ന്യൂദല്‍ഹി: പശ്ചിമബംഗാളിലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസുമായി നീക്കുപോക്ക് ഉണ്ടാക്കാന്‍ സിപിഎം കേന്ദ്രകമ്മറ്റിയുടെ തീരുമാനം. പ്രത്യക്ഷ സഖ്യം കേരളത്തില്‍ ദോഷം ചെയ്യുമെന്നതിനാല്‍ പ്രാദേശിക തലത്തില്‍ കോണ്‍ഗ്രസുമായി രഹസ്യധാരണയില്‍ മത്സരരംഗത്തിറങ്ങാനാണ് സിപിഎം തീരുമാനം. ഇതുസംബന്ധിച്ച നിലപാട് സ്വീകരിക്കാന്‍ ചേര്‍ന്ന കേന്ദ്രകമ്മറ്റിയില്‍ കോണ്‍ഗ്രസുമായി സഖ്യംചേരാനുള്ള ബംഗാള്‍ സംസ്ഥാന സമിതിയുടെ ശ്രമത്തിനെതിരെ കേരള ഘടകം രൂക്ഷമായ എതിര്‍പ്പാണ് പ്രകടിപ്പിച്ചത്. ഇതോടെയാണ് പരസ്യ സഖ്യത്തിന് പകരം നിയോജക മണ്ഡല അടിസ്ഥാനത്തില്‍ കോണ്‍ഗ്രസുമായി രഹസ്യധാരണയ്ക്ക് തീരുമാനിച്ചത്.
തൃണമൂല്‍ കോണ്‍ഗ്രസിനും ബിജെപിക്കുമെതിരെ എല്ലാ ജനാധിപത്യ ശക്തികളുമായും സിപിഎം സഹകരിക്കുമെന്ന് കേന്ദ്രകമ്മറ്റി തീരുമാനങ്ങള്‍ വിശദീകരിച്ച്് നടത്തിയ പത്രസമ്മേളനത്തില്‍ ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി പറഞ്ഞു. പശ്ചിമബംഗാളില്‍ നിന്നും തൃണമൂല്‍ കോണ്‍ഗ്രസിനെ പുറത്താക്കുന്നതിനാണ് പാര്‍ട്ടി മുന്‍തൂക്കം നല്‍കുന്നത്. ജനകീയ ഐക്യം ശക്തിപ്പെടുത്തി ജനാധിപത്യം സംരക്ഷിക്കുന്നതിനാണ് സിപിഎം ലക്ഷ്യമിടുന്നതെന്നാണ് കോണ്‍ഗ്രസുമായി കൂട്ടുചേരാനുള്ള അടവുനയത്തിന് ജനറല്‍ സെക്രട്ടറി നല്കുന്ന താത്വിക വിശദീകരണം.
ബംഗാളില്‍ വിശാല മതേതര സഖ്യത്തിന് പാര്‍ട്ടി ലക്ഷ്യമിടുന്നതായി പാര്‍ട്ടി പത്രക്കുറിപ്പിറക്കിയപ്പോള്‍ കോണ്‍ഗ്രസിന്റെ പേര് പരാമര്ശിക്കാതിരിക്കാന് പ്രത്യേകം ശ്രദ്ധിച്ചിട്ടുണ്ട്. കേരളാ ഘടകത്തിന്റെ നീക്കമാണ് കോണ്‍ഗ്രസുമായുള്ള പരസ്യ സഖ്യത്തില്‍ നിന്നും പാര്‍ട്ടിയെ പിന്നോട്ടെത്തിച്ചത്. കോണ്‍ഗ്രസ് സഖ്യം കേരളത്തില്‍ പാര്‍ട്ടിയെ ജനങ്ങള്‍ക്ക് മുന്നില്‍ പരിഹാസ്യരാക്കുമെന്നും കേരളത്തില്‍ കഴിഞ്ഞ നാളുകളില്‍ നടത്തി വന്ന സമരങ്ങളെ അപ്രസക്തമാക്കുമെന്നും കേരളത്തില്‍ നിന്നുള്ള നേതാക്കള്‍ കേന്ദ്രകമ്മറ്റിയില്‍ വാദിച്ചു.
വിഎസ് അ്ച്യുതാനന്ദന്‍ ബംഗാളില്‍ കോണ്‍ഗ്രസുമായി കൈകോര്‍ക്കാമെന്ന നിലപാടെടുത്തു. തോമസ് ഐസക്കും ബംഗാള്‍ സംസ്ഥാന സമിതിയുടെ നിലപാടുകള്‍ക്ക് ഭാഗിക പിന്തുണ നല്‍കിയത് ശ്രദ്ധേയമായി. എന്നാല്‍ ബഹുഭൂരിപക്ഷം പേരും സഖ്യത്തെ ശക്തമായി എതിര്‍ത്തു. ഇത്തരത്തിലുള്ള ചര്‍ച്ച പോലും ആവശ്യമില്ലായിരുന്നെന്ന് കേരള നേതാക്കള്‍ കേന്ദ്രകമ്മറ്റിയില്‍ പറഞ്ഞു. ഇതോടെയാണ് ബംഗാള്‍ സംസ്ഥാന സമിതിയുടെ ആവശ്യം സിപിഎം തള്ളിയത്.
കോണ്‍ഗ്രസുമായി പരസ്യമായ തെരഞ്ഞെടുപ്പ് സഖ്യവും മുന്നണിയും വേണമെന്ന ബംഗാള്‍ ഘടകത്തിന്റെ ആവശ്യം തള്ളിക്കളഞ്ഞതിലുള്ള ബംഗാള്‍ നേതാക്കളുടെ അതൃപ്തി പാര്‍ട്ടി ദേശീയ നേതൃത്വത്തിന് തലവേദനയായി് മാറിക്കഴിഞ്ഞു.
പാര്‍ട്ടി വീണ്ടും ദയനീയ പ്രകടനമാണ് കാഴ്ച വെയ്ക്കുന്നതെങ്കില്‍ ബംഗാള്‍ നേതൃത്വത്തോട് വിശദീകരണം ചോദിക്കാന്‍ പോലും കേന്ദ്രനേതൃത്വത്തിന് സാധിക്കാത്ത സ്ഥിതിയും നിലവിലുണ്ട്. ഇതിന് പരിഹാരമായാണ് പ്രാദേശിക തലങ്ങളില്‍ നിയോജക മണ്ഡല അടിസ്ഥാനത്തില്‍ കോണ്‍ഗ്രസുമായി തെരഞ്ഞെടുപ്പ് ധാരണ ഉണ്ടാക്കാനുള്ള മൗനാനുമതി. എന്നാല്‍ വരും ദിവസങ്ങളില്‍ സിപിഎമ്മിന്റെ കോണ്‍ഗ്രസ് ബാന്ധവം സംബന്ധിച്ച ഇരട്ടത്താപ്പ് പശ്ചിമബംഗാളില്‍ തെരഞ്ഞെടുപ്പ് ചര്‍ച്ചാ വിഷയമായി മാറുമെന്നുറപ്പാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: