നേപ്യിഡോ: മ്യാന്മറിന്റെ പുതിയ പ്രസിഡന്റായി ഹതിന്‍ ക്യാവുവിനെ തെരഞ്ഞെടുത്തു. പാര്‍ലമെന്റ് തെരഞ്ഞെടുപ്പില്‍ ഭൂരിഭാഗം വോട്ടുകളും നേടിയതിനെ തുടര്‍ന്ന് പാര്‍ലമെന്റ് സ്പീക്കര്‍ മന്‍വിന്‍ ഖെയ്ങ് ക്യാവുവിനെ പ്രസിഡന്റ് ആയി പ്രഖ്യാപിക്കുകയായിരുന്നു.
മ്യാന്മര്‍ ജനാധിപത്യ നായിക ആങ് സാന്‍ സ്യൂകിയുടെ അടുത്ത സുഹൃത്താണ് എഴുപതുകാരനായ ക്യാവു. ഏപ്രില്‍ ഒന്നിന് ചുമതലയേല്‍ക്കും. 54 വര്‍ഷത്തോളമായി നേരിട്ടും അല്ലാതെയുമുള്ള പട്ടാള ഭരണത്തിനുശേഷമാണ് പ്രസിഡന്റ് തെരഞ്ഞെടുപ്പ് നടത്തിയത്.
അതേസമയം തെരഞ്ഞെടുപ്പ് നടത്തിയെങ്കിലും പ്രസിഡന്റിന്റെ ഭരണച്ചുമതല സംബന്ധിച്ച് ഇപ്പോഴും തീരുമാനത്തിലെത്തിയിട്ടില്ല. ആങ്‌സാന്‍ സ്യൂകിയെ പ്രസിഡന്റ് ആക്കാനാണ് പാര്‍ട്ടിയും ജനങ്ങളുടേയും താത്പ്പര്യപെടുന്നതെങ്കിലും ഭരണഘടന വ്യവസ്ഥ അനുസരിച്ച് വിദേശ ബന്ധമില്ലാത്തവര്‍ക്കുമാത്രമേ പ്രസിഡന്റ് സ്ഥാനത്തേയ്‌ക്ക് മത്സരിക്കാന്‍ സാധിക്കൂ. അതിനാല്‍ തന്റെ പ്രതിനിധിയാവും പ്രസിഡന്റ് ആകുന്നതെന്ന് സ്യൂകി ഇതിനു മുമ്പ് അറിയിച്ചിരുന്നു.
















