തളിപ്പറമ്പ്: വാര്‍ഷിക പരീക്ഷയ്‌ക്ക് മുമ്പുതന്നെ പാഠപുസ്തകങ്ങള്‍ വിദ്യാലയങ്ങളില്‍ എത്തിക്കുന്നു എന്ന പ്രഖ്യാപനം വെറും പ്രസ്താവന മാത്രമായി ചുരുങ്ങി. കഴിഞ്ഞ ദിവസങ്ങളില്‍ സ്‌ക്കൂള്‍ സഹകരണ സംഘങ്ങളില്‍ എത്തിച്ചത് 8,9,10 ക്ലാസ്സുകളിലെ പുസ്തകങ്ങള്‍ മാത്രം. എന്നാല്‍ അതും മുഴുവനായി ഇല്ല. ഏതാനും വിഷയങ്ങളുടെ പുസ്തകങ്ങള്‍ മാത്രമാണ് കെ ബി പി എസ് എത്തിച്ചിരിക്കുന്നത്.
ഒന്നാം ക്ലാസ്സ് മുതല്‍ പത്താം ക്ലാസ്സ് വരെ നൂറില്‍പ്പരം ഇനങ്ങളിലായി മലയാളം ഇംഗ്ലീഷ് മീഡിയങ്ങള്‍ക്ക് പുസ്തകം ലഭ്യമാക്കുമ്പോള്‍ ഉണ്ടാകേണ്ട പതിനായിരിക്കണക്കിന് പുസ്തകത്തിനു പകരം മിക്ക സ്‌ക്കൂള്‍ സഹകരണ സംഘങ്ങളില്‍ എത്തിയിരിക്കുന്നത് ആയിരത്തില്‍ താഴെ പുസ്തകങ്ങള്‍ മാത്രം.
കിട്ടിയ പുസ്തകം കൊണ്ട് സ്‌ക്കൂള്‍ സഹകരണ സംഘം സെക്രട്ടറിമാര്‍ നട്ടം തിരിയുകയാണ്. ഹൈസ്‌ക്കൂളുകാര്‍ ഈ പുസ്തകം ഏറ്റെടുക്കുന്നതുവരെ അത് സൂക്ഷിക്കാനുള്ള ചുമതല സെക്രട്ടറിമാര്‍ക്കാണ്. ഹൈസ്‌ക്കൂളുകളില്‍ വാര്‍ഷിക പരീക്ഷ തുടങ്ങിയതിനാല്‍ എല്ലാ അദ്ധ്യാപകരും വിദ്യാലയത്തില്‍ ഹാജരാകാതെ വരുന്നതിനാല്‍ പുസ്തകം എടുത്തുകൊണ്ടു വരാന്‍ പോകാന്‍ ആളില്ലത്രെ. പല തവണകളിലായി പുസ്തകം ലഭിക്കുന്നത് കടത്തു കൂലി ഇനത്തില്‍ വലിയ തുക ചെലവാകാന്‍ ഇടയാകും. പുസ്തകം സ്‌ക്കൂള്‍ സഹകരണ സംഘങ്ങളില്‍ നിന്ന് അതാത് വിദ്യാലയങ്ങളില്‍ എത്തിക്കാന്‍ ഒരു ധനസഹായവും സംഘങ്ങള്‍ക്കോ വിദ്യാലയങ്ങള്‍ക്കോ ലഭിക്കാറില്ല.
ഈ വര്‍ഷാരംഭത്തില്‍ ഏറെ വിവാദം സൃഷ്ടിച്ച പാഠപുസ്തക വിതരണം കുറ്റമാറ്റമാക്കാനുള്ള നടപടികള്‍ സര്‍ക്കാരിന്റെ ഭാഗത്തു നിന്നും ഉണ്ടായിട്ടില്ല. ഒരു സൊസൈറ്റി മുഖേന വിതരണം ചെയ്യേണ്ട മുഴുവന്‍ പുസ്തകവും ലഭ്യമാകുമ്പോള്‍ സ്‌കൂള്‍ സഹകരണ സംഘങ്ങളില്‍ എത്തിച്ചാല്‍ സഹകരണ സംഘം സെക്രട്ടറിക്കും മറ്റുള്ളവര്‍ക്കും ഒരു മിനക്കേടില്‍ പുസ്തകം ബന്ധപ്പെട്ട വിദ്യായങ്ങളില്‍ എത്തിക്കാന്‍ സാധിക്കും.
















