കാലടി: ആദിശങ്കര എഞ്ചിനീയറിങ്ങ് ആന്‍ഡ് ടെക്‌നോളജിയുടെ ടെക്‌ഫെസ്റ്റ് ബ്രഹ്മനു തുടക്കമായി. ഇന്‍കംടാക്‌സ് കമ്മീഷണര്‍ പി.എന്‍. ദേവദാസന്‍, മേളയുടെ ഉദ്ഘാടനം നിര്‍വ്വഹിച്ചു. ക്രീസ്തുവര്‍ഷാരംഭം മുതല്‍ 17 നൂറ്റാണ്ടു വരെ ലോക സാമ്പത്തികക്രമത്തില്‍ അഗ്രഗണ്യമായിരുന്ന ഇന്ത്യയുടെ സ്ഥാനം തിരിച്ചുപിടിക്കാന്‍ ഇന്നത്തെ തലമുറ ശ്രമിക്കണമെന്ന് അദ്ദേഹം ആഹ്വാനം ചെയ്തു. കോളേജ് മാനേജിങ്ങ് ട്രസ്റ്റി കെ.ആനന്ദ് അദ്ധ്യക്ഷത വഹിച്ചു. തിരക്കഥകൃത്ത് എസ്.എന്‍. സ്വാമി മുഖ്യപ്രഭാഷണം നടത്തി. ഡയരക്ടര്‍ ഡോ.എസ്.ജി. അയ്യര്‍, പ്രിന്‍സിപ്പല്‍ ഡോ.പി.സി. നീലകണ്ഠന്‍, ജിനു സെബാസ്റ്റ്യന്‍, റിനോ രാജു എന്നിവര്‍ പ്രസംഗിച്ചു.
കര്‍ണ്ണാടക സംഗീത കുലപതി ത്യാഗരാജസ്വാമികളുടെ സ്മരണാര്‍ഥം നടത്തുന്ന രാഗലയബ്രഹ്മ എന്ന പഞ്ചരത്‌ന കീര്‍ത്തനാലാപന സംഗീതാര്‍ച്ചനയില്‍ സംഗീതജ്ഞരായഎന്‍.പി. രാമസാമി, മാതംഗിസത്യമൂര്‍ത്തി, പ്രൊഫ.പി.ആര്‍. കുമാരകേരളവര്‍മ്മ, ലതആനന്ദ് തുടങ്ങി 50 ഓളം കലാകാരന്മാരും വിദ്യാര്‍ഥികളും പങ്കെടുത്തു.
സൗരാഷ്‌ട്ര രാഗത്തില്‍ ശ്രീ ഗണപതീ നീ സേവിന്‍പതരെ എന്ന സ്തുതിയോടെ ആരംഭിച്ച സംഗീതാര്‍ച്ചന നാട്ടരാഗത്തിലുള്ള ജഗദാനന്ദകാരക, ഗൗളരാഗത്തിലുള്ള ദുടുക്കുഗല, ആരഭിരാഗത്തിലുള്ള സാധിഞ്ജനേ വരാളി രാഗത്തിലുള്ള ഘനഘനരുചിര തുടങ്ങിയ കീര്‍ത്തനങ്ങള്‍ ആലപിച്ച് ശ്രീരാഗത്തിലുള്ള ത്യാഗരാജ സ്വാമികളുടെ സുപ്രസിദ്ധമായ എന്തരോ മഹാനുഭാവലു എന്ന കീര്‍ത്തനത്തോടെയാണ് ആലാപനം അവസാനിച്ചത്. വീണ വിദ്വാനായ എ. അനന്തപത്മനാഭനെ ചടങ്ങില്‍ ആദരിച്ചു. തുടര്‍ന്ന് അദ്ദേഹത്തിന്റെ വീണക്കച്ചേരിയും നടന്നു. യുവത്വത്തിന്റെ ധിഷണയും ഭാവനയും മാറ്റുരക്കുന്ന വൈവിധ്യ പൂര്‍ണ്ണമായ അമ്പതോളം മത്സര ഇനങ്ങളാണ് അടുത്ത രണ്ടു ദിനങ്ങളിലായി അരങ്ങേറുക രാജ്യത്തെ പ്രമുഖ എഞ്ചിനീയറിങ്ങ് കോളേജില്‍ നിന്നായി 2000 ത്തോളം വിദ്യാര്‍ഥികള്‍ പങ്കെടുക്കുന്നു.
















