ന്യൂദല്‍ഹി: രാജ്യവിരുദ്ധ മുദ്രാവാക്യം വിളിച്ച കേസിലെ പ്രതിയെ രക്ഷിക്കാനെത്തിയ ‘ബുദ്ധിജീവി’ വര്‍ഗ്ഗത്തിനേറ്റ കനത്ത പ്രഹരമായി സുപ്രീംകോടതി വിധി. മുതിര്‍ന്ന അഭിഭാഷകരും മാധ്യമ പ്രവര്‍ത്തകരും രാഷ്ട്രീയക്കാരും മറ്റു ബുദ്ധീജീവികളും പരമോന്നത നീതിപീഠത്തെ സ്വാധീനിക്കാന്‍ നടത്തിയ എല്ലാ ശ്രമങ്ങളും തകര്‍ക്കുന്നതായി കോടതി നിലപാട്. സുപ്രീംകോടതിയിലേക്ക് പ്രകടനം നടത്തി കേസിനെ സ്വാധീനിക്കാന്‍ വരെ ശ്രമമുണ്ടായ പശ്ചാത്തലത്തില്‍ ദല്‍ഹി കോടതികളുടെ അഭിമാനം ഉയര്‍ത്തുന്നതായി സുപ്രീംകോടതി നിലപാട്.
ദല്‍ഹിയിലെ കോടതികളിലൊന്നും വിശ്വാസമില്ലെന്ന് പ്രഖ്യാപിച്ചുകൊണ്ടായിരുന്നു ഒരു സംഘം അഭിഭാഷകര്‍ കനയ്യകുമാറിനു വേണ്ടി നേരിട്ട് സുപ്രീംകോടതിയെ സമീപിച്ചത്. ഭരണഘടനയുടെ 32-ാം അനുച്ഛേദ പ്രകാരം കനയ്യയ്ക്ക് നീതി ലഭിച്ചില്ലെന്നായിരുന്നു ഇവരുടെ വാദം.
സെഷന്‍സ് കോടതിയിലും പട്യാലഹൗസ് കോടതിയിലും സുരക്ഷാ പ്രശ്നമുണ്ടെന്നും അതുകൊണ്ട് നിയമ നടപടികള്‍ സ്വീകരിക്കാനുള്ള മൗലികാവകാശം ലംഘിക്കപ്പെട്ടുവെന്നും കനയ്യയ്ക്ക് വേണ്ടി ഹാജരായ അഭിഭാഷകന് രാജു രാമചന്ദ്രന് വാദിച്ചു. ഹൈക്കോടതിയില്‍ കൊടുക്കത്തില്ലേയെന്ന സുപ്രീംകോടതിയുടെ ചോദ്യത്തിന് അവിടെയും സമാനമായ സാഹചര്യമാണെന്ന് രാജു രാമചന്ദ്രന് പറഞ്ഞു.
ജില്ലാകോടതിയിലും ഹൈക്കോടതിയിലും രണ്ടിടത്തും പോകാനാവാത്തതിനാലാണ് ഇവിടെ വന്നത്. യാതൊരു സുരക്ഷിതത്വവും ദല്‍ഹിയിലെ കോടതികളിലില്ല, രാജുരാമചന്ദ്രന്റെ വാദം തുടര്‍ന്നു. എന്നാല്‍
എന്നാല്‍ ഈ വാദങ്ങള്‍ തള്ളിയ സുപ്രീംകോടതി എല്ലാ കോടതിയിലും സുരക്ഷാ പ്രശ്നമാണെന്ന പ്രതിഭാഗം വാദം അംഗീകരിക്കാനാവില്ലെന്ന് വ്യക്തമാക്കി. ക്രിമിനല്‍ നടപടിചട്ടത്തില്‍ കൃത്യമായ നടപടിക്രമങ്ങള്‍ പറയുന്നുണ്ട്. അതനുസരിച്ച് പ്രവര്‍ത്തിക്കണം. ഈ കേസില്‍ അങ്ങനെയൊന്നുമുണ്ടായിട്ടില്ല. കേസ് പരിഗണിച്ചാല്‍ അതു തെറ്റായ കീഴ്വഴക്കമുണ്ടാക്കും, ജസ്റ്റിസ് ചെലമേശ്വര്‍ പറഞ്ഞു.
ജാമ്യഹര്‍ജി പരിഗണിക്കേണ്ട ആവശ്യമില്ലെന്നും അത്തരത്തിലുള്ള അസാധാരണമായ സാഹചര്യമുണ്ടെന്ന് പറയുന്നത് തെറ്റാണെന്നും കേന്ദ്രസര്‍ക്കാരിന് വേണ്ടി ഹാജരായ മുതിര്‍ന്ന അഭിഭാഷകന് രഞ്ജിത് കുമാര്‍ പറഞ്ഞു. പ്രതിക്ക് കീഴ്ക്കോടതിയെ സമീപിക്കേണ്ടതേയുള്ളൂ. ആര്‍ക്കാണോ കീഴ്ക്കോടതികളില്‍ പോകുന്നതിന് സുരക്ഷാ പ്രശ്നങ്ങളാല്‍ പേടിയുള്ളത് അവര്‍ക്ക് താന്‍ സംരക്ഷണം നല്‍കും, രഞ്ജിത് കുമാര്‍ പറഞ്ഞു.
ദല്‍ഹിയിലെ കീഴ്ക്കോടതികളൊക്കെ ഒരു ജാമ്യം പരിഗണിക്കാന്‍ പോലും കഴിവില്ലാത്തവരാണോയെന്നാണോ നിങ്ങള്‍ പറയുന്നതെന്നും അദ്ദേഹം ചോദിച്ചു.
സോളിസൊറാബ്ജിയും രാജുരാമചന്ദ്രനുമാണ് കനയ്യയ്ക്കായി വാദിച്ചത്. പട്യാല ഹൗസ് കോടതിയിലെ അഭിഭാഷക പ്രതിഷേധം സംബന്ധിച്ച അന്വേഷണത്തിന് സുപ്രീംകോടതി നിയോഗിച്ച അഭിഭാഷക കമ്മീഷനിലെ അംഗമായ രാജീവ് രാമചന്ദ്രനന്‍ പ്രതിയുടെ ജാമ്യത്തിനായി വാദിച്ചത് ശ്രദ്ധേയമായി.
അതിനിടെ ഇടതുപക്ഷ വാര്‍ത്താ ചാനലിലെ മാധ്യമ പ്രവര്‍ത്തകനായിരുന്ന മലയാളി അഭിഭാഷകന് ആര്‍എസ്എസ് തീവ്രവാദ സംഘടനയാണെന്നാരോപിച്ച് സമര്‍പ്പിച്ച ഹര്‍ജി പിന്‍വലിക്കാന്‍ സുപ്രീംകോടതി ആവശ്യപ്പെട്ടു. ഇത്തരം പരാമര്‍ശങ്ങള്‍ തിരുത്തി പുതിയ ഹര്‍ജി നല്‍കാനാണ് കോടതി നിര്‍ദ്ദേശിച്ചത്. കേസില്‍ പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിക്കണമെന്ന ആവശ്യവും കോടതി തള്ളിക്കളഞ്ഞു. സുപ്രീംകോടതിയെ സമ്മര്‍ദ്ദത്തിലാഴ്ത്തി കനയ്യകുമാറിനും കൂട്ടാളികള്‍ക്കും സംരക്ഷണം നല്‍കാനുള്ള വലിയ ഗൂഢാലോചനയാണ് സുപ്രീംകോടതിയുടെ ശരിയായ നടപടികളിലൂടെ പൊളിഞ്ഞത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: