ആറ്റിങ്ങല്‍: സഹജീവിയോടുള്ള സ്നേഹത്തില്‍ നഷ്ടമായത് രണ്ട്കുടുംബങ്ങളുടെ അത്താണി. കഴിഞ്ഞ ദിവസം 4 ഓടെ കിണറ്റിലകപ്പെട്ട ആട്ടിന്‍കുട്ടിയെ ഏടുക്കാനിറങ്ങിയ പ്രകാശും പ്രകാശിനെ രക്ഷിക്കാനിറങ്ങിയ രാജീവും മരണപ്പെട്ടതോടെ അനാഥമായത് രണ്ട് കുടുംബങ്ങള്‍. കൂലിപ്പണിക്കാരായിരുന്ന പ്രകാശ് രണ്ടര വര്‍ഷം മുമ്പാണ് മസ്കറ്റിലേക്ക് പോയത്. ആദ്യ വരവിലാണ് പ്രകാശനെ വിധി കവര്‍ന്നെടുത്തത്. പ്രകാശന്റെ മൂത്തമകള്‍ ലിജിത പിഎസ്സി പരീക്ഷയുടെ തയ്യാറെടുപ്പിലാണ്. സാമ്പത്തിക പരാധീനത ആയതിനാല്‍ ഇളയമകള്‍ പ്രവീണ സ്കൂള്‍ വിദ്യാഭ്യാസം കഴിഞ്ഞ് തുടര്‍പഠനത്തിന് പോയില്ല. പ്രാകശിന്റെ വരുമാനനം മാത്രമാണ് കുടുംബത്തിന്റെ ഏക അത്താണി. ആകെ ഉള്ളത് 5 സെന്റു ഭൂമിയും വീടുമാണ്. പട്ടികജാതി വികസനകോര്‍പ്പറേഷനില്‍ നിന്നാണ് വീട് ലഭിച്ചത്. അതിന്റെ പണി പൂര്‍ത്തിയാക്കാന്‍ ചെമ്പൂര് സഹകരണബാങ്കില്‍ നിന്നെടുത്ത ലോണിന് 20000 രൂപ ജപ്തിനോട്ടീസ് വന്നുകിടക്കുന്നു. ഭാര്യ മോളി ആടിനെ വളര്‍ത്തിയാണ് അത്യാവശ്യം വീട്ടുചിലവുകള്‍ നോക്കുന്നത്. രണ്ട് മക്കളുടേയും വിവാഹം നടത്തണമെന്ന മോഹത്തോടെയാണ് പ്രകാശ് ഗള്‍ഫിലേക്ക് പോയത്. അവധിയ്ക്ക് നാട്ടിലെത്തിയപ്പോള്‍ ലിജിതയ്ക്ക് വിവഹാലോചനകള്‍ വന്നുവെങ്കിലും സാമ്പത്തിക
അപകടത്തില്‍ മരിച്ച പ്രകാശിന്റെ മൃതശരീരത്തിനരികില്‍ വിലപിക്കുന്ന ബന്ധുക്കള്‍
പരാധീനതകൊണ്ട് പലതും വേണ്ടെന്ന് വച്ചു. ഇതിനിടയിലാണ് ദുരന്തം സംഭവിച്ചത്. ഇതോടെ കുടുംബം അനാഥമായ അവസ്ഥയിലാണ്.
പ്രകാശിന്റെ ബന്ധുവും അയല്‍വാസിയുമാണ് രക്ഷാപ്രവര്‍ത്തനത്തിനിടെ മരിച്ച രാജീവ്. പ്രകാശ് വിവഹം കഴിച്ചിരിക്കുന്നത് രാജീവന്റ മാതൃസഹോദരിയുടെ മകളെയാണ്. രാജീവ് ജോലികഴിഞ്ഞെത്തി വീടിനുള്ളില്‍ വിശ്രമിക്കവെ ഭാര്യ മിനിയുടെ നിലവിളി കേട്ട് സ്ഥലത്തെത്തുകയായിരുന്നു. ഉടനെ കിണറ്റിലേക്ക് ഇറങ്ങി അവശനായ പ്രകാശനെ കുട്ടയില്‍ ഇരുത്തി മുകളിലേക്ക് കൊണ്ട് വരവെയാണ് ശ്വാസതടസ്സം അനുഭവപ്പെട്ട് കിണറ്റിലേക്ക് വീണത്. ഇതോടെ പ്രകാശും കുട്ടയില്‍നിന്ന് നിയന്ത്രണം വിട്ട് കിണറ്റിലേക്ക് പതിച്ചു. മൂന്ന് സെന്റ് പുരയിടത്തിലെ ഐഎവൈ പദ്ധതി പ്രകാരം ലഭിച്ചവീടുമാണ് ഈ കുടുംബത്തിന് ആകെയുള്ള സമ്പാദ്യം. അഞ്ചാം ക്ലാസ്സില്‍ പഠിക്കുന്ന പൊന്നുവും നാലില്‍ പഠിക്കുന്ന മീനുവുമാണ് രാജീവന്റെ മക്കള്‍. ഇരുവരും ഇളമ്പ ഗവണ്മെന്റ് സ്കൂളിലെ വിദ്യാര്‍ത്ഥികളാണ്. രാജീവിന്റെ മരണത്തോടെ ഈ കുടുംബവും അനാഥമായി.
ഇന്നലെ ഉച്ചയ്ക്ക് 1.30 ഓടെ വീട്ടില്‍ എത്തിച്ച മൃതദേഹം ഒരു പന്തലില്‍തന്നെ പൊതുദര്‍ശനത്തിന് വച്ചു. ഇരുവരുടേയും മക്കളുടെ നിലവിളി ജനാവലിയെ ഒന്നടങ്കം കണ്ണീരണിയിച്ചു. അരമണിക്കൂര്‍ നേരം പൊതുദര്‍ശനത്തിനുശേഷം 2 ഓടെ ഇരുവരുടേയും വീടിനുമുന്നില്‍ ചിതയൊരുക്കിയ സംസ്കരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: