തിരുവനന്തപുരം: ചൂരല്‍ കുത്താന്‍ പള്ളിപ്പലകയില്‍ ദക്ഷിണവച്ച് ദേവിയുടെ സമ്മതം വാങ്ങി. ഇനി ദേവീദാസന്മാരായി ക്ഷേത്ര സന്നിധിയില്‍ 863 ബാലന്മാര് വ്രതധാരണം ആരംഭിച്ചു. ആറ്റുകാല്‍ പൊങ്കാല ഉത്സവത്തിന്റെ പ്രധാന ചടങ്ങുകളിലൊന്നായ കുത്തിയോട്ടവ്രതാരംഭം ചടങ്ങുകള്‍ മൂന്നാം ഉത്സവദിവസമായ ഇന്നലെ രാവിലെയാണ് നടന്നത്. കുത്തിയോട്ട ബാലന്മാര് ക്ഷേത്രകുളത്തില്‍ മുങ്ങികുളിച്ചശേഷം ദേവീസന്നിധിയിലെത്തി പ്രാര്‍ഥിച്ച് ഏഴു നാണയത്തുട്ടുകള്‍ പള്ളിപ്പലകയില്‍ വച്ചു. ശാന്തിക്കാരനില്‍ നിന്ന് തീര്‍ഥവും പ്രസാദവും വാങ്ങി ദക്ഷിണനല്‍കി ദേവി സന്നിധിയില്‍ നമസ്കരിച്ചതോടെ കുത്തിയോട്ട വ്രതത്തിന് തുടക്കമായി. അഞ്ചു വയസുമുതല്‍ പന്ത്രണ്ടുവയസ്സുവരെയുള്ള ബാലന്മാരാണ് കുത്തിയോട്ടവ്രതം അനുഷ്ഠിക്കുന്നത്. ഇനിയുള്ള നാളുകള്‍ ക്ഷേത്രപരിസരത്ത് കുത്തിയോട്ട ബാലന്മാര് കഴിയും.
ആറ്റുകാല്‍ ക്ഷേത്രത്തില്‍ കുത്തിയോട്ട വ്രതാരംഭ
ചടങ്ങിനെത്തിയ ദേവീദാസന്മാര്
ദിവസവും നാലുനേരം എണ്ണ തേയ്ക്കാതെ ക്ഷേത്രക്കുളത്തില്‍ മുങ്ങികുളിച്ച് ഈറനോടെ ക്ഷേത്രനടയില്‍ നമസ്കരിക്കും. ഏഴുദിവസങ്ങള്കൊണ്ട് ആയിരത്തി എട്ട് നമസ്കാരം പൂര്‍ത്തിയാക്കും. ഒന്പതാംദിവസം പൊങ്കാല നിവേദിച്ചശേഷം ചൂരല്‍കുത്തി ദേവിയുടെ മണക്കാട് ശാസ്താ ക്ഷേത്രത്തിലേക്കുള്ള എഴുന്നള്ളത്തിന് ഈ ബാലന്മാര് അകമ്പടി സേവിക്കും. പത്താംദിവസം ഉച്ചയോടെ തിരിച്ചെഴുന്നെള്ളും. ക്ഷേത്രത്തില്‍ പ്രവേശിച്ച് ചൂരല്‍കുത്ത് അഴിക്കുന്നതോടെ വ്രതാനുഷ്ഠാനം അവസാനിക്കും. രാവിലെ കഞ്ഞിയും പയറും, ഉച്ചയ്ക്ക് സദ്യയും രാത്രിയില്‍ അവില്, പഴം, കരിക്കിന് നീര് എന്നിവയാണ് കുത്തിയോട്ട ബാലന്മാരുടെ ഭക്ഷണമെന്ന് കുത്തിയോട്ട കമ്മറ്റി കണ്‍വീനര്‍ വി. അയ്യപ്പന്‍നായര്‍ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: