ന്യൂദല്‍ഹി: ജെഎന്‍യു പ്രശ്നത്തില്‍ ജമ്മുകശ്മീരില്‍ നിന്നുള്ള വിദ്യാര്‍ഥികളെ അറസ്റ്റു ചെയ്തതില്‍ ആശങ്കയുണ്ടെന്ന് പാക്കിസ്ഥാന്. അഫ്സല് ഗുരുവിന്റെ വിചാരണയില്‍ അനീതിയുണ്ടെന്നാണ് കശ്മീരികള്‍ കരുതുന്നതും. പാക് വക്താവ് മുഹമ്മദ് നഫീസ് സക്കറിയ പറഞ്ഞു. അനീതി നിറഞ്ഞ ഈ വിചാരണ കശ്മീരികള്‍ സ്വീകരിച്ചിട്ടില്ല.സക്കറിയ തുടര്‍ന്നു.
ജെഎന്‍യു അടക്കമുള്ള സ്ഥലങ്ങളിലെ രാജ്യദ്രോഹപ്രവര്ത്തനങ്ങള്ക്കെതിരെ കേന്ദ്രം കടുത്ത നടപടിയെടുക്കുന്നതിലെ പാക് ആശങ്ക സംഭവത്തിനു പിന്നിലെ അജണ്ട വ്യക്തമാക്കുന്നതാണ്. പാക് നിലപാടിനെ സാധൂകരിക്കുന്നതാണ് പല ഇടതുപക്ഷ സംഘടനകളുടെയും നിലപാടുകളും.
അതിനിടെ ജെഎന്‍യുവിലെ ഡെമോക്രാറ്റിക് യൂണിയന് നേതാവും വിഘടനവാദിയും പാക് അനുകൂലിയുമായ ഉമര്‍ ഖാലീദിനെ കണ്ടെത്താന്‍ ദല്‍ഹി പോലീസ് തെരച്ചില്‍ ശക്തമാക്കി. ഇയാളാണ് ജെഎന്‍യുവില്‍, പാര്‍ലമെന്റാക്രമണക്കേസില്‍ രാജ്യം തൂക്കിലേറ്റിയ അഫ്സല് ഗുരുവിനു വേണ്ടി പൊതുപരിപാടികള്‍ സംഘടിപ്പിച്ചതും അഫ്സല് അനുകൂല മുദ്രാവാക്യങ്ങള്‍ വിളിച്ചതും വിദ്യാര്ഥികളെക്കൊണ്ട് വിളിപ്പിച്ചതും.
ഇയാള്‍ ഹിമാചല്‍പ്രദേശില്‍ എവിടെയോ ഒളിവില്‍ കഴിയുകയാണെന്നാണ് സൂചന. സെല്‍ ഫോണ്‍ പിന്തുടര്ന്നതില് ഇയാള്‍ സിംലയില്‍ എത്തിയതായി വിവരം ലഭിച്ചിട്ടുണ്ട്. ഇയാളുടെ ബന്ധുക്കളെയും സഹപാഠികളെയും പോലീസ് ചോദ്യം ചെയ്തുവരികയാണ്.ദല്‍ഹി പോലീസിന്റെ ഒരു സംഘം ഹിമാചല്‍പ്രദേശില്‍ എത്തിയിട്ടുണ്ട്. ജെഎന്‍യുവില്‍ രാജ്യവിരുദ്ധ മുദ്രാവാക്യം വിളിച്ചതിന് പോലീസ് മറ്റ് ആറു പേരെയും തെരഞ്ഞുവരികയാണ്. സിപിഐ നേതാവ് ഡി.രാജയുടെ മകള്‍ അടക്കം ആറുപേരും ഒളിവിലാണ്. കനയ്യകുമാറിനെ അറസ്റ്റു ചെയ്തതോടെ ഖാലീദടക്കം ഏഴു പേരും ഒൡവില്‍ പോയതാണ്. ദല്‍ഹി പോലീസ് പറഞ്ഞു.
അതിനിടെ കനയ്യയും ഖാലീദും അടക്കമുള്ളവര്‍ അഫ്സല് ഗുരുവിന് അനുകൂലമായ മുദ്രാവാക്യം വിളിക്കുന്നതിന്റെ മറ്റൊരു വീഡിയോ ദൃശ്യം കൂടി പോലീസ് കണ്ടെടുത്തു. ഫെബ്രുവരി മൂന്നിനും ഒന്‍പതിനും ഇടയ്ക്ക് കനയ്യയുടെ രണ്ടു ഫോണുകളില്‍ നിന്ന് 800 കോളുകളാണ് പോയിട്ടുള്ളത്. ഇവയില്‍ 38 എണ്ണം ജമ്മുകശ്മീരിലേക്ക് വിളിച്ചവയാണ്. 65 എണ്ണം ജമ്മകശ്മീരില്‍ നിന്ന് വന്നവയും.
