ലണ്ടന്‍: ഇംഗ്ലീഷ് പ്രീമിയര്‍ ലീഗിലെ നിര്‍ണായക മത്സരത്തില്‍ മുന്‍ ചാമ്പ്യന്മാരായ മാഞ്ചസ്റ്റര്‍ യുണൈറ്റഡിന് വീണ്ടും തിരിച്ചടി. വെസ്റ്റ് ഹാമാണ് മാഞ്ചസ്റ്റര്‍ യുണൈറ്റഡിനെ രണ്ടിനെതിരെ മൂന്ന് ഗോളുകള്‍ക്ക് അട്ടിമറിച്ചത്. പരാജയത്തോടെ മാഞ്ചസ്റ്റര്‍ യുണൈറ്റഡിന്റെ ചാമ്പ്യന്‍സ് ലീഗ് സാധ്യതയും പ്രതിസന്ധിയിലായി. നാല് മിനിറ്റിനിടെ മിഖായേല്‍ അന്റോണിയോയും വിന്‍സ്റ്റണ്‍ റീഡും നേടിയ ഗോളുകളാണ് യുണൈറ്റഡിന്റെ കഥ കഴിച്ചത്. ആദ്യം പിന്നിലാവുകയും പിന്നീട് ലീഡ് നേടുകയും ചെയ്തശേഷമാണ് യുണൈറ്റഡ് പരാജയം ഏറ്റുവാങ്ങിയത്. 37 കൡകളില്‍ നിന്ന് 63 പോയിന്റുമായി യുണൈറ്റഡ് ലീഗില്‍ അഞ്ചാമത്.
പന്തടക്കത്തില്‍ യുണൈറ്റഡ് മുന്നിട്ടുനിന്നെങ്കിലും ഷോട്ടുകളുതിര്‍ക്കുന്നതില്‍ വെസ്റ്റ് ഹാം ഏറെ മുന്നില്‍. അവര്‍ പായിച്ച 20 ഷോട്ടുകളില്‍ ആറെണ്ണം ലക്ഷ്യത്തിലേക്ക് നീങ്ങി. എന്നാല്‍ യുണൈറ്റഡിന് കൡയിലാകെ പായിക്കാന്‍ കഴിഞ്ഞത് മുന്നെണ്ണം മാത്രം. ഇതില്‍ രണ്ടെണ്ണവും ലക്ഷ്യത്തിലെത്തി എന്നു മാത്രം. കൡ ആരംഭിച്ച് പത്താം മിനിറ്റില്‍ വെസ്റ്റ്ഹാം ലീഡ് നേടി. ബോക്‌സിനുള്ളില്‍നിന്ന് ദിയാഫ്ര സാഖു പായിച്ച ഇടംകാലന്‍ ഷോട്ട് യുണൈറ്റഡ് വലയില്‍.
പിന്നീട് കളിയുടെ 51-ാം മിനിറ്റില്‍ അന്റോണിയോ മാര്‍ഷ്യലിലൂടെ യുണൈറ്റഡ് സമനില പിടിച്ചു. 72-ാം മിനിറ്റില്‍ മാര്‍ഷ്യല്‍ വീണ്ടും നിറയൊഴിച്ചതോടെ യുണൈറ്റഡ് 2-1ന് മുന്നില്‍. എന്നാല്‍ ലീഡ് നേടിയതിന്റെ ആഹ്ലാദത്തിന് ആയുസ്സ് നാല് മിനിറ്റ് മാത്രമാണുണ്ടായിരുന്നത്. 76-ാം മിനിറ്റില്‍ മിഖായേല്‍ അന്റോണിയോ ഹെഡ്ഡറിലൂടെ വെസ്റ്റ് ഹാമിന്റെ സമനില ഗോള്‍ കണ്ടെത്തി. നാല് മിനിറ്റിനുശേഷം വിന്‍സ്റ്റണ്‍ റീഡ് മറ്റൊരു ഹെഡ്ഡറിലൂടെ വെസ്റ്റ് ഹാമിന്റെ വിജയഗോളും കണ്ടെത്തി. ഞായറാഴ്ച നടക്കുന്ന അവസാന മത്സരത്തില്‍ യുണൈറ്റഡിന് എതിരാളികള്‍ ബേണ്‍സ്മൗത്ത്.
















