തിരുവനന്തപുരം: നഗരത്തിലെ വെള്ളക്കെട്ടിനു പരിഹാരം ഉണ്ടാക്കുന്നതിനായി ആരംഭിച്ച ഓപ്പറേഷന് അനന്തയുടെ ഒന്നാം ഘട്ടപണിപൂര്ത്തിയാക്കിയതിന്റെ പ്രഖ്യാപനം 24ന് നടത്തുമെന്ന് ചീഫ് സെക്രട്ടറി ജിജി തോംസണ്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. 30 കിലോമീറ്റര്‍ ദൂരത്തില്‍ 2.5 മീറ്റര്‍ വീതിയിലും ഒന്നര മീറ്റര്‍ ആഴത്തിലുമായി ഓടകള്‍ നിര്‍മ്മിച്ചു കഴിഞ്ഞു. ഒരു ലക്ഷത്തിലധികം ക്യൂബിക് മീറ്റര്‍ വെള്ളം ഉള്‍ക്കൊള്ളാന്‍ ഈ ഓടാകള്ക്കാകും. നഗരത്തിലെ വെള്ളക്കെട്ടിനു പരിഹാരം കാണുന്നിതിന് സി.പി. രാമസ്വാമി അയ്യര്‍ തയ്യാറാക്കിയിരുന്ന രേഖകളും ചിത്രങ്ങളും ഉപയോഗിച്ചാണ് അനന്ത പദ്ധതി മുന്നോട്ടു പോയത്. പത്ത് കോടിയില്‍ തുടങ്ങിയ പദ്ധതി ഏകദേശം മുപ്പത് കോടിവരെയായിട്ടുണ്ട്. കനത്ത മഴയത്ത് കായലില്‍ നിന്നും വെള്ളം തിരികെ കയറാതിരിക്കുന്നതിന് വേളിയില്‍ പുലിമുട്ട് നിര്‍മ്മിക്കുന്നതിനുള്ള നടപടികള്‍ നടന്നു വരുന്നു. മാലിന്യങ്ങള്‍ നിക്ഷേപിക്കുന്നതിനാലാണ് ഓടകള്‍ അടയാന്‍ കാരണം. മാലിന്യം നിക്ഷേപിക്കുന്നതിന് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളാണ് പദ്ധതികള്‍ തയ്യാറാക്കേണ്ടതെന്നും തന്റെ വീടിനു സമീപത്തെ വെള്ളക്കെട്ട് പരിഹരിക്കുന്നതിന് ഒരു വീട്ടുടമസ്ഥന് ഫോണ്‍ വഴി പരാതി പറഞ്ഞതാണ് അനന്തയുടെ ഉത്ഭവത്തിനു കാരണമെന്നും ചീഫ് സെക്രട്ടറി പറഞ്ഞു.
ഓപ്പറേഷന് അനന്ത സംസ്ഥാനം മുഴുവന്‍ നടപ്പിലാക്കുന്നുണ്ട്. വയനാട്ടില്‍ പദ്ധതിനടപ്പിലാക്കിയതിന്റെ ഭാഗമായി മൂന്ന് കിലോമീറ്ററോളം ദൂരംകൈയ്യേറിയിരുന്ന റോഡ് ഒഴിപ്പിക്കാന്‍ സാധിച്ചു. മറ്റ് സംസ്ഥാനങ്ങളും പദ്ധതിയെപ്പറ്റി ആരായുന്നുണ്ട്. ഇത് സംബന്ധിച്ച് ശില്പശാല ഇന്നലെ നടന്നു.
എന്നാല്‍ ഒന്നാം ഘട്ടത്തിന്റെ ഭാഗമായി തുടങ്ങിവച്ച പണികള്‍ ഇനിയും പൂര്‍ത്തിയാക്കാനുണ്ട്. കോടതി നടപടികളില്‍ കുടുങ്ങി തെക്കനംകര കനാലിന്റെ പണി എങ്ങുമെത്തിയില്ല. ചാല മാര്‍ക്കറ്റിനു സമീപത്തെയും റോഡുകള്‍ക്ക് സമീപത്തെയും ഓടകള്‍ ഇനിയും വൃത്തിയാക്കിയിട്ടില്ല. കുര്യാത്തിയില്‍ നിന്നും മണക്കാട്ടേക്കു പോകുന്ന റോഡിനു സമീപത്തെ ഓടകളിലെ മണ്ണ് നീക്കം ചെയ്യുന്നതിനെക്കുറിച്ചും തീരുമാനമായിട്ടില്ല.
രാവിലെ നടന്ന ഓപ്പറേഷന് അനന്ത ശില്പശാലയില് ഡോ. കെ. വാസുകി, വിശ്വാസ മേത്ത, കളക്ടര്‍ ബിജുപ്രഭാകര്‍, എ.കെ. സിന്‍ഹ തുടങ്ങിയവര്‍ സംബന്ധിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: