രാവണന് യുദ്ധക്കളത്തിലെത്തി തെരുതെെര അസ്ത്രപ്രയോഗം തുടങ്ങി. അസ്ത്രങ്ങളേറ്റ് വാനരന്മാര്‍ വശംകെട്ട് ശ്രീരാമപാദത്തില്‍ വീണ് അഭയം ചോദിച്ചു. രാമന്‍ പെട്ടെന്ന് വില്ലും ശരങ്ങളുമെടുത്ത് തയ്യാറായി. ആ സമയത്ത് ലക്ഷ്മണന്‍ രാവണനോടുപൊരുതാന്‍ അനുവാദം ചോദിച്ചു. ശ്രീരാമന്‍ രാവണന്റെ ശക്തിയെന്താണെന്ന് ഓര്‍മ്മിപ്പിക്കുന്നു. വൃത്രാരിയായ ദേവേന്ദ്രന്‍പോലും രാവണനോട് എതിരിട്ടു നില്‍ക്കാന്‍ സാധിക്കില്ല. രാവണന്‍ ശിവന്പ്രിയഭക്തനാണ്.
കൈയില്‍ ചന്ദ്രഹാസവുമുണ്ട്. ഇതെല്ലാം പരിഗണിച്ചുവേണം ഇവനോട് യുദ്ധം ചെയ്യാന്‍ എന്നുപറഞ്ഞു. അപ്പോള്‍ ലക്ഷ്മണന്‍ പിന്‍വാങ്ങി. ഈ സമയത്ത് മാരുതി മുന്നോട്ടു കുതിച്ച് രാവണന്റെ തേര്‍ത്തട്ടില്‍ കയറി. ഇടത്തുകൈ ഓങ്ങിക്കൊണ്ട് ”ദേവന്മാരെയും താപസന്മാരെയും സജ്ജനങ്ങളേയും ഉപദ്രവിച്ച നിനക്ക് വാനരകുലത്തില്‍ ആപത്തുവന്നിരിക്കുന്നു. നിന്നെ കൊല്ലാനെത്തിയിരിക്കുന്ന എന്നെ എതിര്‍ക്കാന്‍ നിനക്കു കഴിയുമോയെന്നു നോക്ക്. നിന്റെ പുത്രന്‍ അക്ഷകുമാരനെ ഞാനാണ് കൊന്നത്” എന്നുപറഞ്ഞുകൊണ്ട് ഒരടികൊടുത്തു. രാവണന്‍ വിറച്ചുകൊണ്ട് നിലത്തുവീണു. ഹനുമാനോട് ബഹുമാനം തോന്നി. ഇവിടെ വന്ന കപികളില്‍ നീ തന്നെ സമര്‍ത്ഥന്‍ എന്നുപറഞ്ഞു.
മാരുതിക്കും ബഹുമാനം തോന്നി. ”എന്റെ അടി കൊണ്ടാല്‍ മരിക്കാത്തവരില്ല. നീ മരിക്കാത്തതിനാല്‍ ഞാന്‍ ദുര്‍ബലന്‍ എന്നു വന്നിരിക്കുന്നു. ഇനി യുദ്ധം നാം തമ്മിലാകാം.” ഇതുകേട്ട് രാവണന്‍ മാരുതിക്ക് ഒരടികൊടുത്തു. മാരുതി നിലത്തുവീഴുകയും ചെയ്തു. ഈസമയത്ത് നീലന്‍ മുകളിലേക്ക് ചാടി രാവണന്റെ പത്തുതലയിലും വില്ലിലും കൊടിമരത്തിലും നൃത്തം വയ്‌ക്കാന്‍ തുടങ്ങി. രാവണന്‍ ആഗ്നേയാസ്ത്രം പ്രയോഗിച്ച് നീലനെ വീഴ്‌ത്തി. ഉടന്‍ ലക്ഷ്മണന്‍ അസ്ത്രപ്രയോഗത്താല്‍ രാവണന്റെ വില്‍മുറിച്ചു. രാവണന്‍ തനിക്കു വിവാഹസമ്മാനമായി മയന്‍ സമ്മാനിച്ചിരുന്ന ശക്തിയെന്ന വേല്‍ ലക്ഷ്മണനുനേരെ ചാണ്ടി. ലക്ഷ്മണന്‍ ബോധം കെട്ടുവീണു.
രാവണന്‍ തേരില്‍ നിന്നുചാടി ലക്ഷ്മണനെ ചെന്നെടുക്കാന്‍ നോക്കി. കൈലാസമെടുത്ത രാവണന് ലക്ഷ്മണ ശരീരം അനക്കാന്‍പോലും സാധിച്ചില്ല. ശ്രീരാമന്റെ ഗുരുത്വമെന്തെന്ന് രാവണന് മനസിലായി. അപ്പോഴേക്കും ഹനുമാന്‍ രാവണനെ ഒറ്റയടിക്കുവീഴ്‌ത്തിയിട്ട് ലക്ഷ്മണനെ പുഷ്പംപോലെയെടുത്ത് ശ്രീരാമന്റെ മുന്നില്‍ കൊണ്ടുവച്ചു. വേല്‍ തനിയെ ശരീരത്തില്‍ നിന്നിളകി തിരിച്ച് രാവണന്റെ കൈയിലെത്തുകയും ചെയ്തു. ലക്ഷ്മണന്‍ മോഹാലസ്യം തീര്‍ന്ന് എണീറ്റു.
ശ്രീരാമന്‍ രാവണനുമായി നേരിട്ട് യുദ്ധം ചെയ്യാന്‍ തയ്യാറായി. ഹനുമാന്‍ ശ്രീരാമനോടു പറഞ്ഞു: ” അവിടുന്ന് എന്റെ തോളില്‍ ഇരുന്നുകൊണ്ട് യുദ്ധം ചെയ്യണം.” ശ്രീരാമന്‍ മാരുതിയുടെ കഴുത്തില്‍ കയറിയിരിന്നുകൊണ്ട് രാവണനോടു പറഞ്ഞു ”നിന്നെ ഒന്നു അടുത്തുകാണാന്‍ ഞാന്‍ ആഗ്രഹിച്ചിരുന്നു. നിന്നെയും നിന്റെ കൂട്ടരെയും കൊന്ന് മൂന്നുലോകത്തെയും രക്ഷിക്കാനാണ് ഞാനെത്തിയത്.”
















