ന്യൂദല്‍ഹി: അവയവദാന നടപടിക്രമങ്ങള്‍ കേന്ദ്രസര്‍ക്കാര്‍ലളിതവല്‍ക്കരിക്കുന്നു. രാജ്യത്ത് അവയവദാന നടപടിക്രമങ്ങള്‍ ലളിതവല്‍ക്കരിക്കുമെന്ന് കേന്ദ്രആരോഗ്യമന്ത്രി ജെ.പി നദ്ദ പറഞ്ഞു. നേത്രദാനം ചെയ്യുന്നവയില്‍ 56 ശമതാനം മാത്രമേ പ്രയോജനപ്പെടുത്താന്‍ സാധിക്കുന്നുള്ളൂവെന്നും അദ്ദേഹം പറഞ്ഞു. ആര്‍എസ്എസിന്റെ സമദൃഷ്ടി ക്ഷമതാ വികാസ് ഏവം അനുസന്ധാന്‍ മണ്ഡലി(സക്ഷമ)ന്റെ നേതൃത്വത്തില്‍ ആരംഭിച്ച ദേശീയ അന്ധതാമുക്ത പദ്ധതിയുടെ ഉദ്ഘാടന ചടങ്ങില്‍ സംസാരിക്കുകയായിരുന്നു ജെ.പി നദ്ദ.
നേത്രദാന പ്രക്രിയയില്‍ നൂറുശതമാനം വിജയം സൃഷ്ടിക്കുകയാണ് കേന്ദ്രസര്‍ക്കാരിന്റെ ലക്ഷ്യം. ഇതിനായി അവയവദാനവുമായി ബന്ധപ്പെട്ട നടപടിക്രമങ്ങള്‍ ലളിതവല്‍ക്കരിക്കാനാണ് ആലോചിക്കുന്നത്. അവയവദാനത്തിലെ ബുദ്ധിമുട്ടുകള്‍ ഒഴിവാക്കി കൂടുതല്‍ പേര്‍ക്ക് അവയവദാന സാധ്യതകള്‍ തുറന്നുനല്‍കും. അവയവദാന ബോധവല്‍ക്കരണത്തിനും കൂടുതല്‍ പ്രാധാന്യം നല്‍കും. സദ്ഭരണത്തിലൂടെയും ലളിതമായ നടപടിക്രമങ്ങളിലൂടെയും ഈ രംഗത്ത് വലിയ മാറ്റം കൊണ്ടുവരാന്‍ സാധിക്കുമെന്നും ജെ.പി നദ്ദ കൂട്ടിച്ചേര്‍ത്തു. അന്ധതാ നിവാരണ മേഖലയില്‍ സക്ഷമ നടത്തുന്ന പ്രവര്‍ത്തനങ്ങള്‍ സമാനതകളില്ലാത്തതാണെന്നും കേന്ദ്രആരോഗ്യമന്ത്രി പറഞ്ഞു.
ഏറ്റവും ശ്രമകരമായ ദൗത്യമാണ് സക്ഷമ ഏറ്റെടുത്തിരിക്കുന്നതെന്ന് മുഖ്യപ്രഭാഷണം നിര്‍വഹിച്ച ആര്‍എസ്എസ് സര്‍കാര്യവാഹ് ഭയ്യാജി ജോഷി പറഞ്ഞു. മുഴുവന്‍ ശക്തിയോടെ പ്രവര്‍ത്തനം മുന്നോട്ടുകൊണ്ടുപോയാല്‍ അന്ധതാമുക്ത ഭാരതം എന്ന ലക്ഷ്യം കൈവരിക്കാന്‍ സാധിക്കുമെന്നും സര്‍കാര്യവാഹ് പറഞ്ഞു. കോര്‍ണിയല്‍ അന്ധതാ മുക്ത ഭാരത അഭിയാന്‍(കാംബ)യുടെ ഉദ്ഘാടനം സര്‍കാര്യവാഹ് നിര്‍വഹിച്ചു. 2018നുള്ളില്‍ ഭാരതത്തില്‍ കോര്‍ണിയല്‍ അന്ധത ഇല്ലാതാക്കുകയാണ് പദ്ധതി.
ആര്‍എസ്എസ് ദല്‍ഹി പ്രാന്ത സംഘചാലക് കുല്‍ഭൂഷണ്‍ അഹൂജ, ഐഎംഎ ്അധ്യക്ഷന്‍ ഡോ.എസ്.എസ് അഗര്‍വാള്‍, ആരോഗ്യ-കുടുംബക്ഷേമ മന്ത്രാലയ ജോയിന്റ് സെക്രട്ടറി ധാരിത്രി പാണ്ഡ, സക്ഷമ ദേശീയ അധ്യക്ഷന്‍ ഡോ.ദയാല്‍സിങ് പവാര്‍, നവീന്‍ കപൂര്‍, ലളിത് ആനന്ദ് എന്നിവര്‍ പ്രസംഗിച്ചു.
















