കണ്ണൂര്‍: എന്നും ഇടതുപക്ഷത്തോടൊപ്പം നിന്നിട്ടുളള പയ്യന്നൂരില്‍ ഇക്കുറി സ്ഥിതിഗതികള്‍ പ്രവചനാതീതമാണ്. കാരണം മറ്റൊന്നുമല്ല, സ്ഥാനാര്‍ത്ഥി നിര്‍ണ്ണയം തൊട്ട് എല്‍ഡിഎഫിലെ പ്രബല കക്ഷിയായ സിപിഎമ്മില്‍ ഉയര്‍ന്ന മുറുമുറുപ്പുകളാണ് മണ്ഡലത്തില്‍ ആദ്യഘട്ടം തൊട്ടേ പ്രധാനചര്‍ച്ച. സിറ്റിംഗ് എംഎല്‍എയെ മാറ്റണമെന്നും പകരം പയ്യന്നൂര്‍ ഏരിയാ സെക്രട്ടറി സ്ഥാനാര്‍ത്ഥിയാക്കണമെന്നും ഏരിയാ കമ്മിറ്റിതന്നെ ആവശ്യപ്പെടുകയായിരുന്നു. എന്നാല്‍ സിപിഎം സംസ്ഥാന-ജില്ലാ സെക്രട്ടറിയേറ്റുകള്‍ സിറ്റിംഗ് എംഎല്‍എ സിഐടിയു നേതാവു കൂടിയായ സി.കൃഷ്ണനു പിന്നില്‍ ഉറച്ചു നില്‍ക്കുകയും അദ്ദേഹത്തെ തന്നെ സ്ഥാനാര്‍ത്ഥിയായി പ്രഖ്യാപിക്കുകയുമായിരുന്നു. ഇത് തെരഞ്ഞെടുപ്പില്‍ പാര്‍ട്ടിയെ ഏതുതരത്തില്‍ ബാധിക്കുമെന്ന ആശങ്ക പാര്‍ട്ടി നേതൃത്വത്തിനകത്ത് ഇപ്പോഴും നിലനില്‍ക്കുകയാണ്. യുഡിഎഫിലാവട്ടെ കോണ്‍ഗ്രസിനു വേണ്ടി നീക്കിവെച്ച മണ്ഡലത്തില്‍ പരാജയം ഉറപ്പാണെന്നതിനാല്‍ മത്സരിക്കാന്‍ പോലും ആളെക്കിട്ടാത്ത അവസ്ഥയാണ്. അതുകൊണ്ടുതന്നെ ഇതുവരെ യുഡിഎഫിന്റെ സ്ഥാനാര്‍ത്ഥിയെ പ്രഖ്യാപിച്ചിട്ടു പോലുമില്ല. അതേസമയം ഇടത്-വലത് മുന്നണികള്‍ക്ക് ശക്തമായ വെല്ലുവിളിയുയര്‍ത്തിക്കൊണ്ട് മഹിളാമോര്‍ച്ച കണ്ണൂര്‍ ജില്ലാ പ്രസിഡണ്ടായ ആനിയമ്മ രാജേന്ദ്രനേയാണ് ബിജെപി പയ്യന്നൂര്‍ മണ്ഡലത്തില്‍ പോരാട്ടത്തിനിറക്കിയിരിക്കുന്നത്. മികച്ച പ്രാസംഗിക കൂടിയായ ടീച്ചര്‍ വര്‍ഷങ്ങളായി ബിജെപിയുടേയും മഹിളാമോര്‍ച്ചയുടേയും വിവിധ ഭാരവാഹിത്വങ്ങള്‍ വഹിച്ചിട്ടുളളതിനാല്‍ തന്നെ കണ്ണൂരുകാര്‍ക്ക് സുപരിചതയാണ്. ടീച്ചറുടെ സ്ഥാനാര്‍ത്ഥിത്വത്തിലൂടെ പയ്യന്നൂരില്‍ ഇക്കുറി ബിജെപിയുടെ ശക്തമായ സാന്നിധ്യം തെളിയിക്കാന്‍ സാധിക്കുമെന്ന ഉറച്ച വിശ്വാസത്തിലാണ് ബിജെപി നേതൃത്വം. കരുവഞ്ചാല്‍ ലിറ്റില്‍ ഫഌവര്‍ സ്‌ക്കൂള്‍ മലയാളം അധ്യാപികയാണ്. ബിജെപി മുന്‍ ഇരിക്കൂര്‍ നിയോജക മണ്ഡലം പ്രസിഡണ്ടും ജില്ലാ സെക്രട്ടറിയുമായിരുന്ന കെ.ആര്‍.രാജേന്ദ്രനാണ് ഭര്‍ത്താവ്. അമൃത, എംസിജെ വിദ്യാര്‍ത്ഥിയായ അജ്ഞലി, അതുല്യ എന്നിവര്‍ മക്കളാണ്. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ ഇരിക്കൂറില്‍ നിന്നും ബിജെപിക്കു വേണ്ടി ജനവിധി തേടിയിരുന്നു.
പയ്യന്നൂര്‍ മണ്ഡലത്തില്‍ വികസന പിന്നാക്കാവസ്ഥയുണ്ടെന്നും നിലവിലെ എംഎല്‍എ യാണ് അതിനു കാരണക്കാരനെന്നും സിപിഎം കീഴ്‌ക്കമ്മറ്റികള്‍ തന്നെ ആരോപണമുന്നയിച്ചത് കണ്ണൂരിലെ സിപിഎം നേതൃത്വത്തെ ആദ്യഘട്ടത്തില്‍ത്തന്നെ വെട്ടിലാക്കിയിരുന്നു. സംസ്ഥാനത്തു തന്നെ സിപിഎമ്മിന്റെ ഏറ്റവും ശക്തമായ കോട്ടകളിലൊന്നെന്ന് പാര്‍ട്ടി അവകാശപ്പെടുന്ന പയ്യന്നൂരില്‍ രാഷ്‌ട്രീയ എതിരാളികള്‍ പോലും പ്രതീക്ഷിക്കാത്ത സംഭവങ്ങളാണ് സ്ഥാനാര്‍ത്ഥി നിര്‍ണ്ണയവുമായി ബന്ധപ്പെട്ട് നടന്നത്.
എന്നാല്‍ തികഞ്ഞ പരാജയമായ സി.കൃഷ്ണനെ ഇനിയും അംഗീകരിക്കാനാകില്ലെന്നായിരുന്നു മണ്ഡലത്തിലെ പാര്‍ട്ടി കീഴ്കമ്മറ്റികളുടെ നിലപാട്. സംസ്ഥാന കമ്മറ്റി സ്ഥാനാര്‍ഥിയായി നിര്‍ദേശിച്ച സി.കൃഷ്ണനെ മാറ്റണമെന്ന് സിപിഎം മണ്ഡലം കമ്മറ്റിയില്‍ ഭൂരിഭാഗവും ആവശ്യമുന്നയിച്ചു.കഴിഞ്ഞ തവണ എല്‍ഡിഎഫിന് മുപ്പത്തിരണ്ടായിരത്തിലധികം വോട്ടുകളുടെ ഭൂരിപക്ഷം നേടിക്കൊടുത്ത മണ്ഡലത്തിലാണ് ഈ സ്ഥിതിയുണ്ടായത്. പയ്യന്നൂര്‍ ഏരിയാസെക്രട്ടറി ടി.ഐ.മധുസൂധനന്റെ പേരാണ് കൃഷ്ണനു പകരം മണ്ഡലത്തില്‍ ഉയര്‍ന്നത്. ചര്‍ച്ചകള്‍ പരിധിവിട്ട സാഹചര്യത്തില്‍ മധുസൂദനനെ പരിഗണിക്കാതെ മൂന്നാമതൊരാള്‍ പയ്യന്നൂരില്‍ സിപിഎം സ്ഥാനാര്‍ഥിയായേക്കുമെന്ന ഘട്ടം പോലും വന്നിരുന്നു.
സിപിഎമ്മിനകത്തെ സ്ഥാനാര്‍ത്ഥി നിര്‍ണ്ണയവുമായി ബന്ധപ്പെട്ട വിവാദങ്ങളും ദേശീയ-സംസ്ഥാന തലത്തില്‍ പാര്‍ട്ടിക്കുണ്ടായി കൊണ്ടിരിക്കുന്ന മുന്നേറ്റവും സിപിഎമ്മില്‍ നിന്നും കഴിഞ്ഞ കുറേനാളുകളായി മണ്ഡലത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നും പാര്‍ട്ടിയിലേക്കുളള ഒഴുക്കും വോട്ടാക്കി മാറ്റാനാകുമെന്ന കണക്കുകൂട്ടലിലാണ് ബിജെപി. പയ്യന്നൂര്‍ നഗരസഭയും എരമം-കുറ്റൂര്‍, കാങ്കോല്‍-ആലപ്പടമ്പ്, കരിവെള്ളൂര്‍-പെരളം, പെരിങ്ങോം-വയക്കര, ചെറുപുഴ, രാമന്തളി പഞ്ചായത്തുകളും ചേര്‍ന്നതാണ് പയ്യന്നൂര്‍ മണ്ഡലം. ഇതില്‍ ചെറുപുഴ പഞ്ചായത്ത് മാത്രമാണ് യുഡിഎഫ് ഭരിക്കുന്നത്. കോണ്‍ഗ്രസിലെ ബ്രിജേഷ് കുമാറാണ് കഴിഞ്ഞ തവണ സി.കൃഷ്ണനെ നേരിട്ടത്. ബിജെപി സ്ഥാനാര്‍ഥിയായി മത്സരിച്ച രമേശന്‍ മാസ്റ്റര്‍ക്ക് 5019 വോട്ടുകളായിരുന്നു ലഭിച്ചിരുന്നത്. എന്നാല്‍ കഴിഞ്ഞ തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പില്‍ മുഴുവന്‍ വാര്‍ഡുകളിലും മത്സരിക്കാതിരുന്നിട്ടും ബിജെപിക്ക് മണ്ഡലത്തില്‍ 10,500 വോട്ടുകള്‍ ലഭിച്ചിരുന്നു. സ്ഥാനാര്‍ഥി വിവാദത്തിന്റെ പശ്ചാത്തലത്തില്‍ സിപിഎം മണ്ഡലത്തില്‍ തെരഞ്ഞെടുപ്പുരംഗത്ത് കടുത്ത പ്രതിസന്ധിയാണ് നേരിടുന്നത്. സംസ്ഥാനത്തെ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥികളുടെ പട്ടിക കഴിഞ്ഞ ദിവസം പുറത്തുവന്നെങ്കിലും പയ്യന്നൂരിലെ സ്ഥാനാര്‍ത്ഥിയെ പ്രഖ്യാപിച്ചിട്ടില്ല. ബിജെപിയാവട്ടെ കഴിഞ്ഞ തെരഞ്ഞെടുപ്പുകളില്‍ ക്രമാതീതമായി വര്‍ദ്ധിച്ചു കൊണ്ടിരിക്കുന്ന വോട്ട് പുതിയ സാഹചര്യത്തില്‍ വര്‍ദ്ധിപ്പിക്കാനും മണ്ഡലത്തില്‍ ഉജ്ജ്വല മുന്നേറ്റം നടത്താനും സാധിക്കുമെന്ന ഉറച്ച വിശ്വാസത്തിലാണ്.
















