ശ്രീനഗര്‍: ഭീകര സംഘടനയായ ഹിസ്ബുള്‍ മുജാഹ്ദ്ദീന്റെ സ്ലീപര്‍സെല്ലുമായി ബന്ധമുള്ള നാലുപേരെ കാശ്മീരില്‍ നിന്ന് പോലീസ് പിടികൂടി. വടക്കന്‍ ജില്ലയായ ബന്ദിപൂരില്‍ ആക്രമണം നടത്താന്‍ പദ്ധതിയിട്ടിരിക്കെയാണ് ഇവര്‍ പിടിയിലായത്. ഓവര്‍ ഗ്രൗണ്ട് വര്‍ക്കേസായ നാലംഗ സംഘത്തെയാണ് പോലീസ് പിടികൂടിയിരിക്കുന്നത്. മുസാമില്‍ അഫ്‌സല്‍ റാതര്‍ അലിയാസ് ബോയാ, ഫിര്‍ദൗസ് അഹമ്മദ് റാതര്‍, ബിലാല്‍ അഹമ്മദ് റാതര്‍, അബ്ദുള്‍ മജീദ് ഖാന്‍ എന്നിവരാണ് പിടിയിലായത്.
സംഘടനയില്‍ പ്രവര്‍ത്തിക്കാന്‍ ആറ് മാസമായി മുസാമിലിനും ഫിര്‍ദൗസിനും താല്‍പര്യമില്ലാതായിരുന്നു. എന്നാല്‍ ഖാന്‍ നല്‍കിയ ആയുധങ്ങള്‍ ബിലാല്‍ ഇവര്‍ക്ക് നല്‍കിയിരുന്നു. അടുത്തുള്ള പ്രദേശങ്ങളിലെ പ്രമുഖരായ വ്യക്തികളെ കൊലപ്പെടുത്താന്‍ ഇവര്‍ ഗൂഡാലോചന നടത്തിയിരുന്നു എന്നും പോലീസ് വ്യക്തമാക്കി. ഇതിനായി ബിലാല്‍ ഒരു തോക്കും വെടിയുണ്ടകളും തയ്യാറാക്കിയിരുന്നു. മുസാമിലിനും ഫിര്‍ദൗസിനും ഗ്രനേഡുകളും നല്‍കിയിരുന്നു.
എന്നാല്‍ പോലീസിന്റെ സമയോചിതമായ ഇടപെടലിലൂടെ ഇവരുടെ പദ്ധതി തകരുകയായിരുന്നു. ഇവരില്‍ നിന്നും ആയുധങ്ങളും പോലീസ് പിടിച്ചെടുത്തിട്ടുണ്ട്. പോലീസ് സേനയിലും സുരക്ഷാസേനയിലും പ്രവര്‍ത്തിച്ചിരുന്നവരെയും ആക്രമിക്കാന്‍ പ്രതികള്‍ ലക്ഷ്യമിട്ടിരുന്നതായി ബന്ദിപൂര്‍ എസ്.എസ്.പി ഷാബിര്‍ പറഞ്ഞു.
















