കൊല്‍ക്കത്ത: ഇന്ത്യന്‍ ഏകദിന ക്രിക്കറ്റ് ടീമിന്റെ നായക സ്ഥാനവും വിരാട് കോഹ്‌ലിയെ ഏല്‍പ്പിക്കണമെന്ന് മുന്‍ ഇന്ത്യന്‍ ക്യാപ്റ്റന്‍ സൗരവ് ഗാംഗുലി. ഭാവിയെക്കരുതി ഇത്തരമൊരു തീരുമാനത്തിന് സെലക്റ്റര്‍മാര്‍ തയാറാകണമെന്നും ഗാംഗുലി പറഞ്ഞു. 2019 വരെ നായകസ്ഥാനത്തു തുടരുമെന്ന ധോണിയുടെ നേരത്തെയുള്ള പ്രസ്താവനയ്‌ക്കു പിന്നാലെയാണ് ഗാംഗലിയുടെ അഭിപ്രായപ്രകടനം.
2019ലെ ഏകദിന ലോകകപ്പില്‍ ഇന്ത്യയെ ആരു നയിക്കണമെന്നുള്ള തീരുമാനം വേഗത്തിലുണ്ടാകണം. ലോകകപ്പിലും ധോണി തന്നെയാണോ നായകനെന്നു സെലക്റ്റര്‍മാര്‍ ഉദ്ദേശിക്കുന്നത്. എല്ലാ ടീമുകളും ഭാവിയെ മുന്നില്‍ക്കണ്ടാണ് നായകനെ തീരുമാനിക്കുന്നത്. ലോകകപ്പ് വരെ ഇന്ത്യയെ നയിക്കാന്‍ ധോണി പ്രാപ്തനാണോയെന്നത് പ്രധാന ചോദ്യമെന്നും ഗാംഗുലി പറഞ്ഞു.
അതേസമയം, ധോണി അന്താരാഷ്‌ട്ര കരിയര്‍ അവസാനിപ്പിക്കേണ്ട ആവശ്യമില്ലെന്നും ഗാംഗുലി വ്യക്തമാക്കി. ടി20യില്‍ ധോണിയെ ആവശ്യമുണ്ട്. കഴിഞ്ഞ 9 വര്‍ഷമായി ഇന്ത്യയെ ധോണിയാണ് നയിക്കുന്നത്. നായകനെന്ന നിലയിലും താരമെന്ന നിലയിലും വിരാട് ഒരു പ്രതിഭാസമെന്നും ഗാംഗുലി അഭിപ്രായപ്പെട്ടു. ഫീല്‍ഡില്‍ വിരാടിന്റെ സമീപനം ഏറെ മികച്ചതെന്നും ഗാംഗുലി.
















