കണ്ണൂര്‍/പാനൂര്‍: കതിരൂര്‍ മനോജ് വധത്തില്‍ ചോദ്യം ചെയ്യലില്‍ സഹകരിക്കാതെ പി.ജയരാജന്‍. ജയില്‍ സുപ്രണ്ടിന്റെ സാന്നിധ്യത്തില്‍ അതൃപ്‌തിയുമായി സിബിഐ. കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ നിന്നും ഇന്നലെ കണ്ണൂരില്‍ എത്തിച്ച പി.ജയരാജനെ 3 മണിയോടെയാണ് സിബിഐ എസ്‌പി ജോസ്‌മോഹന്‍, ഡിവൈഎസ്‌പി ഹരിഓംപ്രകാശ്, സിഐ സലീം എന്നിവരുടെ നേതൃത്വത്തില്‍ ചോദ്യം ചെയ്‌തു തുടങ്ങിയത്. ചോദ്യം ചെയ്യാന്‍ പ്രത്യേക സൗകര്യം ഏര്‍പ്പാടു ചെയ്‌തെങ്കിലും ജയില്‍ സൂപ്രണ്ട് അശോകന്‍ അരിപ്പ പി.ജയരാജന്റെ കൂടെയിരുന്നത് ചോദ്യംചെയ്യലിനു തടസമായി. മാറി നില്‍ക്കണമെന്ന് സിബിഐ ആവശ്യപ്പെട്ടെങ്കിലും ജയില്‍ചട്ടം പ്രകാരം റിമാന്‍ഡിലുളള പ്രതിയെ ചോദ്യം ചെയ്യുമ്പോള്‍ ജയില്‍ അധികൃതരുടെ സാന്നിധ്യമുണ്ടാവണമെന്ന ന്യായവാദമാണത്രേ സുപ്രണ്ട് ഉയര്‍ത്തിയത്. പി.ജയരാജനെ സംരക്ഷിക്കാനാണ് സുപ്രണ്ടിന്റെ ഈ നീക്കമെന്നാണ് സൂചന. മുന്‍കൂട്ടി തയ്യാറാക്കിയ ചോദ്യങ്ങള്‍ സിബിഐ ഉയര്‍ത്തിയപ്പോള്‍ പലപ്പോഴും രാഷ്‌ട്രീയ പ്രസംഗ ശൈലിയില്‍ ചോദ്യങ്ങളെ നേരിടുകയായിരുന്നു ജയരാജന്‍. ഇത് ആസൂത്രിതമാണെന്ന സംശയമാണ് സിബിഐയ്‌ക്കുളളത്.ചോദ്യങ്ങള്‍ക്ക് മറുപടി നല്‍കാതെ ചില ഘട്ടങ്ങളില്‍ പി.ജയരാജന്‍ ക്ഷുഭിതനാവുകയും ചെയ്‌തു. ഇത്തരത്തില്‍ ചോദ്യംചെയ്‌തതു കൊണ്ടു പ്രയോജനമില്ലെന്നും, വസ്‌തുതകള്‍ കോടതിയെ അറിയിക്കുമെന്നും സിബിഐ വൃത്തങ്ങള്‍ അറിയിച്ചു. മനോജ് വധത്തിലെ മുഖ്യസൂത്രധാരനായ പി.ജയരാജനെ വ്യക്തമായ തെളിവുകളുടെ അടിസ്ഥാനത്തിലാണ് കേസില്‍ 25ാംപ്രതിയാക്കിയത്. പി.ജയരാജനു പുറമെ രണ്ടു സിപിഎം നേതാക്കളും മനോജിനെ വധിക്കാനുളള ആസൂത്രണത്തില്‍ ഉണ്ടായിരുന്നൂവെന്ന നിഗമനമാണ് സിബിഐയ്‌ക്കുളളത്. അതിനാല്‍ തന്നെ ഇന്നത്തെ ചോദ്യം ചെയ്യല്‍ ഏറെ നിര്‍ണ്ണായകവുമായിരിക്കും. കേസിലെ അണിയറ നീക്കങ്ങള്‍ പുറത്തുകൊണ്ടു വരാനുളള എല്ലാ ശ്രമവും സിബിഐയുടെ �ഭാഗത്തു നിന്നുമുണ്ടാകും.പി.ജയരാജനെ സംരക്ഷിക്കാന്‍ കൂട്ടുനില്‍ക്കുന്ന ജയില്‍സുപ്രണ്ടിന്റെ നിലപാട് ഏറെ സംശയം ജനിപ്പിക്കുന്നതാണ്. സിപിഎമ്മിന്റെ ഉന്നത നേതാക്കള്‍ ജയില്‍ സുപ്രണ്ടുമായി രഹസ്യമായി ബന്ധപ്പെട്ടതായുളള വിവരവുമുണ്ട്. ഇന്നു 9മണി മുതല്‍ തന്നെ പി.ജയരാജനെ ചോദ്യംചെയ്യാന്‍ സിബിഐ ജയിലിലെത്തും.
















