കണ്ണൂര്‍: നിയമസഭാ തെരഞ്ഞെടുപ്പിന്റെ സമാധാനപരമായ നടത്തിപ്പും വോട്ടര്‍മാര്‍ക്ക് ഭീഷണിയോ തടസ്സമോ കൂടാതെ സമ്മതിദാനാവകാശം വിനിയോഗിക്കുന്നതിനുളള പൂര്‍ണ്ണ സ്വാതന്ത്ര്യവും ഉറപ്പുവരുത്തുന്നതിനായി രാഷ്‌ട്രീയ പാര്‍ട്ടികളും അവയുടെ പ്രവര്‍ത്തകരും പോളിങ്ങ് ഉദ്യോഗസ്ഥരുമായി സഹകരിക്കേണ്ടതാണെന്ന് ജില്ലാ കലക്ടര്‍ അഭ്യര്‍ത്ഥിച്ചു. പോളിങ്ങ് ബൂത്തിന്റെ 200 മീറ്റര്‍ പരിധിയില്‍ സ്വകാര്യ സ്ഥലങ്ങളില്‍ പോലും പ്രചാരണ സാമഗ്രികളോ തോരണങ്ങളോ സ്ഥാപിക്കാന്‍ പാടില്ല. സ്ഥാനാര്‍ത്ഥിയുടെ ക്യാമ്പുകള്‍ ആര്‍ഭാടരഹിതമായിരിക്കണം. ചുവര്‍ പരസ്യങ്ങളോ കൊടികളോ ചിഹ്നങ്ങളോ മറ്റ് പ്രചാരണ വസ്തുക്കളോ പ്രദര്‍ശിപ്പിക്കാന്‍ പാടില്ല. ക്യാമ്പുകള്‍ വഴി ആഹാര വിതരണം നടത്താനും പാടില്ല. പോളിങ്ങ് ബൂത്തിന് 100 മീറ്റര്‍ പരിധിയില്‍ വോട്ട് അഭ്യര്‍ത്ഥിക്കരുത്. ക്യാമ്പിന് സമീപം അനാവശ്യമായ ആള്‍ക്കൂട്ടം ഉണ്ടാകരുത്. സമ്മതിദായകര്‍ ഒഴികെ തെരഞ്ഞെടുപ്പ് കമ്മീഷന്റെ നിയമാനുസൃതമായ പാസ് ഇല്ലാത്ത ആരും പോളിങ്ങ് ബൂത്തുകളില്‍ പ്രവേശിക്കാന്‍ പാടില്ലെന്നും കലക്ടര്‍ അറിയിച്ചു.
















