ലണ്ടന്‍: ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ രണ്ടാം സ്ഥാനത്തുള്ള ടോട്ടനത്തിന് അപ്രതീക്ഷിത തിരിച്ചടി. 37-ാം റൗണ്ട് മത്സരത്തില്‍ സതാംപ്ടനാണ് ടോട്ടനത്തിന് അപ്രതീക്ഷിത തോല്‍വി സമ്മാനിച്ചത്. ചരിത്രത്തിലാദ്യമായി പ്രീമിയര്‍ ലീഗില്‍ ലീസസ്റ്റര്‍ കിരീടം ചൂടിയ സീസണില്‍ ടോട്ടനം രണ്ടാമത്. 37 കളികളില്‍ നിന്ന് 70 പോയിന്റ്. ഞായറാഴ്ച നടക്കുന്ന അവസാന എവേ മത്സരത്തില്‍ ടോട്ടനത്തിന് എതിരാളികള്‍ ന്യൂകാസില്‍ യുണൈറ്റഡ്. രണ്ടാം സ്ഥാനം നിലനിര്‍ത്തണമെങ്കില്‍ ഈ മത്സരത്തില്‍ വിജയിച്ചേ തീരൂ.
സതാംപ്ടനെതിരെ ഒരു ഗോളിന്റെ ലീഡ് നേടിയശേഷമാണ് ടോട്ടനം കീഴടങ്ങിയത്. 16-ാം മിനിറ്റില്‍ സണ്‍ ഹ്യൂങ് മിന്‍ അവരെ മുന്നിലെത്തിച്ചു. എന്നാല്‍ 31, 72 മിനിറ്റുകളില്‍ സ്റ്റീവന്‍ ഡേവിസ് ലക്ഷ്യം കണ്ടതോടെ വിജയം സതാംപ്ടണൊപ്പം നിന്നു.
മറ്റൊരു സൂപ്പര്‍ പോരാട്ടത്തില്‍ ആഴ്‌സണല്‍ മാഞ്ചസ്റ്റര്‍ സിറ്റിയെ സമനിലയില്‍ തളച്ചപ്പോള്‍ ലിവര്‍പൂള്‍ മറുപടിയില്ലാത്ത രണ്ട് ഗോളുകള്‍ക്ക് വാറ്റ്‌ഫോര്‍ഡിനെ കീഴടക്കി. 68 പോയിന്റുമായി ആഴ്‌സണല്‍ മൂന്നാമതും 65 പോയിന്റുമായി മാഞ്ചസ്റ്റര്‍സിറ്റി നാലാമതും. 36കളികളില്‍ നിന്ന് 63 പോയിന്റുള്ള യുണൈറ്റഡ് അഞ്ചാമത്. ഇന്ന് വെസ്റ്റ് ഹാമിനെ നേരിടുന്ന യുണൈറ്റഡ് വിജയിച്ചാല്‍ സിറ്റിയെ പിന്തള്ളി നാലാം സ്ഥാനത്തേക്ക് ഉയരുന്നതിനൊപ്പം ചാമ്പ്യന്‍സ് ലീഗ് പ്രതീക്ഷയും ഏറെക്കുറെ ഉറപ്പിക്കാം.
ആന്‍ഫീല്‍ഡില്‍ നടന്ന പോരാട്ടത്തില്‍ ജോ അല്ലന്‍ (35), റോബര്‍ട്ടോ ഫിര്‍മിനോ (76) എന്നിവര്‍ നേടിയ ഗോളുകളുടെ കരുത്തിലാണ് ലിവര്‍പൂള്‍ വാറ്റ്‌ഫോര്‍ഡിനെ കീഴടക്കിയത്. 36 കൡകളില്‍ നിന്ന് 58 പോയിന്റുമായി ലിവര്‍പൂള്‍ എട്ടാമത്.
എത്തിഹാദ് സ്‌റ്റേഡിയത്തില്‍ നടന്ന സൂപ്പര്‍ ക്ലാസ്സിക്ക് പോരാട്ടത്തില്‍ രണ്ട് ഗോളുകള്‍ വീതം നേടിയാണ് മാഞ്ചസ്റ്റര്‍ സിറ്റിയും ആഴ്‌സണലും സമനിലയില്‍ പിരിഞ്ഞത്. സിറ്റിക്ക് വേണ്ടി എട്ടാം മിനിറ്റില്‍ സെര്‍ജിയോ അഗ്യൂറോയും 51-ാം മിനിറ്റില്‍ കെവിന്‍ ഡി ബ്രൂയനും ലക്ഷ്യം കണ്ടപ്പോള്‍ ഗണ്ണേഴ്‌സിന് േവണ്ടി 10-ാം മിനിറ്റില്‍ ഒളിവര്‍ ഗിറൗഡും 68-ാം മിനിറ്റില്‍ ചിലിയന്‍ സൂപ്പര്‍താരം അലക്‌സി സാഞ്ചസും നിറയൊഴിച്ചു. എന്നാല്‍ സമനില പാലിക്കേണ്ടിവന്നത് സിറ്റിയുടെ ചാമ്പ്യന്‍സ് ലീഗ് മോഹങ്ങള്‍ക്ക് കനത്ത തിരിച്ചടിയാണ് സമ്മാനിച്ചത്. നിലവിലെ നാലാം സ്ഥാനം നിലനിര്‍ത്തണമെങ്കില്‍ അടുത്ത മത്സരത്തില്‍ സിറ്റി ജയിച്ചാല്‍ മാത്രം പോരാ, യുണൈറ്റഡ് ബാക്കിയുള്ള രണ്ട് മത്സരങ്ങളിലും സമനിലയില്‍ കുടുങ്ങുകയോ പരാജയപ്പെടുകയോ വേണം.
















