അഹമ്മദാബാദ്: അതിര്‍ത്തിയില്‍ ഭീകരുടെ സാന്നിദ്ധ്യം കണ്ടെത്തിയതിനെ തുടര്‍ന്ന് രാജ്യത്ത് അതീവ ജാഗ്രതാ നിര്‍ദേശം പുറപ്പെടുവിച്ചു.ഭീകരാക്രമണം നടത്തുന്നതിനുവേണ്ടി പത്ത് ഭീകരര്‍ ഗുജറാത്ത് അതിര്‍ത്തിയില്‍ നുഴഞ്ഞുകയറിയതായാണ് റിപ്പോര്‍ട്ട്. ഇന്റലിജന്‍സ് വിവരങ്ങളുടെ അടിസ്ഥാനത്തില്‍ സംസ്ഥാനത്തെ പ്രധാന സ്ഥലങ്ങളില്‍ സുരക്ഷ വര്‍ധിപ്പിച്ചു.
ശിവരാത്രി ആഘോഷങ്ങളോട് അനുബന്ധിച്ച് ഗുജറാത്ത് അടക്കമുള്ള ഇടങ്ങളില്‍ ആക്രമണം നടത്താനാണ് ലഷ്‌കറെ ത്വയ്ബ, ജെയ്‌ഷെ മുഹമ്മദ് ഭീകര സംഘടനകള്‍ ലക്ഷ്യമിടുന്നതെന്നാണ് രഹസ്യ വിവരം. ഭീഷണിയെ തുടര്‍ന്ന് പ്രധാന ആരാധനാലായങ്ങള്‍, ജനങ്ങള്‍ തിങ്ങിക്കൂടുന്ന പൊതു സ്ഥലങ്ങള്‍ തുടങ്ങിയിടങ്ങളില്‍ കര്‍ശന സുരക്ഷ ഒരുക്കാന്‍ ഡോവല്‍ പൊലീസിനോട് നിര്‍ദ്ദേശിച്ചു.
ഗുജറാത്ത് ഡി.ജി.പി പി.താക്കൂര്‍ ഉന്നത ഉദ്യോഗസ്ഥരുടെ യോഗം വിളിച്ചു ചേര്‍ത്ത് സ്ഥിതിഗതികള്‍ വിലയിരുത്തി. എല്ലാ പ്രധാന നഗരങ്ങള്‍ക്കും ജാഗ്രതാ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.അവധിയുള്ള പോലീസ് ഉദ്യോഗസ്ഥരോട് അവധി റദ്ദാക്കി സര്‍വീസില്‍ പ്രവേശിക്കാനും നിര്‍ദ്ദേശമുണ്ട്. സംശയകരമായ സാഹചര്യങ്ങളില്‍ ആരെ കണ്ടാലും കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യാനും ഉത്തരവിട്ടുണ്ട്.
കച്ച് തീരത്ത് ഉപേക്ഷിച്ച നിലയില്‍ മൂന്നു ബോട്ടുകള്‍ കണ്‌ടെത്തിയിരുന്നു. ഇത് തീവ്രവാദികള്‍ എത്തിയ ബോട്ടാണെന്നാണ് സംശയം. വെള്ളിയാഴ്ച ഭുജിലെ സൈനിക ക്യാമ്പിന്റെ ചിത്രമെടുത്തയാളെ പോലീസ് കസ്റ്റഡിയിലെടുത്തിരുന്നു. ഇയാളെ ചോദ്യം ചെയ്തുവരികയാണ്.
















