ഇരിട്ടി: കടുത്ത വരള്‍ച്ചയില്‍ മലയോരത്തെ പുഴകളും തോടുകളും മറ്റു ജലാശയങ്ങളും വറ്റി വരണ്ടു ദാഹജലത്തിനായി ജനങ്ങള്‍ നെട്ടോട്ടമോടുമ്പോള്‍ വറ്റി വരണ്ട നീര്‍ചോലകളിലെയും പുഴകളിലെയും ഒഴുക്ക് നിലച്ച വെള്ളക്കെട്ടുകളില്‍ വിഷം കലക്കി മീന്‍ പിടിക്കുന്ന സംഘങ്ങള്‍ സജീവമാകുന്നു. ഇത്തരം ജലാശയങ്ങളില്‍ വിഷം കലക്കുന്നത് അവശേഷിക്കുന്ന മത്സ്യ സമ്പത്തിനും മറ്റു ജീവജാലങ്ങള്‍ക്കും നാശം വിതക്കുകയാണ്. ഈ ജലാശയത്തെ ആശ്രയിക്കുന്ന ജനങ്ങള്‍ക്കും ഇത് ഹാനികരമായി തീരുന്നു.
കഴിഞ്ഞദിവസം അയ്യന്‍കുന്ന് പഞ്ചായത്തിലെ ഈന്തുംകരി കോളനിക്ക് സമീപത്തെ കുണ്ടൂര്‍ പുഴയില്‍ ഈവിധം മീന്‍പിടിക്കാനായി വിഷം കലക്കിയത് മൂലം നൂറുകണക്കിന് മത്സ്യങ്ങളാണ് കുഞ്ഞുങ്ങളടക്കം ചത്തു പൊങ്ങിയത്. ഈ പ്രദേശത്തുകാര്‍ വിവരമറിയിച്ചതിനെ തുടര്‍ന്ന് കരിക്കോട്ടക്കരി പ്രാഥമികാരോഗ്യ കേന്ദ്രത്തില്‍ നിന്നും ആരോഗ്യ പ്രവര്‍ത്തകര്‍ സ്ഥലം സന്ദര്‍ശിച്ചു. കര്‍ണ്ണാടക വനത്തില്‍ നിന്നും ആരംഭിച്ച് വള്ളിത്തോട് ബാരാപ്പുഴയില്‍ എത്തിച്ചേരുന്ന ഈ നീര്‍ചോലയിലെ ജലം കുളിക്കാനും, അലക്കാനും മറ്റും ഉപയോഗിക്കുന്നവര്‍ നിരവധിയാണ്. തുരിശുപോലുള്ള രാസ വസ്തുക്കളാണ് പുഴയില്‍ കലര്‍ത്തിയതെന്നാണ് സംശയിക്കുന്നത്. പുഴയില്‍ വിഷം കലര്‍ത്തിയവര്‍ക്കെതിരെ പോലീസില്‍ പരാതി നല്‍കുമെന്നും ഇവര്‍ക്കെതിരെ കര്‍ശന നടപടികള്‍ സ്വീകരിക്കുമെന്നും അയ്യന്‍കുന്ന് ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. ഷീജ സബാസ്റ്റ്യനും അറിയിച്ചു.
















