കല്‍പ്പറ്റ: സംസ്ഥാനത്ത് സമ്പൂര്‍ണ ഓണ്‍ലൈന്‍ പോക്കുവരവും ഓണ്‍ലൈന്‍ നികുതി സ്വീകരിക്കലും നടപ്പിലാക്കുന്ന ആദ്യജില്ലയായി വയനാടിനെ പ്രഖ്യാപിച്ചു. വയനാട് പനമരം ഗവ. എല്‍.പി.സ്കൂള്‍ അങ്കണത്തില്‍ നടന്ന ചടങ്ങില്‍ എം.ഐ.ഷാനവാസ് എം.പിയാണ് കമ്പ്യൂട്ടറില്‍ വിരലമര്‍ത്തി തരുവണയിലെ പ്രഭാകരന് നമ്പ്യാരുടെ പോക്കുവരവ് നടത്തി ഉദ്ഘാടനം നിര്‍വഹിച്ചത്. ഒരു ബട്ടണ്‍ അമര്ത്തിക്കഴിഞ്ഞാല് പോക്കുവരവ് നടപ്പിലാക്കാന്‍ കഴിയുമെന്ന പദ്ധതിയിലൂടെ പോക്കുവരവ് നടത്താനുള്ള ജനങ്ങളുടെ പ്രയാസം പരിഹരിക്കാന്‍ കഴിയും. സംസ്ഥാനത്ത് ആദ്യമായി ഇത് നടപ്പിലാക്കാന്‍ നേതൃത്വം നല്കിയ ജില്ലാ കലക്ടര്‍ കേശവേന്ദ്രകുമാറിനെ എം.പി അഭിനന്ദിച്ചു.ജില്ലയിലെ 49 വില്ലേജുകളിലെയും ഭൂരേഖകള്‍ സംബന്ധിച്ച മുഴുവന്‍ വിവരങ്ങളും ഓണ്‍ലൈനില്‍ നല്‍കിക്കഴിഞ്ഞു. പരമാവധി 15വില്ലേജുകള്‍ മാത്രം ഓണ്‍ലൈനാക്കാനാണ് സര്‍ക്കാര്‍ തീരുമാനിച്ചിരുന്നത്. ജില്ലാ കലക്ടര്‍ പ്രത്യേകം താല്‍പ്പര്യമെടുത്താണ് മുഴുവന്‍ വില്ലേജുകളും പദ്ധതിയിലുള്‍പ്പെടുത്തിയത്. അതോടെ സംസ്ഥാനത്ത് സമ്പൂര്‍ണമായി ഓന്ലൈന് പോക്കുവരവ് നടപ്പാക്കുന്ന ആദ്യ ജില്ലയായി വയനാട് മാറി. പൊതുജനങ്ങള്‍ക്ക് വില്ലേജ് ഓഫീസുകള്കയറിയിറങ്ങാതെ അക്ഷയകേന്ദ്രങ്ങള്‍ വഴിയോ സ്വന്തം കമ്പ്യൂട്ടര്വഴിയോ പോക്കുവരവു നടത്തുകയും ഭൂനികുതി അടയ്ക്കുകയും ചെയ്യാം. രജിസ്റ്റര്‍ ചെയ്ത് ഒരു മണിക്കൂറിനകം സര്‍ട്ടിഫിക്കറ്റ് ലഭിക്കും. മുഴുവന്‍ വില്ലേജ് ഓഫീസുകളിലെയും ഡാറ്റ വെരിഫിക്കേഷന് ജോലികള്‍ ഇതിനകം പൂര്‍ത്തിയായിക്കഴിഞ്ഞു. പാലക്കാട് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന നാഷണല്‍ ഇന്‍ഫര്‍മാറ്റിക്സ് സെന്റര്‍ തയ്യാറാക്കിയ റെലിസ്(റവന്യൂ ലാന്റ് ഇന്ഫര്മേഷന്സിസ്റ്റം) എന്ന സോഫ്റ്റ്വെയര് ഉപയോഗിച്ചാണ് സംവിധാനം നടപ്പില്‍ വരുത്തിയത്. ഭൂമിയുടെ ഉടമസ്ഥാവകാശം സംബന്ധിച്ച വിവരങ്ങളെല്ലാം ഓന്ലൈനായതോടെ വസ്തുവില്‍പ്പനയിലെ തട്ടിപ്പുകള്‍ക്ക് തടയിടാനാകും. സബ് രജിസ്ട്രാര്‍ ഓഫീസുകളും വില്ലേജ് ഓഫീസുകളും സംയോജിച്ചാണ് പദ്ധതി നടപ്പില്‍ വരുത്തുക. ഇതു സംബന്ധിച്ച് വില്ലേജ് ഓഫീസര്മാര്ക്ക്പരിശീലനംനല്കിക്കഴിഞ്ഞു. അടുത്ത ഘട്ടത്തില്‍ ആധാരം എഴുത്തുകാര്‍ക്കും പരിശീലനം നല്‍കും. ജില്ലയിലെ ഓരോ ദിവസത്തെയും റവന്യൂ വരുമാനം വകുപ്പ് ഉദ്യോഗസ്ഥര്‍ക്ക് എവിടെയിരുന്നും തിട്ടപ്പെടുത്താനാകും. ജില്ലാകലക്ടറുടെ അധ്യക്ഷതയിലുള്ള ജില്ലാതല മോണിറ്ററിങ്ങ് കമ്മറ്റിയുംഅഡീ.തഹസില്‍ദാറുടെ അധ്യക്ഷതയിലുള്ള താലൂക്കുതല മോണിറ്ററിങ്ങ് കമ്മറ്റികളുമാണ് പദ്ധതിക്ക് നേതൃത്വംനല്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: