കണ്ണൂര്‍: വില്‍പ്പന നികുതി ഉദ്യോഗസ്ഥരുടെ പീഢനത്തേ തുടര്‍ന്നാണ് വ്യാപാരി ആത്മഹത്യ ചെയ്തതെന്ന് ചൂണ്ടിക്കാട്ടി പ്രതിഷേധ സൂചകമായി വ്യാപാരി സംഘടനകളുടെ നേതൃത്വത്തില്‍ ഇന്നലെ സംസ്ഥാന വ്യാപകമായി നടത്തിയ കടയടപ്പ് സമരം കണ്ണൂരിലും പൂര്‍ണ്ണം. നഗര പ്രദേശങ്ങളില്‍ ഹോട്ടലുകളൊഴികെ മിക്ക വ്യാപാര സ്ഥാപനങ്ങളും അടഞ്ഞു കിടന്നു. ഗ്രാമ പ്രദേശങ്ങളില്‍ പലയിടങ്ങളിലും നാമമാത്രമായ കടകള്‍ തുറന്നു പ്രവര്‍ത്തിച്ചു. കടയടപ്പ് സമരം ജനങ്ങളെ ഏറെ ബുദ്ധിമുട്ടിച്ചെങ്കിലും ഹോട്ടലുകളും മില്‍മ്മ ബൂത്തുകളും തുറന്നു പ്രവര്‍ത്തിച്ചത് കണ്ണൂര്‍ നഗരത്തിലുള്‍പ്പെടെ എത്തിച്ചേര്‍ന്നവര്‍ക്ക് ആശ്വാസമായി. പൊതുവേ നഗരങ്ങളില്‍ ജനത്തിരക്കും ഇന്നലെ കുറവായിരുന്നു.
വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ച് ഇന്നലെ അര്‍ദ്ധരാത്രി മുതല്‍ പെട്രോള്‍ പമ്പുടമകള്‍ സംസ്ഥാന വ്യാപകമായി ആരംഭിച്ച സമരവും ജില്ലയില്‍ പൂര്‍ണ്ണമായിരുന്നു. രണ്ട് സമരങ്ങളും ഒന്നിച്ച് വന്നത് ജനങ്ങള്‍ക്ക് കനത്ത തിരിച്ചടിയായി. സമരം മുന്‍കൂട്ടി കണ്ട് തിങ്കളാഴ്ചത്തന്നെ ഇന്ധനംനിറച്ചിരുന്നതിനാല്‍ സ്വകാര്യ വാഹനങ്ങളും ബസ്സുകളും ഇന്നലെ പതിവു പോലെ നിരത്തിലിറങ്ങി. എന്നാല്‍ ആവശ്യത്തിന് ഇന്ധനം ലഭിക്കാതെ പല ഇരുചക്ര വാഹന ഉടമകളും ഓട്ടോകളും കാറുകള്‍ ഉള്‍പ്പെടെയുളള വാഹനങ്ങളുടെ എണ്ണം റോഡില്‍ പൊതുവേ കുറവായിരുന്നു.
















