കല്‍പ്പറ്റ : ജില്ലയിലെ ബാങ്ക് നിക്ഷേപം മുന്‍വര്‍ഷത്തെ അപേക്ഷിച്ച് 16 ശതമാനം വര്‍ദ്ധിച്ചതായി ജില്ലാതല ബാങ്കിങ്ങ് അവലോകന സമിതിയോഗം വിലയിരുത്തി. ആകെ നിക്ഷേപം 3915 കോടി രൂപയായി ഉയര്‍ന്നു. പ്രവാസി നിക്ഷേപം 24% വര്‍ദ്ധിച്ച് 412 കോടിയായി. വായ്പ 4279 കോടിയായി ഉയര്‍ന്നിട്ടുണ്ട്. വായ്പാ നിക്ഷേപാനുപാതം സംസ്ഥാന ശരാശരി 70 ശതമാനം മാത്രമുളളപ്പോള്‍ ജില്ലയില്‍ 109 ശതമാനം രേഖപ്പെടുത്തി. യോഗം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ടി.ഉഷാകുമാരി ഉദ്ഘാടനം ചെയ്തു. സംസ്ഥാന സര്‍ക്കാര്‍ പഞ്ചായത്തുകള്‍ വഴി വിതരണം ചെയ്ത വിവിധക്ഷേമപെന്‍ഷന്‍ ചെക്കുകള്‍ മാറിയെടുക്കാന്‍ വരുന്ന സാധാരണക്കാരായ ജനങ്ങള്‍ക്ക് ബാങ്ക് അക്കൗണ്ട് തുടങ്ങുവാനുളള സൗകര്യം ചെയ്തു കൊടുക്കണമെന്നും അവരെ മറ്റു ബാങ്കുകളിലേയ്ക്ക് അയക്കുന്ന പ്രവണത അവസാനിപ്പിക്കണമെന്നും യോഗം ബാങ്കുകളോട് നിര്‍ദ്ദേശിച്ചു. ഭവന നിര്മ്മാണധനസഹായത്തിന് അര്‍ഹരായ പട്ടികവര്‍ഗ്ഗ വിഭാഗത്തില്‍പ്പെട്ട ഗുണഭോക്താക്കള്‍ക്ക് ആവശ്യമെങ്കില്‍ നാല് ശതമാനം പലിശ നിരക്കില്‍ വായ്പ ലഭ്യമാക്കാന്‍ സഹകരിക്കണമെന്ന് ദാരിദ്ര്യ ലഘൂകരണ വിഭാഗം പ്രൊജക്ട് ഡയറക്ടര്‍ പി.ജി.വിജയകുമാര്‍ ബാങ്കുകളോട് അഭ്യര്‍ത്ഥിച്ചു. 3870 കോടി രൂപ വായ്പാ വിതരണം ലക്ഷ്യം വെക്കുന്ന 2016-17 സാമ്പത്തിക വര്‍ഷത്തെ ക്രെഡിറ്റ് പ്ലാന്‍ ജില്ലാ കളക്ടര്‍ കേശവേന്ദ്രകുമാര്‍ പ്രകാശനം ചെയ്തു. കനറാ ബാങ്ക് കോഴിക്കോട് സര്‍ക്കിള്‍ ഡിവിഷണല്‍ മാനേജര്‍ ആര്.വി പ്രദീപ് മുഖ്യപ്രഭാഷണം നടത്തി. ജില്ലാ പഞ്ചായത്ത് വൈസ്പ്രസിഡന്റ് പി.കെ. അസ്മത്ത് റിസര്‍വ്വ് ബാങ്ക് ഓഫ് ഇന്ത്യ ലീഡ് ഡിസ്ട്രിക്ട് ഓഫീസര്‍ കെ.പി.ശിവദാസന്‍, നബാര്‍ഡ് അസി.ജനറല്‍ മാനേജര്‍ എന്‍.എസ് സജികുമാര്‍, ലീഡ് ബാങ്ക് ഡിവിഷണല്‍ മാനേജര്‍ എം.വി രവീന്ദ്രന് എന്നിവര്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: