കണ്ണൂര്‍: നാടന്‍ കലാ അക്കാദമി അതിന്റെ പൂര്‍ണ്ണതയില്‍ എത്തുന്നതില്‍ സന്തോഷമുണ്ടെന്ന് സാംസ്‌കാരിക വകുപ്പ് മന്ത്രി കെസി ജോസഫ് പറഞ്ഞു. ചിറക്കലില്‍ കേരള ഫോക്‌ലോര്‍ അക്കാദമി ആസ്ഥാനത്ത് നവീകരിച്ച മ്യൂസിയം ഉദ്‌ഘാടനവും പികെ കാളന്‍ പുരസ്‌കാര സമര്‍പ്പണവും നിര്‍വഹിച്ചു സംസാരിക്കുകയായിരുന്നു മന്ത്രി.
നാടന്‍ കലകള്‍ അന്യസംസ്ഥാനങ്ങളിലും വിദേശങ്ങളിലും അവതരിപ്പിക്കുന്നതിലൂടെ വിദേശികള്‍ക്കും ടൂറിസ്റ്റുകള്‍ക്കും നാടിന്റെ കഴിഞ്ഞ കാല സമ്പത്ത് വെളിപ്പെടുത്താനായത് വലിയ കാര്യമാണ്. അന്യം നില്‍ക്കുന്ന നാടന്‍ കലകള്‍ സംരക്ഷിക്കാനായത് അക്കാദമിയുടെ നേട്ടമാണ്. ക്ഷേത്രാചാരഭാഗമായി രൂപപ്പെട്ട കലാരൂപങ്ങളാണ് പിന്നീട് നാടന്‍കലകളായി വളര്‍ന്നത്. ഇവ പുതുതലമുറക്ക് പരിചയപ്പെടുത്തി കേരളത്തിന്റേതായ രീതിയില്‍ ചിട്ടപ്പെടുത്താനായതില്‍ നാടന്‍ കലാ അക്കാദമി വിജയിച്ചു. അക്കാദമിക്കു വേണ്ടി ജീവിതമുഴിഞ്ഞുവെച്ച വ്യക്തിയായിരുന്നു പികെ കാളനെന്നും മന്ത്രി പറഞ്ഞു. ഫോക്‌ലോര്‍ അക്കാദമി മുന്‍ ചെയര്‍മാന്‍ കൂടിയായിരുന്ന പികെ കാളന്റെ പേരില്‍ സാംസ്‌കാരിക വകുപ്പ് ഏര്‍പ്പെടുത്തിയ ഒരു ലക്ഷം രൂപയുടെ പുരസ്‌കാരം ഡോ.എന്‍.അജിത്‌കുമാറിന് മന്ത്രി നല്‍കി.
കെഎം ഷാജി എംഎല്‍എ അദ്ധ്യക്ഷത വഹിച്ചു. ജില്ലാ കലക്‌ടര്‍ പി.ബാലകിരണ്‍, സുരേഷ് കൂത്തുപറമ്പ്, രവീന്ദ്രവര്‍മ്മരാജ, ആര്‍ട്ടിസ്റ്റ് ശശികല എന്നിവര്‍ സംബന്ധിച്ചു. ഫോക്‌ലോര്‍ അക്കാദമി ചെയര്‍മാന്‍ ഡോ.ബി.മുഹമ്മദ് അഹമ്മദ് സ്വാഗതവും സെക്രട്ടറി എം.പ്രദീപ്‌കുമാര്‍ നന്ദിയും പറഞ്ഞു. തുടര്‍ന്ന് വിവിധ നാടന്‍ കലാ പരിപാടികള്‍ അരങ്ങേറി.
















