ന്യൂദല്‍ഹി: ഭാരതമുള്‍പ്പടെ ഏഷ്യയുടെ വിവിധ ഭാഗങ്ങളിലും പസഫിക് മേഖലകളിലും ഇന്ന് സൂര്യഗ്രഹണം ദൃശ്യമായി. ഇന്തോനേഷ്യയിലും മധ്യ പസഫിക് മേഖലയിലും മാത്രമാണ് പൂര്‍ണ ഗ്രഹണം കാണാനായത്. ഇന്തോനേഷ്യയിലെ 34 പ്രവിശ്യകളില്‍ 14 ഇടത്താണ് പൂര്‍ണ സൂര്യഗ്രഹണം ദൃശ്യമായത്. ഭാരതത്തില്‍ ഭാഗീക ഗ്രഹണമാണ് ദൃശ്യമായത്.
കേരളത്തില്‍ രാവിലെ 6.38 നും 7.47 നും ഇടയിലായിരുന്നു ഗ്രഹണം. സൂര്യഗ്രഹണം നിരവധിയാളുകള്‍ വീക്ഷിച്ചു. 2015 മാര്‍ച്ച് ഇരുപതിന് ഫറോ ദ്വീപിലും നോര്‍വേയിലുമായാണ് ഇതിന് മുമ്പ് പൂര്‍ണ സൂര്യഗ്രഹണം ദൃശ്യമായത്.
സൂര്യനില്‍ നിന്നുള്ള പ്രകാശ കിരണങ്ങളെ ചന്ദ്രന്‍ തടയുന്നതാണ് സൂര്യഗ്രഹണത്തിന് കാരണം. സൂര്യനും ഭൂമിക്കും ഇടയില്‍ ചന്ദ്രന് എത്തുമ്പോഴാണ് ഇത് സംഭവിക്കുന്നത്. ഭാരതത്തില്‍ ദൃശ്യമാകുന്ന അടുത്ത സൂര്യഗ്രഹണം 2019 ഡിസംബര്‍ 26 നായിരിക്കും.
















