സ്വന്തം ലേഖകന്‍
തലശ്ശേരി: നിരാശ ബാധിച്ച പ്രവര്‍ത്തകര്‍ക്ക് അവേശവും ഉത്തേജനവും നല്‍കുന്നതിനായി സിപിഎം കണ്ണൂര്‍ ലോബിയുടെ രഹസ്യ അജണ്ടപ്രകാരമാണ് ജില്ലയില്‍ സിപിഎം വീണ്ടും അക്രമത്തിന്റെ പാതയിലേക്ക് നീങ്ങുന്നതെന്ന സംശയം ബലപ്പെടുന്നു. നിരവധി കൊലപാതകങ്ങള്‍ക്കും അക്രമങ്ങള്‍ക്കും പ്രേരണയും ഗൂഢാലോചനയും നടത്തുകയും ഒടുവില്‍ ആര്‍എസ്എസ് നേതാവായ മനോജിനെ കൊലപ്പെടുത്തിയ കേസില്‍ ജില്ലാ സെക്രട്ടറി പി.ജയരാജന് ജയിലിലടക്കപ്പെട്ടതിന്റെ ജാള്യത മറക്കാനുമാണ് ഇപ്പോള്‍ സിപിഎം അക്രമവും കൊലപാതകവും ആരംഭിച്ചിട്ടുള്ളതെന്ന് വ്യക്തമാണ്. അതോടൊപ്പം പി.ജയരാജന്റെ സാന്നിധ്യമില്ലെങ്കിലും കണ്ണൂര്‍ ജില്ലയില്‍ അക്രമത്തിന് നേതൃത്വം കൊടുക്കാന്‍ നേതൃക്ഷാമമില്ലെന്ന് അണികളെ ബോധ്യപ്പെടുത്തുകയും വേണം. മറ്റൊരുകാര്യം അടുത്ത കാലത്തൊന്നും പി.ജയരാജന്റെ സാന്നിധ്യംപോലും കണ്ണൂര്‍ ജില്ലയില്‍ ഉണ്ടാവരുത് എന്നാഗ്രഹിക്കുന്ന ജില്ലാ സെക്രട്ടറി സ്ഥാനമോഹികളുടെ ഗൂഢതന്ത്രവും കഴിഞ്ഞ ദിവസം അരോളിയില്‍ സുജിത്തിന് കൊലപ്പെടുത്തിയതിനും തലശ്ശേരിയിലെ ബോംബാക്രമണങ്ങള്‍ക്കും പിന്നിലുണ്ട്. ഇത്തരം അക്രമങ്ങള്‍ തുടരാനുള്ള സാധ്യത പോലീസ് രഹസ്യാന്വേഷണ വിഭാഗവും തള്ളിക്കളയുന്നില്ല.
അണികള്‍ ചോര്‍ന്ന് പോകുന്നതും പ്രവര്‍ത്തകരുടെ പഴയതുപോലുള്ള ആവേശമില്ലായ്മയും സിപിഎം എന്ന വിപ്ലവപ്രസ്ഥാനത്തിന്റെ പ്രവര്‍ത്തനങ്ങളെ മുരടിപ്പിച്ചിരിക്കുകയാണ്. ഈ പശ്ചാത്തലത്തിലാണ് പരമാവധി ഭീതി സൃഷ്ടിച്ചും അണികളെ കേസുകളില്‍ കുടുക്കിയും ജയിലിലെത്തിച്ചും തങ്ങളുടെ നിലനില്പിന് കോട്ടംതട്ടാതെ പാര്‍ട്ടിയെ കണ്ണൂര്‍ ജില്ലയില്‍ നിലനിര്‍ത്തുക എന്നതാണ് നേതൃത്വത്തിന്റെ ഇന്നത്തെ ലക്ഷ്യം. അതിന് ജില്ലയില്‍ വ്യാപകമായി അക്രമം നടത്തി അണികള്‍ക്കിടയില്‍ ഇന്നുണ്ടായിട്ടുള്ള മുരടിപ്പ് മാറ്റുവാന്‍ കഴിയുമോ എന്ന പരീക്ഷണമാണ് പാര്‍ട്ടി നേതൃത്വം നടത്തുന്നത്.
പിണറായി വിജയന് നവകേരളയാത്ര നടത്തിയപ്പോള്‍ കൈവന്ന പ്രവര്‍ത്തകരിലെ ആശ്വാസകരമായ ചലനം ജയരാജന്റെ കോടതി കീഴടങ്ങലോടെ പൂര്‍ണ്ണമായും നഷ്ടപ്പെട്ടു എന്ന യാഥാര്‍ത്ഥ്യം നേതൃത്വം തരിച്ചറിഞ്ഞിട്ടുണ്ട്. കൂടാതെ സിബിഐ അറസ്റ്റ് ചെയ്യാതിരിക്കാനും ജയിലില്‍ പോകാതിരിക്കാനും ജില്ലാ സെക്രട്ടറിയായ നേതാവ് കാട്ടിക്കൂട്ടിയ കോമഡി നാടകങ്ങളൊന്നും അണികള്‍ക്ക് അല്പംപോലും ദഹിച്ചിരുന്നില്ല. പല കൊലപാതക കേസുകളിലും പ്രതികളായി ജയിലില്പോകുമ്പോള് ഇന്‍ക്വിലാബ് സിന്ദാബാദ് വിളിക്കുകയും വിളിപ്പിക്കുകയും ചെയ്ത സഖാക്കളുടെ പാരമ്പര്യത്തിന് അപമാനമാണ് ജില്ലാ സെക്രട്ടറി നടത്തിയ കപട അസുഖ നാടകമെന്നാണ് അനുയായികള്‍ ഒന്നടങ്കം വിശ്വസിക്കുന്നത്. ഇതിനെല്ലാം മറയിടാന്‍ അക്രമത്തിലൂടെ ശ്രദ്ധമാറ്റുകയല്ലാതെ സിപിഎമ്മിന് മുന്നില്‍ മറ്റുവഴികളില്ല. അരോളിയില്‍ സുജിത്തിന് കൊലപ്പെടുത്തിയതിന് മറുപടിയായി ഒരു സഖാവിന്റെ രക്തസാക്ഷിത്വം ലഭിക്കുമെന്നും അത്വെച്ച് ഒരു പരമ്പരതന്നെ സൃഷ്ടിക്കാമെന്നുമുള്ള കണക്ക് കൂട്ടല്‍ തെറ്റിയപ്പോഴാണ് അക്രമം തലശ്ശേരിയിലേക്ക് വ്യാപിപ്പിച്ചത്.
സംഘപരിവാര്‍ ശക്തികേന്ദ്രമായ ടെമ്പിള്‍ ഗേറ്റില്‍ നാടിനും നാട്ടുകാര്‍ക്കും ഉപകാരപ്രദമായ സേവാ പ്രവര്‍ത്തനങ്ങള്‍ നടത്തിവരുന്ന ടെമ്പിള്‍ ഗേറ്റിലെ ജഗന്നാഥ് സ്മാരക ട്രസ്റ്റ് മന്ദിരത്തിന് നേരെ ബോംബെറിഞ്ഞും ഇല്ലത്ത് താഴെയിലെ ബിജെപി സ്ഥാനാര്‍ത്ഥിയായി നഗരസഭാ വാര്‍ഡില്‍ മത്സരിച്ച സുബ്രഹ്മണ്യന് എന്ന പ്രവര്‍ത്തകന്റെ വീടിന് ബോംബെറിഞ്ഞും മഹിളാ മോര്‍ച്ച തലശ്ശേരി മണ്ഡലം ജനറല്‍ സെക്രട്ടറിയെ ഭീഷണപ്പെടുത്തിയും മറ്റുമായി മുന്നേറുകയാണ് സിപിഎം ക്രിമിനല്‍ സംഘം.
എന്നാല്‍ വടക്കേ മലബാറിലെ പ്രശസ്തമായതും ശ്രീനാരായണ ഗുരുദേവന്റെ തൃക്കരങ്ങളാല്‍ പ്രതിഷ്ഠ നടത്തിയതുമായ ടെമ്പിള്‍ ഗേറ്റ് ശ്രീ ജഗന്നാഥ ക്ഷേത്ര ഉത്സവം നാളെ ആരംഭിക്കാനിരിക്കെ കഴിഞ്ഞദിവസം ജഗന്നാഥ് സ്മാരക ട്രസ്റ്റ് മന്ദിരത്തിന് ബോംബെറിഞ്ഞ് ഭീകരാന്തരീക്ഷം സൃഷ്ടിച്ചതിന് പിന്നില്‍ സിപിഎമ്മിന് വ്യക്തമായ അജണ്ട ഉണ്ട് എന്ന കാര്യത്തില്‍ സംശയമില്ല. ഇക്കാര്യം സംഘപരിവാര്‍ സംഘടനകള്‍ വ്യക്തമായി തിരിച്ചറിഞ്ഞിട്ടുമുണ്ട്. അതുകൊണ്ട് തന്നെ സിപിഎമ്മിന്റെ ഗൂഢ ലക്ഷ്യം ഫലവത്താകില്ല എന്ന കാര്യം ഉറപ്പാണ്.
നിരപരാധികളായ കുറേ ചെറുപ്പക്കാരെ വര്‍ഷങ്ങളോളം എക്സപ്ലോസീവ് കേസില്‍ കുടുക്കി പോലീസ് സ്റ്റേഷനിലും കോടതിയിലും ജയിലുകളിലും കിടത്താമെന്നല്ലാതെ സിപിഎം ഉദ്ദേശിച്ച ഫലം ലഭിക്കാന്‍ പോകുന്നില്ല എന്നതാണ് വസ്തുത. സിപിഎമ്മിന് വേണ്ടി നേതാക്കള്‍ പറയുന്ന പ്രകാരം ബോംബുമായി അക്രമത്തിനൊരുങ്ങുന്ന ചെറുപ്പക്കാര്‍ ഇക്കാര്യം മനസ്സിലാക്കിയാല്‍ അത് നാട്ടിലെ സമാധാനത്തിനും അവരവര്‍ക്കും ഗുണകരമാകുമെന്ന കാര്യത്തില്‍ സംശയമില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: