അമൃതസര്‍: പത്താന്‍കോട് വ്യോമസേനാത്താവളത്തിലെ ഭീകരാക്രമണം അന്വേഷിക്കുന്ന പാക് സംഘം പത്താന്‍കോട്ടെത്തി. അഞ്ചംഗ സംയുക്ത അന്വേഷണ സംഘം, താവളത്തിന്റെ പിന്‍ഭാഗത്ത് പ്രത്യേകം തയ്യാറാക്കിയ ഗേറ്റ് വഴിയാണ് അകത്തു കടന്നത്. പാക് ഭീകരസംഘടനകള്‍ നടത്തിയ ആക്രമണം അന്വേഷിക്കാന്‍ പാക് അന്വേഷണ സംഘം ഭാരതത്തില്‍ എത്തുന്നത് ചരിത്രത്തില്‍ ഇതാദ്യമാണ്.
പാക് സംഘം അന്വേഷണത്തിന് എത്തുന്നതിനെതിരെ കോണ്‍ഗ്രസും ആംആദ്മി പാര്‍ട്ടിക്കാരും പ്രതിഷേധം നടത്തുന്നതിനിടെയാണ് സംഘം വിമാനത്താവളത്തില്‍ കടന്നത്. ഏഴ് സൈനികര്‍ കൊല്ലപ്പെട്ട ഭീകരാക്രമണത്തില്‍ പാക് ഭീകരര്‍ക്കുള്ള പങ്ക് അന്വേഷിക്കാനാണ് സംഘം എത്തിയിരിക്കുന്നത്.
താവളത്തില്‍ എല്ലായിടത്തും സംഘത്തിന് പ്രവേശനമില്ല. നുഴഞ്ഞുകയറിയ ഭാഗങ്ങളും , അതിര്‍ത്തി മുതല്‍ വിമാനത്താവളം വരെ ഭീകരര്‍ സഞ്ചരിച്ച വഴികളും ഭാരതം അന്വേഷണ സംഘത്തിന് കാട്ടിക്കൊടുക്കും. എസ്പി സല്‍വിന്ദര്‍ സിങ്, വജ്രവ്യാപാരി രജേഷ് വര്‍മ്മ, സല്‍വിന്ദറിന്റെ പാചകക്കാരന്‍ തുടങ്ങിയവര്‍ അടക്കം ചില സാക്ഷികളുമായി സംസാരിക്കാന്‍ സംഘത്തിന് അവസരം നല്‍കിയേക്കും.
തിങ്കളാഴ്ച എന്‍ഐഎ പാക് സംഘത്തിനു മുന്‍പില്‍ വിവരങ്ങളെല്ലാം വിശദമായി അവതരിപ്പിച്ചിരുന്നു. തങ്ങള്‍ ശേഖരിച്ച തെൡവുകളും അവര്‍ക്കു മുന്നില്‍ അവതരിപ്പിച്ചു. ഭാരതത്തില്‍ നിന്ന് തെളിവു ശേഖരിക്കാനുള്ള അനുമതിയും അവര്‍ക്ക് നല്‍കി. ജെയ്‌ഷെ മുഹമ്മദിന് എതിരെ എന്‍ഐഎ നല്‍കിയ തെളിവുകള്‍ പാക് സംഘം തള്ളിയിട്ടില്ല.
പതിറ്റാണ്ടുകളായി ലഷ്‌ക്കര്‍, ജെയ്‌ഷെ മുഹമ്മദ് , ഹിസ്ബുള്‍ മുജാഹിദ്ദീന്‍ എന്നിവയടക്കം നിരവധി പാക് ഭീകരസംഘടനകള്‍ ഭാരതത്തില്‍ അക്രമണങ്ങള്‍ അഴിച്ചുവിടുകയാണ്. ഇവയില്‍ പാക് ഭീകരസംഘടനകള്‍ക്കുള്ള പങ്ക് പാക്കിസ്ഥാന്‍ അംഗീകരിച്ചിട്ടുമില്ല. ഇതാദ്യമായാണ് ഇക്കാര്യം അന്വേഷിക്കാമെന്ന് പാക്കിസ്ഥാന്‍ പറയുന്നതും അന്വേഷണത്തിന് പ്രത്യേക സംഘത്തെ അയക്കുന്നതും.
പാക്കിസ്ഥാനില്‍
തെളിവെടുപ്പിനായി ഭാരതം
ന്യൂദല്‍ഹി: പത്താന്‍കോട്ട് ഭീകരാക്രമണത്തെക്കുറിച്ച് പാക്കിസ്ഥാനില്‍ അന്വേഷണം നടത്തുന്നതിനായി അനുവദിക്കണമെന്ന് ഭാരതം ആവശ്യപ്പെടും. പാക്കിസ്ഥാന്‍ അന്വേഷണ സംഘത്തിന് പത്താന്‍കോട് എത്തി തെളിവെടുക്കാന്‍ അനുമതി നല്‍കിയ പശ്ചാത്തലത്തിലാണ് ഭാരതം ഈ ആവശ്യം മുന്നോട്ട് വെയ്‌ക്കുന്നത്. എന്‍ഐഎ ഉദ്യോഗസ്ഥര്‍ ഉള്‍പ്പെട്ട സംഘത്തെ പാക്കിസ്ഥാനിലേയ്‌ക്ക് അയക്കുവാനാണ് ഭാരതം ലക്ഷ്യമിടുന്നത്. പത്താന്‍കോട്ട് ഭീകരാക്രമണത്തിന് നേതൃത്വം നല്‍കിയ നസീര്‍, അബു ബക്കര്‍, മേജര്‍ സാഹിബ്, ഉസ്മാന്‍ എന്നിവരെ തിരിച്ചറിയണമെന്നും പാക് സംഘത്തോട് എന്‍ഐഎ ആവശ്യപ്പെട്ടു.
ജെയ്‌ഷേ ഇ മുഹമ്മദ് തലവന്‍ മൗലാന മസൂദ് അസറിന്റെയും മറ്റു ഭീകരരുടെയും ശബ്ദ സാമ്പിളുകള്‍ പാക് സംഘം ആവശ്യപ്പെട്ടു. ഭീകരതലവന്‍ മസൂദ് അസറിനെയും കാസിഫ് ജാനെയും ചോദ്യം ചെയ്യുന്നതിന് സൗകര്യമൊരുക്കണമെന്നും എന്‍ഐഎ ആവശ്യപ്പെട്ടിട്ടുണ്ട്. ഭീകരര്‍ ഉപയോഗിച്ച ഏഴ് പാക്കിസ്ഥാന്‍ ഫോണ്‍ നമ്പരുകളിലെ കാള്‍ റെക്കോഡുകളും ആവശ്യപ്പെട്ടിട്ടുണ്ട്. ഭീകരര്‍ ഉപയോഗിച്ച വസ്ത്രങ്ങള്‍ ഷൂസുകള്‍ എന്നിവയും അന്വേഷണ സംഘം പാക് സംഘത്തിനെ കാണിച്ചു.
















