വിശാഖപട്ടണം: ആന്ധ്രാപ്രദേശിലെ വിശാഖപട്ടണം പ്രത്യേക സാമ്പത്തിക മേഖലയിലെ ബയോ ഡീസല്‍ പ്ലാന്റില്‍വന്‍ തീപ്പിടിത്തം. ഇവിടുത്തെ ബയോമാക്‌സ് എന്ന കമ്പനിയില്‍ രാവിലെ 7.30 ഓടെയാണ് തീപിടിത്തമുണ്ടായത്. 40ഓളം ഫയര്‍ എഞ്ചിനുകളുടേയും നേവി, പോര്‍ട് ട്രസ്റ്റ്, വിശാഖപട്ടണം സ്റ്റീല്‍ പ്ലാന്റ്് എന്നിവയുടേയും സംയുക്ത പങ്കാളിത്തത്തിലാണ് തീപിടുത്തമണച്ചത്.
ബയോമാക്‌സ് പ്ലാന്റിലുണ്ടായിരുന്ന 18 ടാങ്കുകളില്‍ 12നും തീപിടിച്ചിട്ടുണ്ട്. ടാങ്കുകളിലെല്ലാം എണ്ണയുള്ളതിനാല്‍ അത് മുഴുവന്‍ കത്തി തീര്‍ന്നതിനുശേഷമാണ് സ്ഥിതി നിയന്ത്രണവിധേയമാക്കാന്‍ സാധിച്ചത്. അതേസമയം, ആറ് ടാങ്കറുകള്‍ പൊട്ടിത്തെറിച്ചതായി ദൃക്‌സാക്ഷികള്‍ പറഞ്ഞു. പതിനഞ്ച് ജീവനക്കാരാണ് ഫാക്ടറിയിലുണ്ടായിരുന്നത്. എല്ലാവരും സുരക്ഷിതരാണ്.
ആളപായമോ ആര്‍ക്കും പരുക്കേറ്റതായോ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. എന്നാല്‍ തീപിടിത്തത്തിന്റെ കാരണമെന്താണ് അറിവായിട്ടില്ലെന്ന് ജില്ലാ കളക്ടര്‍ എന്‍. യുവരാജ് അറിയിച്ചു. ടാങ്കറുകളില്‍ എണ്ണയായതിനാല്‍ തീ ഒരെണ്ണത്തില്‍ നിന്നും മറ്റേതിലേക്ക്
വ്യാപിപ്പിച്ചുകൊണ്ടിരിക്കുകയായിരുന്നുവെന്ന് ജില്ലാ ഫയര്‍ ഓഫീസര്‍ ജെ. എം. റാവു അറിയിച്ചു.
ഇസ്‌റ്റേണ്‍ നേവല്‍ കമാന്‍ഡിന്റെ രണ്ട് എയര്‍ക്രാഫ്റ്റുകളുടേയും, ക്യുക് റിയാക്ഷന്‍ ടീമിന്റേയും സഹകരണത്തോടെയാണ് തീയണച്ചത്. കൂടാതെ അടിയന്തിര വൈദ്യ സഹായത്തിനായി ഐഎന്‍എച്ച്എസ് കല്യാണിയുടേയും സേവനം ലഭ്യമാക്കിയിരുന്നു.
















