പേട്ട: തിരുവനന്തപുരം രാജ്യന്തര വിമാനത്താവളത്തില്‍ വന്‍ സുരക്ഷാ വീഴ്ച്ച. റണ്‍വേയിലെ പുകമറകാരണം നിറയെ യാത്രക്കാരുമായി എത്തിയ വിമാനം തിരികെ മടങ്ങി. ശ്രീലങ്കയില്‍ നിന്നെത്തിയ എയര്‍ ലങ്കവിമാനമാണ് റണ്‍വേയില്‍ ഇറങ്ങാന്‍ കഴിയാതെ തിരികെ മടങ്ങിയത്. ഇന്നലെ രാവിലെ 8.30 ഓടെയാണ് സംഭവം. പക്ഷികളെ ഓടിക്കാനായി ഏറുപടക്കം പൊട്ടിച്ചതുകൊണ്ടുണ്ടായ അഗ്നിബാധയിലാണ് വിമാനത്താവളത്തിലെ പുല്‍ക്കാടുകള്‍ കത്തി പുകയുംപൊടിപടലങ്ങളും റണ്‍വേയില്‍ നിറഞ്ഞത്. തുടര്‍ന്ന് മൂന്നുതവണ വിമാനം ഇറങ്ങാന്‍ ശ്രമിച്ചെങ്കിലും പരാജയപ്പെട്ടതിനെ തുടര്‍ന്ന് ശ്രീലങ്കയിലേക്ക് മടങ്ങിയ വിമാനം മണിക്കൂറുകള്‍ക്ക് ശേഷം തിരികെ എത്തുകയായിരുന്നു.
വിമാനമിറങ്ങുന്ന സമയങ്ങളില്‍ റണ്‍വേ തടസ്സപ്പെടുത്തുന്ന വിധത്തിലുള്ള യാതൊരു പ്രവര്‍ത്തനങ്ങളും നടത്താന്‍ പാടില്ലെന്നാണ് നിയമം. റണ്‍വേ സുരക്ഷിതമെന്ന് ഉറപ്പു വരുത്തിയശേഷമാണ് വിമാനമിറങ്ങാന്‍ അനുമതി നല്‍കിക്കൊണ്ടുള്ള സിഗ്നല്‍ നല്‍കേണ്ടത്. എന്നാല്‍ ഇന്നലെ രാവിലെ 8.30 ന് ലാന്‍ഡ് ചെയ്യാന്‍ ശ്രമിച്ച വിമാനം പുകമറ മൂലം ലാന്‍ഡിംഗ് പോയിന്റ് കടന്നതിനെ തുടര്‍ന്ന് രണ്ടാമതും വീണ്ടും ലാന്‍ഡിങ്ങിന് അനുമതി ചോദിച്ചു. പുകമറയുടെ ഗൗരവം ശ്രദ്ധയില്‍ പെട്ട അധികൃതര്‍ എയര്‍ ട്രാഫിക് കണ്ട്രോള് കേന്ദ്രത്തില്‍ നിന്നും വിമാനത്തിന് അനുമതി നിഷേധിച്ചു. കുറച്ചു നേരം ആകാശത്ത് വട്ടം ചുറ്റിപറന്ന വിമാനത്തിന് ഒടുവില്‍ എമര്‍ജന്‍സി ലാന്‍ഡിംഗിന് അനുമതി നല്‍കിയെങ്കിലും ഇന്ധനം തീരാറായതിനാല്‍ വിമാനം തിരികെ ശ്രീലങ്കയിലേക്ക് മടങ്ങുകയും മണിക്കൂറുകള്‍ കഴിഞ്ഞ് തിരികെ എത്തുകയുമായിരുന്നു. അതേസമയം അഗ്നിബാധ ദുരൂഹത ഉയര്‍ത്തുകയാണ്. നാലിടങ്ങളില്‍ ഒരേസമയം അഗ്നിബാധയുണ്ടായത് സംഭവത്തിന്റെ ദുരൂഹത വര്‍ദ്ധിപ്പിക്കുന്നു. ഈ സംഭവം വിമാനത്താവളത്തിന്റെ സുരക്ഷാ വീഴ്ച്ചയിലേക്കാണ് വിരല്‍ ചൂണ്ടുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: