‘അന്ധകാരം നിറഞ്ഞ ഈ സമൂഹത്തില്‍ ഞാന്‍ ഒരാള്‍ മാത്രം ശ്രമിച്ചതുകൊണ്ട് എന്തു മാറ്റം സംഭവിക്കും?’
ഇതിനു മറുപടിയായി അമ്മയ്ക്കു പറയാനുളളത് ഒരു സംഭവമാണ്. ഒരാള്‍ വളരെ ദുഃഖിതനായി, നിരാശനായി എന്തു ചെയ്യണമെന്നറിയാതെ വഴിയരികില്‍ നില്‍ക്കുകയായിരുന്നു. ജീവിതം അയാളില്‍ ഏല്‍പ്പിച്ച ആഘാതങ്ങള്‍ ധാരാളമായിരുന്നു. വീട്ടിലും നാട്ടിലും ഒറ്റപ്പെട്ട് കഴിമ്പോള്‍ അയാളുടെ മുന്നിലൂടെ ഒരു അപരിചിതന് കടന്നുപോയി. ഈ വഴിപോക്കന് അയാളെ നോക്കി ഒന്നു ചിരിച്ചു. എല്ലാവരാലും തഴയപ്പെട്ട് ജീവിതാശതന്നെ വെടിഞ്ഞ് നിന്ന ആ മനുഷ്യന്, ആ ചിരി വളരെ വിശ്വാസം നല്കി.
ഒരാളെങ്കിലും തന്നെനോക്കി ഹൃദയ പൂര്‍വം ചിരിക്കുന്നുണ്ട് എന്ന ചിന്ത അയാള്‍ക്ക് ഉന്മേഷം നല്കി. ഈ സമയം അദ്ദേഹം വര്‍ഷങ്ങള്‍ക്ക് മുന്‍പ് തന്റെ കഷ്ടപ്പാടില്‍ തന്നെ സഹായിച്ച ഒരു സുഹൃത്തിനെക്കുറിച്ചോര്‍ത്തു. കൂട്ടുകാരന്റെ വിവരം എന്തെങ്കിലും അറിഞ്ഞിട്ട് ഏറെ നാളായിരുന്നു. അതുകൊണ്ട് ഉടന്‍തന്നെ കൂട്ടുകാരന് ഒരുകത്തയച്ചു. ഈ കത്തുകിട്ടിയപ്പോല് കൂട്ടുകാരന് വലിയ സന്തോഷം തോന്നി. അദ്ദേഹം ഉടനെ അടുത്തുനിന്ന ഒരു സാധുവിന് പത്തുരൂപ എടുത്തു കൊടുത്തു. അയാള്‍ അതുകൊണ്ട് ഒരു ലോട്ടറി ടിക്കറ്റ് വാങ്ങി. അത്ഭുതകരമെന്നു പറയട്ടെ, നറുക്കെടുപ്പ് ഫലം വന്നപ്പോള്‍ ലോട്ടറി അയാള്‍ക്കുതന്നെ.
ലോട്ടറിത്തുകയും വാങ്ങി പോകുമ്പോള്‍ വഴിയരുകില്‍ ഒരു യാചകന് അവശനിലയില്‍ കിടക്കുന്നതു കണ്ടു. ദൈവം തനിക്ക് തന്ന പണത്തില്‍ നിന്ന് കുറച്ച് ഈ യാചകന് വേണ്ടി ചെലവഴിക്കാം എന്നയാള്‍ തീരുമാനിച്ചു. യാചകനെ ആശുപത്രിയില്‍ എത്തിച്ച് ശുശ്രൂഷയ്ക്ക് വേണ്ട പണം നല്കി ആ യാചകന് അസുഖം ഭേദമായി ആശുപത്രിയില്‍ നിന്ന് മടങ്ങുമ്പോള്‍ വഴിയരുകില്‍ ഒരു നായ്ക്കുട്ടി വെള്ളത്തില്‍ വീണ് നനഞ്ഞു കുതിര്‍ന്നു കിടക്കുന്നതു കണ്ടു. തണുപ്പും വിശപ്പും കാരണം ആ നായക്കുട്ടി നിര്‍ത്താതെ കരയുന്നുണ്ടായിരുന്നു. യാചകന് ആ നായക്കുട്ടിയെ തന്റെ വസ്ത്രത്തില്‍ പൊതിഞ്ഞ് തോളിലെടുത്തു നടന്നു. വഴിയരികില്‍ അല്പം തീ കൂട്ടി തന്റെയും നായക്കുട്ടിയുടെയും തണുപ്പകറ്റി. തന്റെ ഭക്ഷണത്തോടെപ്പം നായക്കുട്ടിക്കും ഭക്ഷണം നല്കി. തണുപ്പും തളര്‍ച്ചയും മാറിയ നായ്ക്കുട്ടി യാചകന്റെ പിന്നാലെ കൂടി. അന്നു രാത്രി അന്തിയുറങ്ങാന്‍ യാചകന് ഒരു വീട്ടുകാരോട് അനുവാദം ചോദിച്ചു.
വീട്ടുകാര്‍ അവരെ വരാന്തയില്‍ കിടക്കാന്‍ അനുവദിച്ചു. അന്നു രാത്രി നായയുടെ നിലയ്ക്കാത്ത കുരകേട്ട് യാചകനും വീട്ടുകാരും ഉണര്‍ന്നു നോക്കുമ്പോള്‍ വീട്ടിന്റെ ഒരു ഭഗത്ത് തീ പടര്‍ന്നു. ആ വീട്ടിലെ കുട്ടി കിടന്നുറങ്ങുന്ന മുറിയുടെ ഭാഗത്താണ് തീ പടര്‍ന്നു പിടിച്ചിരിക്കുന്നത് വീട്ടുകാര്‍ വേഗം തന്നെ കുട്ടിയെ രക്ഷിച്ചു. എല്ലാവരും കൂടി ശ്രമിച്ചപ്പോള്‍ തീ കെടുത്താനും സാധിച്ചു. യാചകനും നായയ്ക്കും കിടക്കാനിടം നല്‍കിയത് ആ വീട്ടുകാര്‍ക്ക് രക്ഷയായി. തീയില്‍ നിന്നും രക്ഷപ്പെട്ട ആ കുട്ടി വളര്‍ന്നു വലുതായി ലോകം മുഴുവന്‍ അറിയപ്പെടുന്ന ഒരു മഹാത്മാവായിത്തീര്‍ന്നു. അദ്ദേഹത്തിന്റെ സാമിപ്യത്തിലൂടെ ആയിരങ്ങള്‍ ശാന്തിനേടി. ഇതൊക്കെ തുടങ്ങിയത് എവിടെ നിന്നാണ് എന്ന് മക്കള്‍ ഓര്‍ക്കുന്നോ?
വഴിയരികില്‍ എല്ലാം നഷ്ടപ്പെട്ടു നിന്ന ഒരാളുടെ മുന്പിലെത്തിയ അപരിചിതന്റെ ഹൃദയം നിറഞ്ഞ പുഞ്ചിരിയില്‍ നിന്നാണ് എല്ലാ സംഭവങ്ങളുടെയും തുടക്കം. വഴിയാത്രക്കാരന് നടന്നു പോകുമ്പോള്‍ നല്കിയ പുഞ്ചിരി എത്ര ജീവിതങ്ങളെ മാറ്റി മറിച്ചു. എത്ര ആളുകളുടെ ജീവിതത്തിലാണ് പ്രകാശമെത്തിയത് എന്ന് മക്കള്‍ കണ്ടില്ലേ? ഒരു പൈസ പോലും ചിലവില്ലാത്ത ഒരു പുഞ്ചിരി. നമ്മള് പലപ്പോഴും മറ്റുള്ളവര്‍ക്ക് ഇതുപോലും നല്കാന് മറക്കുന്നു. ശാസ്ത്രജ്ഞന്‍ന്മാര്‍ പറയുന്നത് പുഞ്ചിരിക്കുന്നതിനേക്കാള്‍ കുടുതല്‍ ആയാസം ഗൗരവം പിടിച്ചിരിക്കാനാണ് എന്നാണ്. ഗൗരവം പിടിച്ച് മുഖം കൂര്‍പ്പിച്ചിരിക്കാന്‍ മാംസ പേശികള്‍ കൂടുതല്‍ അധ്വാനിക്കണം. എന്നാല്‍ പലപ്പോഴും നമ്മുടെ ചിരി മറ്റുള്ളവരെ കളിയാക്കിയുള്ളതാണ്. അതല്ല വേണ്ടത്. നമ്മുടെ തന്നെ വിഡ്ഢിത്തമോര്‍ത്ത് ചിരിക്കാന്‍ സാധിക്കണം.
നമ്മള് ചെയ്യുന്ന ഓരോ നന്മയും അറിഞ്ഞോ അറിയാതെയോ മറ്റുള്ളവരെ സ്വാധീനിക്കാറുണ്ട്. ഒരാളിലുണ്ടാകുന്നമാറ്റം അടുത്തയാളിലും പ്രതിഫലിക്കും. മറ്റുള്ളവര്‍ നന്നായതിനു ശേഷം നമുക്ക് നന്നാകാം എന്നു ചിന്തിക്കരുത്. അവര്‍ മാറിയില്ലെങ്കിലും നമ്മള് മാറാന്‍ തയ്യാറായാല്‍ അതിന് അനുസൃതമായ മാറ്റം സമൂഹത്തിലും ഉണ്ടാവും.
പ്രത്യക്ഷത്തില്‍ വലിയ മാറ്റം കണ്ടില്ല എന്നു കരുതി നിരാശവേണ്ട മാറ്റം ആന്തരികമായി സംഭവിക്കുന്നതാണ്. നമ്മളിലൂടെ ഏതൊരു നല്ല മാറ്റവും സമൂഹത്തിലും പരിവര്‍ത്തനം നടത്തും. മക്കളുടെ കൈവശം ഒരു മെഴുകുതിരിയുണ്ട്. മനസ്സാകുന്ന മെഴുകുതിരി. അതില്‍ വിശ്വാസമാകുന്ന ദീപം കത്തിക്കുക. അന്ധകാരം നിറഞ്ഞ ഇത്രയേറെ ദൂരെ ഈ ചെറിയ ദീപം കൊണ്ട് എങ്ങനെ താണ്ടാനാവും എന്ന് സംശയിക്കേണ്ട. ഓരോ അടിയും മുന്നോട്ട് വെക്കുക. നമ്മുടെ പാതയില്‍ പ്രകാശം തെളിഞ്ഞു കിട്ടും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: