ലണ്ടന്‍: ഉയരങ്ങള്‍ താണ്ടുവാന്‍ ഭയവും അതുപോലെ ഇഷ്ടവുമുള്ളവരാണ് എല്ലാവരും. അത് ജീവിതത്തിന്റെയാണെങ്കിലും കെട്ടിടങ്ങളുടെയാണെങ്കിലും. അതുകൊണ്ട് അത്തരം പ്രവൃത്തി ചെയ്യുന്നവരെ കണ്ണുംപൂട്ടി നാം സാഹസികര്‍ എന്നു വിളിക്കുന്നു. അത്തരത്തില്‍ ഒരു സാഹസികന്റെ പ്രകടനത്തിനാണ് കഴിഞ്ഞദിവസം ലണ്ടന്‍ സാക്ഷ്യം വഹിച്ചത്. ലണ്ടനിലെ ഉയരം കൂടിയ കെട്ടിടമായ ഷാര്‍ഡില്‍ നിന്നും ഒരു വിരുതന്‍ പാരച്യൂട്ടിന്റെ സഹായത്തോടെ ചാടി.
87 നിലകെട്ടിടത്തില്‍ നിന്നും ചാടിയ വിരുതന്റെ പേരോ വിവരങ്ങളോ അവ്യക്തമാണ്. 310 മീറ്ററാണ് കെട്ടിടത്തിന്റെ ഉയരം. അപകടകരമായ ചാട്ടമായിരുന്നെങ്കിലും തെക്കന്‍ ലണ്ടനിലെ സെന്റ് തോമസ് തെരുവില്‍ അയാള്‍ സുഖകരമായി എത്തി.
ഒരു വീഡിയോ ഗെയിം കളിക്കുന്ന ലാഘവത്തോടെയാണ് അയാള്‍ കെട്ടിടങ്ങള്‍ക്കിടയിലൂടെ പറന്നു നടന്നതെന്ന് ദൃക്‌സാക്ഷിയായ ജസ്റ്റിന്‍ നോക്ക് പറഞ്ഞത്. യൂറോപ്പിലെ തന്നെ ഏറ്റവും ഉയരം കൂടിയ ഈ കെട്ടിടത്തിന്റെ ഏറ്റവും ഉയരത്തില്‍ എങ്ങിനെ ആള്‍ എത്തിയെന്നത് ഇപ്പോളും അജ്ഞാതമാണ്.
















