മട്ടാഞ്ചേരി: കൊച്ചി മണ്ഡലം എംഎല്‍എ ഡൊമനിക്ക് പ്രസന്റേഷനെതിരെ വ്യാപക പോസ്റ്റര്‍. ‘എംഎല്‍എയ്‌ക്ക് വീണ്ടും സീറ്റ് നല്‍കി പശ്ചിമകൊച്ചിക്കാരെ കഷ്ടത്തിലാക്കരുതെന്നാണ് പോസ്റ്റര്‍ വാക്യം’ ജനകീയ മുന്നണിയുടെ പേരില്‍ മണ്ഡലത്തിലെ വിവിധ കേന്ദ്രങ്ങളിലാണ് പോസ്റ്ററുകള്‍ പതിച്ചിരിക്കുന്നത്. കോണ്‍ഗ്രസ്സ് (എവിഭാഗം) എംഎല്‍എയാണ് ഡൊമനിക്ക് പ്രസന്റേഷന്‍. കോണ്‍ഗ്രസ്സിലെ ഗ്രൂപ്പ് വഴക്കാണ് പോസ്റ്റര്‍ യുദ്ധത്തിന് പിന്നാലെന്ന് പറയപ്പെടുന്നത്. കൊച്ചി നിയോജക മണ്ഡലത്തിലെ സ്ഥാനാര്‍ത്ഥി സാധ്യതപട്ടികയില്‍ ഡൊമനിക്ക് ഇടം നേടിയത് ഏറെ പ്രതിഷേധത്തിനിടയാക്കിയിരുന്നു.
നാല് തവണ മത്സരിക്കുന്നവരെ മാറ്റണമെന്നാവശ്യം തിരിച്ചടിയാകുമെന്നായപ്പോള്‍ ഉമ്മന്‍ചാണ്ടിയുടെ പിന്‍ബലത്തില്‍ ഡൊമനിക്ക് വീണ്ടും മത്സര രംഗത്തിറങ്ങുവാന്‍ ശ്രമം നടത്തുകയാണ്. ഐ ഗ്രൂപ്പ് ശക്തമായി എതിര്‍ക്കുമ്പോള്‍ മുന്നണി ഘടകകക്ഷികളുടെ ഒരു വിഭാഗം ഡൊമനിക്കിനെ മാറ്റണമെന്നാണ് ആവശ്യപ്പെടുന്നത്. ഒടുവില്‍ എഗ്രൂപ്പിലെ ഒരു വിഭാഗവും എ ംഎല്‍എയെ എതിര്‍ക്കുകയാണ്. കൊച്ചി മുന്‍ മേയര്‍ ടോണി ചമ്മിണിയാണ് പകരക്കാരന്‍. മണ്ഡലത്തിലെ രണ്ട് ഗ്രാമപഞ്ചായത്തുകളിലും ഗ്രൂപ്പ് വ്യത്യാസമില്ലാതെ ഡൊമനിക്കിനെതിരായ നിലപാടാണ് പ്രകടമാകുന്നത്. അവസാന ഘട്ടത്തില്‍ വിദ്യകളിലൂടെ വികസനത്തിന്റെ നായകനാകാനുള്ള ശ്രമത്തെ മുന്നണിയില്‍ നിന്നുതന്നെ തിരിച്ചടിയേറ്റത് എംഎല്‍എയുടെ സഹായകേന്ദ്രങ്ങളിലും ആശങ്ക ഉണര്‍ത്തിയിട്ടുണ്ട്. ഇത്രയേറെ എതിര്‍പ്പുള്ള സ്ഥാനാര്‍ത്ഥിയെ പരീക്ഷിച്ച് തോല്‍വി ഏറ്റുവാങ്ങണോ എന്നാണ് മുന്നണി കേന്ദ്രങ്ങള്‍ ചര്‍ച്ച ചെയ്യുന്നത്. തോപ്പുംപടി, പള്ളുരുത്തി അടക്കമുള്ള മണ്ഡലം കേന്ദ്രളില്‍ പോസ്റ്റര്‍ ചര്‍ച്ച സജീവമായിട്ടുമുണ്ട് സ്ഥാനാര്‍ത്ഥി പട്ടികയിലുള്ള സിപിഎം ഏരിയാ സെക്രട്ടറിക്കെതിരെയും കഴിഞ്ഞ ദിവസം പ്രതിഷേധ പോസ്റ്റുകള്‍ പ്രത്യക്ഷപ്പെട്ടിരുന്നു.
