രാജ്യത്തെ 18 സര്‍വ്വകലാശാലാ കാമ്പസുകളില്‍ പാര്‍ലമെന്റാക്രമണക്കേസില്‍ തൂക്കിലേറ്റപ്പെട്ട ഭീകരന് അഫ്സല്ഗുരുവിന്റെ അനുസ്മരണ പരിപാടികള്‍ സംഘടിപ്പിക്കാന്‍ ഡിഎസ്യു പദ്ധതിയിട്ടിരുന്നതായി ദല്‍ഹി പോലീസ കണ്ടെത്തിയിട്ടുണ്ട്. ജെഎന്‍യുവിലെ ഗവേഷണ വിദ്യാര്‍ത്ഥിയായ ഉമര്‍ ഖാലിദാണ് ഇതിന് നേതൃത്വം നല്‍കുന്നത്.
അഫ്സല് ഗുരുവിന്റെയും ജമ്മു കശ്മീര്‍ ലിബറേഷന്‍ ഫ്രണ്ട് സ്ഥാപകനായ മക്ബൂല്‍ ഭട്ടിന്റെയും മരണവാര്‍ഷികം ആഘോഷിക്കാനായിരുന്നു ഡിഎസ്യുവിന്റെ പദ്ധതി. ബനാറസ് യൂണിവേഴ്സിറ്റി, അലഹബാദ് യൂണിവേഴ്സിറ്റി, ജാദവ്പൂര്‍ യൂണിവേഴ്സിറ്റി തുടങ്ങിയ സ്ഥലങ്ങളില്‍ പരിപാടികള്‍ നടത്താന്‍ ലക്ഷ്യമിട്ടു. ബംഗാളിലെ ജാദവ്പൂര്‍ യൂണിവേഴ്സിറ്റിയില്‍ അഫ്സല് ഗുരു അനുസ്മരണ പരിപാടി നടത്തുകയും ചെയ്തു.
28 കാരനായ ഖാലീദ് തീവ്ര ഇടതുപക്ഷചിന്താഗതിക്കാരനാണ്. ഇയാള്‍ക്ക് ജെയ്ഷെ മുഹമ്മദുമായി ബന്ധമുണ്ട്. ഇയാളുടെ പിതാവ് സെയ്ദ് ഖ്വാസിം ഇലിയാസ് മുന്‍ സിമി പ്രവര്‍ത്തകനാണ്. കശ്മീരിലേത് ഭാരത കൈയേറ്റം എന്നാണ് ഇയാള്‍ പറയുന്നത്.
അതിനിടെ ഭാരതത്തിലെ ഇപ്പോഴത്തെ അവസ്ഥ തങ്ങള്‍ക്കനുകൂലമാണെന്ന വിശ്വാസത്തിലാണ് പാക്കിസ്ഥാനും പാക് ചാരസംഘടനയായ ഐഎസ്ഐയും. ജെഎന്‍യു വിഷയത്തില്‍ ഒരു വിഭാഗം മാധ്യമങ്ങള്‍ ഹാഫീസ് സെയ്ദിന് അനുകൂല നിലപാട് കൈക്കൊണ്ടതിലും പാക്കിസ്ഥാന് സന്തോഷമുണ്ട്. ആദര്‍ശപരമായി ഭാരതം വിഭജിക്കപ്പെട്ടതായും അവര്‍ കരുതുന്നു.
കശ്മീരില്‍ ഹാഫീസ് സെയ്ദ് സൈബര്‍ സെല്‍ തുടങ്ങിയതായും സൂചനയുണ്ട്. കശ്മീര്‍ മോചനം സുസാധ്യമാക്കാന്‍ ഈ സാഹചര്യത്തില്‍ ചില മാധ്യമപ്രവര്‍ത്തകരെ കിട്ടുമെന്ന പ്രതീക്ഷയും അവര്‍ക്കുണ്ട്. തങ്ങള്‍ക്കനുകൂലമായ നിലപാട് എടുക്കാന്‍ സാധ്യതയുള്ള മാധ്യമപ്രവര്‍ത്തകരുടെ പട്ടിക തയ്യാറാക്കാന്‍ ഹാഫീസ് സെയ്ദ് സൈബര്‍ സെല്ലിന് നിര്‍ദ്ദേശം നല്‍കിയിട്ടുമുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: