കണ്ണൂര്‍: കേരളത്തിലെ കാര്‍ഷിക മേഖലയില്‍ നിലനില്‍ക്കുന്ന പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണാന്‍ എന്‍ഡിഎ സര്‍ക്കാറിന് സാധിക്കുമെന്നും കര്‍ഷക പ്രേമം നടിക്കുന്ന കെ.എം.മാണിയുള്‍പ്പെടെയുളളവര്‍ കര്‍ഷകരുടെ അവകാശങ്ങള്‍ നേടിയെടുക്കാന്‍ എന്‍ഡിഎയുടെ ഭാഗമാകണമെന്നും കേരളാ വികാസ് കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡണ്ട് ജോസ് ചെമ്പേരി പത്രസമ്മേളനത്തില്‍ പറഞ്ഞു. റബ്ബറിന്റെ ഇന്നത്തെ അവസ്ഥയ്‌ക്ക് ഉത്തരവാദി നിയന്ത്രണങ്ങളില്ലാതെ ഇറക്കുമതി അനുവദിച്ച മന്‍മോഹന്‍സിംഗിന്റെ നേതൃത്വത്തിലുളള കോണ്‍ഗ്രസ് സര്‍ക്കാരാണ്. അന്നും ജോസ് കെ മാണി ലോക്‌സഭയിലുണ്ടായിരുന്നുവെന്നും അന്നൊന്നുമില്ലാത്ത വെപ്രാളം ഇന്ന് കര്‍ഷകരുടെ കാര്യത്തില്‍ ജോസ് കെ മാണി കാണിക്കുന്നതെന്തു കൊണ്ടാണെന്നും അദ്ദേഹം ചോദിച്ചു.റബ്ബറിനും കാര്‍ഷിക വിളകള്‍ക്കും ഉണ്ടായ വിലതകര്‍ച്ചയില്‍ ജീവിക്കാന്‍ പാടുപെടുന്ന 2 ഏക്കര്‍ വരെയുളള കര്‍ഷകരുടെ കടങ്ങളുടെ പലിശ സര്‍ക്കാര്‍ ഏറ്റെടുത്ത് മുതലടക്കാന്‍ സാവകാശം നല്‍കണമെന്നും കര്‍ഷക കുടുംബങ്ങള്‍ക്ക് ബിപിഎല്‍ കുടുംബങ്ങള്‍ക്ക് നല്‍കുന്ന ആനുകൂല്യങ്ങള്‍ നല്‍കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. വില തകര്‍ച്ചമൂലം കഷ്ടപ്പെടുന്ന കൃഷിക്കാരുടേയും സാധാരണക്കാരുടേയും ജപ്തി നടപടികള്‍ ഒഴിവാക്കി അവര്‍ക്ക് തിരിച്ചടവിന് സാവകാശം നല്‍കണമെന്നും വിദ്യാഭ്യാസ വായ്‌പയെടുത്ത് പഠിച്ച് തൊഴില്‍ ലഭിക്കാത്തവരുടെ പലിശ ഒഴിവാക്കി മുതല്‍ തിരിച്ചടയ്‌ക്കാന്‍ ബാങ്കുകള്‍ സഹായിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. പത്രസമ്മേളനത്തില്‍ ജോസ് മൈലാടൂര്‍, ജോയിച്ചന്‍ വേലിക്കകത്ത് തുടങ്ങിയവരും പങ്കെടുത്തു.
















