ന്യൂദല്‍ഹി: കോഴ കൊടുത്തവര്‍ ശിക്ഷിക്കപ്പെട്ടപ്പോള്‍ കോഴ വാങ്ങിയവര്‍ രക്ഷപ്പെടാതിരിക്കാന്‍ സത്യം തുറന്നു പറയാന്‍ എ. കെ. ആന്റണി തയ്യാറാകണമെന്ന് ബിജെപി. വിവാദമായ അഗസ്ത വെസ്റ്റ്ലാന്റ് ഹെലിക്കോപ്റ്റര്‍ അഴിമതിക്കേസില്‍ കോണ്‍ഗ്രസ് അധ്യക്ഷ സോണിയാഗാന്ധിയുടെ പങ്ക് വെളിപ്പെടുന്ന സാഹചര്യത്തിലാണ് ഈ ആവശ്യം. ഇടപാടു നടക്കുമ്പോള്‍ പ്രതിരോധ മന്ത്രിയായിരുന്നു ആന്റണി. ഇറ്റാലിയന്‍ കോടതി ഈ കേസില്‍ ഭാരതത്തിലെ ഉദ്യോഗസ്ഥര്‍ക്കും രാഷ്ട്രീയക്കാര്‍ക്കും കോഴ നല്കിയ ഇറ്റാലിയന്‍ ഉദ്യോഗസ്ഥര്‍ക്കും ഇടനിലക്കാര്‍ക്കും ശിക്ഷ വിധിച്ചിരുന്നു. ഈ വിഷയത്തില്‍ പാര്‍ലമെന്റിനകത്തും പുറത്തും ശക്തമായ നടപടികള്‍ക്കാണ് പാര്‍ട്ടി തീരുമാനം.
അതിനിടെ, കേസുമായി ബന്ധപ്പെട്ട് ഇറ്റലിയിലെ മിലാന് കോടതി വിധിയിലും ഇടനിലക്കാരന്റെ കത്തുകളിലും ഹെലികോപ്റ്റര്‍ ഇടപാട് സംബന്ധിച്ച അന്തിമ തീരുമാനം സോണിയാഗാന്ധിയാണ് എടുത്തതെന്ന് വ്യക്തമാക്കുന്നു. പാര്‍ലമെന്റില്‍ ഇന്ന് മുതല്‍ കൂടുതല്‍ ശക്തമായി വിഷയം ഉന്നയിക്കാനാണ് ബിജെപി-എന്ഡിഎതീരുമാനം. ഇടപാട് സംബന്ധിച്ച് ബിജെപി എംപി മീനാക്ഷി ലേഖി ഇന്നലെ ലോക്സഭയില്‍ വിഷയം ഉന്നയിച്ചു.
ഹെലിക്കോപ്റ്റര്‍ ഇടപാടിനു പിന്നില്‍ പ്രവര്‍ത്തിച്ച കോണ്‍ഗ്രസ് നേതാക്കളുടെ പേരുകള്‍ വെളിപ്പെടുത്താന്‍ മുന്‍ പ്രതിരോധമന്ത്രി എ.കെ. ആന്റണി തയ്യാറാകണമെന്ന് ബിജെപിയും കേന്ദ്രസര്‍ക്കാരും ആവശ്യപ്പെട്ടിട്ടുണ്ട്. പുറത്തുവന്ന വിവരങ്ങളെപ്പറ്റി സോണിയാഗാന്ധി വിശദീകരണം നല്‍കണമെന്നും ബിജെപി ആവശ്യപ്പെട്ടു. ഹെലിക്കോപ്റ്റര്‍ ഇടപാടിന് കോഴ നല്‍കിയവരെ ഇറ്റാലിയന്‍ കോടതി ശിക്ഷിച്ച സാഹചര്യത്തില്‍ കോഴ വാങ്ങിയവരുടെ വിവരങ്ങള്‍ പുറത്തു വരേണ്ടതുണ്ടെന്ന് ബിജെപി ദേശീയ നേതൃത്വം പ്രതികരിച്ചു.
സോണിയാഗാന്ധിയുടെ സര്‍ക്കാര്‍ അഴിമതിയുടെ രാജാക്കന്മാരായിരുന്നെന്ന് പുറത്തുവന്ന വിവരങ്ങള്‍ വ്യക്തമാക്കുന്നുണ്ടെന്ന് കേന്ദ്രമന്ത്രി രവിശങ്കര്‍ പ്രസാദ് പറഞ്ഞു. കോടതി തന്നെ സോണിയാഗാന്ധിയുടെ പേര് പരാമര്‍ശിക്കുന്ന സാഹചര്യത്തില്‍ അവര്‍ സത്യം പറയണം. ഇടപാടില്‍ അഴിമതി നടന്നിട്ടുണ്ടെന്ന് 2013 മാര്‍ച്ചില്‍ ആന്റണി സമ്മതിച്ചതാണ്. അതിനാല്‍ ആരൊക്കെ കോഴ വാങ്ങിയിട്ടുണ്ടെന്ന് ആന്റണി വെളിപ്പെടുത്തണം, രവിശങ്കര്‍ പ്രസാദ് പറഞ്ഞു.
കോഴ നല്കിയവര് നടപടികള്‍ക്ക് വിധേയമായിട്ടും കോഴ വാങ്ങിയവര്‍ക്കെതിരെ നടപടി ഇല്ലാത്ത സാഹചര്യമുണ്ടായിരിക്കുകയാണ്. കോണ്‍ഗ്രസിന്റെ നേതാക്കള്‍ ഹെലികോപ്റ്റര്‍ ഇടപാടില്‍ കോഴ വാങ്ങിയിട്ടുണ്ടോ ഇല്ലയോ എന്ന് വെളിപ്പെടുത്തണം. ഹെലികോപ്റ്റര്‍ ഇടപാടില്‍ നടന്നത് വെറുമൊരു അഴിമതിക്കേസ് മാത്രമായി കാണില്ലെന്നും യുപിഎ ഒന്നും യുപിഎ രണ്ടും അഴിമതിയുടെ പര്യായപദങ്ങളാണെന്ന് ഒരിക്കല്‍ കൂടി വ്യക്തമായെന്നും രവിശങ്കര്‍ പ്രസാദ് പറഞ്ഞു.
10-15 മില്യണ്‍ ഡോളറെങ്കിലും ഭാരതത്തിലെ വിവിധ ഉദ്യോഗസ്ഥര്‍ക്ക് ഹെലികോപ്റ്റര്‍ ഇടപാടില്‍ ലഭിച്ചതായാണ് വിവരമെന്ന് കേന്ദ്രസര്‍ക്കാര്‍ പറയുന്നു. മുന്‍ വ്യോമസേനാ മേധാവി എസ്.പി. ത്യാഗി അടക്കമുള്ളവരാണ് കേസിലെ പ്രതികള്‍. യുപിഎ സര്‍ക്കാര്‍ പ്രഖ്യാപിച്ച സിബിഐ അന്വേഷണം എങ്ങുമെത്താതെ മരവിപ്പിച്ചു നിര്‍ത്തിയിരുന്നതായും കേന്ദ്രസര്‍ക്കാര്‍ ആരോപിക്കുന്നുണ്ട്.
2010ലെ 3,600 കോടി രൂപയുടെ ഹെലിക്കോപ്റ്റര്‍ ഇടപാട് അഴിമതി നടന്നെന്ന് വ്യക്തമായതിനെ തുടര്‍ന്ന് പ്രതിരോധമന്ത്രി എ.കെ. ആന്റണി റദ്ദാക്കിയിരുന്നു. എന്നാല്‍ ഇതുസംബന്ധിച്ച് ഇറ്റാലിയന്‍ കോടതിയില്‍ നടന്ന കേസില്‍ ഭാരതത്തിലെ ഉദ്യോഗസ്ഥര്‍ക്കും രാഷ്ട്രീയക്കാര്‍ക്കും കോഴ നല്കിയ ഇറ്റാലിയന്‍ ഉദ്യോഗസ്ഥര്‍ക്കും ഇടനിലക്കാര്‍ക്കും കഴിഞ്ഞ ദിവസം കോടതിയുടെ ശിക്ഷ ലഭിച്ചിരുന്നു. കോടതി വിധിയില്‍ സോണിയാഗാന്ധി, മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍സിങ്, ഓസ്കാര്‍ ഫെര്‍ണാണ്ടസ് തുടങ്ങിയവരുടെ പേരുകളുണ്ട്. ഇടനിലക്കാരന്റെ കത്തുകളില്‍ സോണിയയുടേയും മറ്റും പേരുകളുള്ളതും ഇറ്റാലിയന്‍ കോടതി ചൂണ്ടിക്കാട്ടിയിരുന്നു. ഇതാണിപ്പോള്‍ വിവാദമായി മാറിയിരിക്കുന്നത്.
