ശിവകൈലാസ്
കാട്ടാക്കട: പോറ്റിവളര്‍ത്തിയവര്‍ സ്നേഹം നിഷേധിച്ചപ്പോള്‍ തെരുവില്‍ അഭയം തേടിയ സുമതിക്ക് ഇനി മക്കളുടെ സ്നേഹത്തണലില്‍ അന്തിയുറങ്ങാം. നാലു മക്കളുണ്ടായിട്ടും അനാഥത്വം പേറി തെരുവില്‍ അലയേണ്ടി വന്ന പൂവച്ചല്‍ പുന്നാംകരിക്കം പച്ചക്കാട്വീട്ടില് സുമതി(72)യുടെ കദനകഥ ജന്മഭൂമി ഇന്നലെ റിപ്പോര്‍ട്ട് ചെയ്തിരുന്നു. ജന്മഭൂമി വാര്‍ത്തയെ തുടര്‍ന്ന് പൂവച്ചല്‍ പഞ്ചായത്ത് പ്രസിഡന്റ് രാമചന്ദ്രന് മുന്‍കൈ എടുത്ത് ഇടപെട്ടതോടെ സുമതിയുടെ ഇളയമകന് ബാബു അമ്മയെ ഏറ്റെടുക്കാന്‍ തയ്യാറായി.
ദിവസങ്ങളോളം അലഞ്ഞുനടന്ന് ശരീരവും മനസും ഒരുപോലെ ക്ഷീണിച്ച്, ഒടുവില്‍ കാട്ടാക്കട പെരുംകുളത്തൂര്‍ മഹാവിഷ്ണു ക്ഷേത്രത്തിലെ കുളക്കടവില്‍ അവശയായി കണ്ടെത്തിയ സുമതിയെ നാട്ടുകാരാണ് കഴിഞ്ഞ രണ്ടു ദിവസമായി സംരക്ഷിച്ചിരുന്നത്. പത്രവാര്‍ത്തയെ തുടര്‍ന്ന് ഇന്നലെ സ്ഥലത്തെത്തിയ പൂവച്ചല്‍ പഞ്ചായത്ത് പ്രസിഡന്റും പെരുംകുളത്തൂര്‍ ക്ഷേത്രം സെക്രട്ടറി ബിജുവും ചേര്‍ന്ന് സുമതിയുടെ മകന് ബാബുവിന്റെ വീട്ടിലെത്തി അമ്മയുടെ അവസ്ഥ അറിയിച്ചു. പെറ്റമ്മയുടെ ദയനീയ സ്ഥിതി മകന് താങ്ങാനായില്ല. മകള്‍ക്കൊപ്പം സുഖമായി അമ്മ കഴിയുന്നുണ്ടാവുമെന്നാണ് കൂലിവേല ചെയ്ത് കുടുംബം പോറ്റുന്ന ബാബു കരുതിയിരുന്നത്. സാധാരണ സുമതി മറ്റുമക്കള്ക്കൊപ്പം മാസങ്ങളോളം താമസിക്കുന്ന പതിവുണ്ട്. കൂട്ടത്തില്‍ ബാബുവിന്റേതാണ് നിര്‍ധന കുടുംബം. ഇത്തവണ മറ്റു മക്കളാരും സുമതിക്ക് കിടക്കാന്‍ ഇടം നല്‍കിയില്ല. ബാബുവിന്റെ വീട്ടിലെ പരിതാപകരമായ ചുറ്റുപാട് അറിയുന്ന സുമതി ഒടുവില്‍ തെരുവില്‍ അഭയം പ്രാപിക്കുകയായിരുന്നു.
ഇല്ലായ്മകള്‍ നിറഞ്ഞതാണെങ്കിലും തന്റെ ചെറുവീട്ടിലേക്ക് ബാബു അമ്മയെ കൈപിടിച്ചു കയറ്റി. സുമതിയുടെ ഭക്ഷണത്തിനുള്ള പണം എല്ലാ മാസവും പെരുംകുളത്തൂര്‍ ക്ഷേത്രം സെക്രട്ടറി എസ്. ബിജുവും സുഹൃത്തുക്കളും ചേര്‍ന്ന് നല്‍കുമെന്ന് കുടുംബത്തിന് ഉറപ്പുനല്‍കി.
അടച്ചുപൂട്ടില്ലാത്ത ബാബുവിന്റെ ചെറുവീടിന്റെ നവീകരണത്തിന് നാട്ടുകാരുടെ സഹകരണത്തോടെ വേണ്ടത് ചെയ്യുമെന്ന് പഞ്ചായത്ത് പ്രസിഡന്റ് രാമചന്ദ്രന് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: