ന്യൂദല്‍ഹി: പോയിന്റ് പട്ടികയില്‍ ഒന്നാമതെത്താമെന്ന ദല്‍ഹി ഡെയര്‍ ഡെവിള്‍സിന്റെ സ്വപ്‌നങ്ങളെ തകര്‍ത്ത് പരാജയത്തില്‍ നിന്ന് പരാജയത്തിലേക്ക് വീഴുകയായിരുന്ന റൈസിങ് പൂനെ സൂപ്പര്‍ ജയന്റ്‌സിന് ആശ്വാസവിജയം. ഏഴ് വിക്കറ്റിനാണ് പൂനെ ഡെയര്‍ ഡെവിള്‍സിനെ തകര്‍ത്തത്. ആദ്യം ബാറ്റ് ചെയ്ത ദല്‍ഹി 20 ഓവറില്‍ 7 വിക്കറ്റ് നഷ്ടത്തില്‍ 162 റണ്‍സെടുത്തു.
മറുപടി ബാറ്റിങ്ങിനിറങ്ങിയ ധോണിയുടെ പൂനെ അഞ്ച് പന്തുകളും ഏഴ് വിക്കറ്റുകളും ബാക്കിനിര്‍ത്തി 166 റണ്‍സെടുത്ത വിജയം സ്വന്തമാക്കി. പരിക്കേറ്റ സഹീര്‍ ഖാനു പകരം ജെ.പി. ഡുമിനിയാണ് ഡെയര്‍ ഡെവിള്‍സിനെ നയിച്ചത്.
48 പന്തില്‍ നിന്ന് ഏഴ് ബൗണ്ടറികളോടെ പുറത്താകാതെ 63 റണ്‍സെടുത്ത ഓപ്പണര്‍ അജിന്‍ക്യ രഹാനെയാണ് പൂനെയുടെ ടോപ് സ്‌കോറര്‍. മറ്റൊരു ഓപ്പണറായ ഉസ്മാന്‍ കവാജ 27 പന്തില്‍ 30ഉം ക്യാപ്റ്റന്‍ ധോണി 20 പന്തില്‍ 27ഉം സൗരഭ് തിവാരി 18 പന്തില്‍ 21ഉം റണ്‍സെടുത്ത മികച്ച പ്രകടനം നടത്തിയതാണ് പൂനെക്ക് ഗുണകരമായത്. ഡെയര്‍ ഡെവിള്‍സിന് വേണ്ടി 34 റണ്‍സെടുത്ത ജെ.പി. ഡുമ്‌നി ടോപ് സ്‌കോറര്‍.
32 റണ്‍സെടുത്ത കരുണ്‍ നായരും 24 റണ്‍സെടുത്ത ബില്ലിങ്‌സും 20 റണ്‍സ് വീതം നേടിയ സഞ്ജു വി. സാംസണും കാര്‍ലോസ് ബ്രാത്ത്‌വെയ്റ്റും തരക്കേടില്ലാതെ ബാറ്റ് വീശിയതോടെയാണ് സ്‌കോര്‍ 162-ല്‍ എത്തിയത്.ചെറിയ ഗ്രൗണ്ടില്‍ അത്ര വലുതല്ലാത്ത ലക്ഷ്യം തേടിയിറങ്ങിയ പൂനെയ്‌ക്കു രഹാനെ-ഉസ്മാന്‍ കവാജ സഖ്യം മികച്ച തുടക്കമാണ് നല്കിയത്. ആദ്യ വിക്കറ്റില്‍ 59 റണ്‍സ് കൂട്ടിച്ചേര്‍ത്തിട്ടാണ് ഖവാജ മടങ്ങിയത്. ആദ്യ ഐപിഎല്‍ മത്സരത്തിനിറങ്ങിയ ഓസീസ് ഓപ്പണര്‍ 27 പന്തില്‍ 30 റണ്‍സെടുത്ത് തന്റെ റോള്‍ ഭംഗിയാക്കി. തുടര്‍ന്നെത്തിയവരെല്ലാം തങ്ങളുടെ റോള്‍ വൃത്തിയായി നിര്‍വഹിച്ചതോടെ പൂനെ അനായാസ വിജയത്തിലേക്ക് നീങ്ങുകയായിരുന്നു.
















