കൊച്ചി: മദപ്പാടുള്ള ആനകള്‍ക്കൊഴികെ, പുന്നത്തൂര്‍ കോട്ടയില്‍ ആനകളെ തളയ്‌ക്കാന്‍ ഉപയോഗിക്കുന്ന ഇരുമ്പ് ചങ്ങലകള്‍ക്ക് പകരം ‘വക്ക’ കയറുകളോ പരുത്തിക്കയറുകളോ അനുയോജ്യമായ സംവിധാനങ്ങളോ ഉപയോഗിക്കാന്‍ ഗുരുവായൂര്‍ ദേവസ്വം മാനേജിങ് കമ്മിറ്റിയോട് ഹൈക്കോടതി നിര്‍ദേശിച്ചു.
ചങ്ങലയോ കയറോ ഉപയോഗിക്കുന്നിടത്ത് അവ ഫയര്‍ ഹോസുകള്‍, ലെതര്‍ ട്യൂബുകള്‍ അല്ലെങ്കില്‍ മൃദുവായ ആവരണങ്ങള്‍ ഉപയോഗിച്ച് പൊതിയണം. ആനകളെ തളയ്‌ക്കുമ്പോള്‍ മാറിമാറി കാലുകള്‍ ഉപയോഗിക്കണമെന്നും, ദീര്‍ഘനേരം തുടര്‍ച്ചയായി ഒരേ നിലയില്‍ തളച്ചിടുന്ന രീതി അവസാനിപ്പിക്കണമെന്നും ജസ്റ്റിസ് വി. രാജ വിജയരാഘവന്‍, ജസ്റ്റിസ് കെ.വി. ജയകുമാര്‍ എന്നിവരടങ്ങുന്ന ബെഞ്ച് ഉത്തരവിട്ടു.
















