പാനൂര്‍: അസഹിഷ്ണുതയുടെ യഥാര്‍ത്ഥ ഇരകള്‍ സംഘപ്രസ്ഥാനങ്ങളാണെന്ന് ബിജെപി ജില്ലാപ്രസിഡണ്ട് പി.സത്യപ്രകാശ്. ഡോ:ശ്യാമപ്രസാദ് മുഖര്‍ജിയും, ദീന്‍ദയാല്‍ ഉപാദ്ധ്യയും, കെടി.ജയകൃഷ്ണന്‍ മാസ്റ്ററടക്കമുളള നേതാക്കള്‍ രാഷ്‌ട്രീയ അസഹിഷ്ണുതയുടെ ഇരകളായിരുന്നു. പാനൂര്‍ സുമംഗലീ ഓഡിറ്റോറിയത്തില്‍ സംഘടിപ്പിച്ച മഹിളാമോര്‍ച്ച കൂത്തുപറമ്പ് നിയോജക മണ്ഢലം കണ്‍വെന്‍ഷന്‍ ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. അസഹിഷ്ണുതയുടെ പേരില്‍ ബിജെപിക്കെതിരെ രാജ്യവ്യാപകമായി കളളപ്രചരണം അഴിച്ചു വിടുകയാണ്. കോണ്‍ഗ്രസും ഇടതുപക്ഷവും ഒത്തുചേര്‍ന്നാണ് പ്രചരണം. ബംഗാളില്‍ വേളിയില്ലാതെ സംബന്ധമാകാമെന്നാണ് സിപിഎം-കോണ്‍ഗ്രസ് ധാരണ. തദ്ദേശ തെരഞ്ഞെടുപ്പില്‍ കേരളത്തില്‍ നടത്തിയ അവിശുദ്ധ കൂട്ടുകെട്ട് ആസന്നമായ നിയമസഭാ തെരഞ്ഞെടുപ്പിലും ആവര്‍ത്തിക്കാനാണ്് കോണ്‍ഗ്രസ് സിപിഎം തീരുമാനം. കണ്ണൂരില്‍ അറുപതിനായിരം വോട്ടില്‍ നിന്നും ഒരുലക്ഷത്തിഎഴുപതിനായിരത്തിലേക്ക് ബിജെപി വോട്ടു വര്‍ദ്ധിച്ചത് നമ്മുടെ ആത്മവിശ്വാസം വര്‍ദ്ധിപ്പിക്കുന്നതാണ്. ഇത്തവണ തെരഞ്ഞെടുപ്പിനെ നേരിടുന്നത് വെറും മത്സരത്തിനല്ലെന്ന തിരിച്ചറിവു നമുക്കുണ്ടാകണമെന്നും അദ്ദേഹം തുടര്‍ന്നു പറഞ്ഞു. മഹിളാമോര്‍ച്ച മണ്ഡലം പ്രസിഡണ്ട് എ.പി.വസന്ത അദ്ധ്യക്ഷത വഹിച്ചു. ആര്‍എസ്എസ് വിഭാഗ് കാര്യകാരി സദസ്യന്‍ കെ.സജീവന്‍, ബിജെപി ജില്ലാ വൈസ് പ്രസിഡണ്ട് മോഹനന്‍ മാനന്തേരി, മഹിളാമോര്‍ച്ച സംസ്ഥാന സെക്രട്ടറി സിപി.സംഗീത, ബിജെപി മണ്ഡലം പ്രസിഡണ്ട് വി.പി.സുരേന്ദ്രന്‍, മണ്ഡലം ജനറല്‍ സെക്രട്ടറിമാരായ കെ.കെ.ചന്ദ്രന്‍, കെ.കെ.ധനഞ്ജയന്‍ എന്നിവര്‍ പ്രസംഗിച്ചു. എംപി.ഷീബ സ്വാഗതവും, മഞ്ജുഷ നന്ദിയും പറഞ്ഞു.
















