ആരാധകരെ പിന്തിരിപ്പിച്ചത്. തുടര്‍ന്ന് മത്സരം 45 മിനിറ്റ് വൈകിയാണ് തുടങ്ങിയത്.
അപ്റ്റന്‍ പാര്‍ക്കിലെ അവസാന മത്സരമാണു വെസ്റ്റ്ഹാം കളിച്ചത്. മത്സരത്തില്‍ വെസ്റ്റ്ഹാം 3-2നു ജയിച്ചു. അടുത്ത സീസണ്‍ മുതല്‍ ഒളിംപിക് സ്റ്റേഡിയമായിരിക്കും വെസ്റ്റ്ഹാമിന്റെ ഹോം മൈതാനം. കഴിഞ്ഞ 112 വര്‍ഷമായി ടീമിന്റെ ഹോം ഗ്രൗണ്ടായിരുന്നു അപ്റ്റന്‍ പാര്‍ക്കിലെ ബോലെയ്ന്‍ സ്റ്റേഡിയം.
















