ജമ്മു: പാക് അധിനിവേശ കശ്മീര്‍ ഉള്‍പ്പടെയുള്ള സംസ്ഥാനത്തിന്റെ മുഴുവന്‍ ഭാഗങ്ങളും ഭാരതത്തിന്റെ അവിഭാജ്യഘടകമാണെന്ന് യുകെ എംപി റോബര്‍ട്ട് ജോണ്‍ ബ്ലാക്ക്മാന്. ഭരണകക്ഷിയായ കണ്‍സര്‍വേറ്റീവ് പാര്‍ട്ടിയുടെ എംപിയായ അദ്ദേഹം ജമ്മു പ്രസ്സ് ക്ലബിന്റെ മീറ്റ് ദ പ്രസ്സ് പരിപാടിയില്‍ സംസാരിക്കുകയായിരുന്നു. കശ്മീരിന്റെ മുഴുവന്‍ ഭാഗങ്ങളും ഭാരതത്തിന് കീഴില്‍ വീണ്ടും ഒന്നിക്കേണ്ടതുണ്ട്. അനധികൃതമായി പാക്കിസ്ഥാന് കസ്റ്റഡിയില്‍ വച്ചിരിക്കുന്ന കശ്മീരിന്റെ ഭാഗങ്ങള്‍ ഭാരതത്തിന് കൈമാറേണ്ടതുണ്ട്. നേരത്തെ യുകെപാര്ലമെന്റില് ശക്തമായ പാക്കിസ്ഥാന് ലോബിയുണ്ടായിരുന്നു. ഇന്ന് കാര്യങ്ങളാകെ മാറിയിരിക്കുന്നു. എന്നാല്‍ ഇന്ന് ജനങ്ങള്‍ ഭാരതത്തിന്റെ സുഹൃത്തുക്കളാവാനും ഭാരതത്തെക്കുറിച്ച് സംസാരിക്കുവാനുമാണ് ആഗ്രഹിക്കുന്നത്.
പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ചരിത്രപരമായ യുകെ സന്ദര്‍ശനത്തിന് ശേഷമാണ് ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധങ്ങള്‍ കൂടുതല്‍ ശക്തമായത്. മോദിയുടെ വികസന പദ്ധതികളുടെയും സാമ്പത്തിക പരിഷ്ക്കാരങ്ങളുടെയും വിജയങ്ങള്‍ക്കും എല്ലാ പിന്തുണയും നല്‍കുമെന്നും ബ്ലാക്ക്മാന് പറഞ്ഞു. ഭാരതത്തെ ഉന്നതങ്ങളിലെത്തിക്കുന്നതിനുള്ള അക്ഷീണ പരിശ്രമമാണ് മോദി നടത്തുന്നത്. പാക്കിസ്ഥാന്റെ മണ്ണില്‍ നടക്കുന്ന ഭീകരവാദത്തിന്റെ രക്തസാക്ഷിയാണ് ഭാരതം. ഭാരതം നേരിടുന്ന ഭീകരതയെക്കുറിച്ച് യുകെ സര്‍ക്കാരിന് വ്യക്തമായറിയാം. ഭീകരതക്കെതിരെ ഭാരതവുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കുമെന്നും അദ്ദേഹം പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: