ഹൈദരാബാദ്: വികലാംഗ പെന്‍ഷന് അപേക്ഷിച്ചിട്ട് നാളുകള്‍ കഴിഞ്ഞിട്ടും ലഭിക്കാത്തതിനെ തുടര്‍ന്ന് തെലങ്കാന സെക്രട്ടേറിയറ്റില്‍ 64 കാരന്‍ നാവ് മുറിച്ച് പ്രതിഷേധിച്ചു. മേദക്ക് ജില്ലയിലെ സുരാരം നിവാസി രാജുവാണ് നാവ് മുറിച്ചത്.
പെന്‍ഷന് വേണ്ടി തെലുങ്കാന സെക്രട്ടേറിയേറ്റില്‍ എത്തിയ വൃദ്ധന്‍ ഉദ്യോഗസ്ഥനുമായി വാക്കു തര്‍ക്കത്തില്‍ ഏര്‍പ്പെട്ടതിനെ തുടര്‍ന്നാണ് പുറത്ത് കടന്ന് ബ്ലേഡ് ഉപയോഗിച്ച് നാവ് മുറിച്ചത്. ഉടൻ തന്നെ ഇയാളെ അടുത്തുള്ള ആശുപത്രിയിൽ പ്രവേശിപ്പിച്ചു. നാക്കിലെ മുറിവ് ഗുരുതരമല്ലെന്നും അയാളുടെ അവസ്ഥ സാധാരണ നിലയിലാണെന്നും ഡോക്ടർമാർ വ്യക്തമാക്കി
ശരീരത്തില്‍ പൊള്ളല്‍ ഏറ്റതിനെ തുടര്‍ന്നാണ് ഇയാള്‍ വികലാംഗ പെന്‍ഷന് അപേക്ഷിച്ചത്. നാളുകള്‍ കഴിഞ്ഞിട്ടും പെന്‍ഷന്‍ അനുവദിച്ചിട്ടില്ല. നിരവധി തവണ താന്‍ ഉദ്യോഗസ്ഥരുടെ അടുത്ത് അന്വേഷിച്ചെന്നും വൃദ്ധന്‍ പറയുന്നു. സംഭവത്തില്‍ പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
