തിരുവനന്തപുരം: ഇറ്റാലിയന്‍ കോടതി പുറപ്പെടുവിച്ച ഹെലിക്കോപ്ടര്‍ അഴിമതി കേസിലെ സുപ്രധാന വിധിന്യായം യുപിഎ സര്‍ക്കാരിന്റെ കാലത്ത് നടന്ന വലിയ അഴിമതിയുടെ ചുരുളഴിയിക്കുന്നതാണെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന് വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
സത്യത്തിന്റെയും ധര്‍മ്മത്തിന്റെയും അപ്പൊസ്തലനായി കോണ്‍ഗ്രസുകാര്‍ പുകഴ്ത്തുന്ന ഏ. കെ. ആന്റണി പ്രതിരോധ മന്ത്രിയായിരുന്ന കാലഘട്ടത്തിലാണ് അഴിമതി നടന്നിരിക്കുന്നത്. ഈ അഴിമതിയുടെ ഉത്തരവാദിത്വത്തില്‍ നിന്ന് ആന്റണിക്ക് ഒഴിഞ്ഞുമാറാന്‍ കഴിയില്ല. ആര്‍ക്കൊക്കെ എന്തൊക്കെ പ്രതിഫലം കിട്ടി എന്ന് ആന്റണി വ്യക്തമാക്കണം.
ഇറ്റാലിയന്‍ കോടതിയുടെ ഈ വിധിന്യായത്തില്‍ പലയിടത്തും മന്മോഹന് സിങ്, സോണിയ ഗാന്ധി, ഓസ്കാര്‍ ഫെര്‍ണാണ്ടസ്, അഹമ്മദ് പട്ടേല്‍, അന്നത്തെ സുരക്ഷാ ഉപദേഷ്ടാവ് എം. കെ. നാരായണന് എന്നിവരുടെയൊക്കെ പേര് പരാമര്‍ശിച്ചിട്ടുണ്ട്. 125 കോടി കമ്മീഷന് ഇനത്തില്‍ മാറ്റിവച്ചതായി കമ്പനി വ്യക്തമാക്കിയിട്ടുണ്ട്. അത് ആര്‍ക്കെല്ലാം എത്രവീതം നല്‍കണം എന്ന് പറയുന്ന കുറിപ്പും കോടതിക്ക് ലഭിച്ചു. കേരളത്തില്‍ തെരഞ്ഞെടുപ്പ് പ്രചാരണത്തിനു എത്തുന്ന ഏ.കെ ആന്റണി ഇതു സംബന്ധിച്ച് വിശദീകരണം നല്‍കണമെന്നും കുമ്മനം പറഞ്ഞു.
കോണ്‍ഗ്രസ് സിപിഎം സഖ്യം രഹസ്യബാന്ധവമല്ല അത് പരസ്യമാണ്.
ബംഗാളില്‍ ഒരുമിച്ച് വേദിപങ്കിട്ട ശേഷം ഒരു വിമാനത്തില്‍ക്കയറി തിരുവനന്തപുരത്ത് എത്തിയാല്‍ ശത്രുക്കളാകില്ല. ജാനുവിന്റെ പാര്‍ട്ടിയുടെ എന്‍ഡിഎ പ്രവേശനം രണ്ടു ദിവസത്തിനകം ഉണ്ടാകുമെന്നും കുമ്മനം പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: