ന്യൂദല്‍ഹി: ജവഹര്‍ലാല്‍ നെഹ്രു സംഭവത്തില്‍ രാജ്യത്തെ മുസ്ലിം വോട്ട്ബാങ്ക് ലക്ഷ്യമിട്ടുള്ള പ്രചാരണ തന്ത്രങ്ങളുമായി ഇടതുപാര്‍ട്ടികള്‍ രംഗത്തെത്തി. ഉടന്‍ നടക്കാനിരിക്കുന്ന കേരളം, ബംഗാള്‍ നിയമസഭാ തെരഞ്ഞെടുപ്പില്‍ മുസ്ലിം വോട്ടുകള്‍ പരമാവധി നേടാന്‍ ജെഎന്‍യു വിഷയം ഉപയോഗിക്കാനാണ് സിപിഎം ശ്രമം. രാജ്യദ്രോഹ മുദ്രാവാക്യങ്ങള്‍ വിളിച്ച വിദ്യാര്‍ത്ഥികളെ പോലീസ് പിടികൂടാന്‍ ശ്രമിക്കുന്നത് മുസ്ലിം മതസമൂഹത്തിനെതിരെയുള്ള സംഘപരിവാര്‍ നീക്കമായി വ്യാഖ്യാനിക്കുന്നതിനാണ് ഇടതു നേതാക്കളുടെ പരിശ്രമം. ഇതിനായി മുസ്ലിം സമൂഹത്തെ തെറ്റിദ്ധരിപ്പിക്കുന്ന പ്രചാരണങ്ങളുമായി ഇടതുനേതാക്കള്‍ സജീവമായിട്ടുണ്ട്.
ഏപ്രിലില്‍ നിയമസഭാ തെരഞ്ഞെടുപ്പ് വരാനിരിക്കെ മുസ്ലിം സമുദായത്തിന് വലിയ സ്വാധീനമുള്ള കേരള, പശ്ചിമബംഗാള്‍ സംസ്ഥാനങ്ങളിലെ വോട്ട്ബാങ്കാണ് ജെഎന്‍യു വിഷയത്തിലൂടെ ഇടതു പാര്‍ട്ടികള്‍ ലക്ഷ്യമിടുന്നത്. രാജ്യവിരുദ്ധ മുദ്രാവാക്യം വിളിച്ചവരെ പോലീസ് പിടികൂടിയ സംഭവത്തെ സംഘപരിവാര്‍ അക്രമമായി ചിത്രീകരിക്കുന്ന വിചിത്ര രീതിയാണ് ഇടതുപക്ഷം മുന്നോട്ടുവെയ്ക്കുന്നത്. പശ്ചിമബംഗാളില്‍ 25.2 ശതമാനവും കേരളത്തില്‍ 24.5 ശതമാനവും മുസ്ലിം ജനസംഖ്യയുണ്ട്.
കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ 35 വര്‍ഷം നീണ്ട ബംഗാള്‍ ഭരണം നഷ്ടമായ സിപിഎമ്മിന് ഏതുവിധേനയും ബംഗാളില്‍ ഭരണത്തില്‍ തിരിച്ചെത്താനാണ് ലക്ഷ്യമിടുന്നത്. എന്നാല്‍ ഏരിയാ, ലോക്കല്‍, ബ്രാഞ്ചു കമ്മറ്റികള്‍ പോലും ഇല്ലാത്ത പരിതാപകരമായ അവസ്ഥയില്‍ ചില മണ്ഡലങ്ങളിലെങ്കിലും മുസ്ലിം പിന്തുണയോടെ വിജയിക്കാനാണ് ഇടതുകണക്കുകൂട്ടല്‍. കേരളത്തിലും മുസ്ലിം സമൂഹത്തിന്റെ പിന്തുണ സിപിഎമ്മിനാവശ്യമാണ്. എന്നാല്‍ മുസ്ലിംലീഗിന്റെ വോട്ടുകള്‍ ഭിന്നിപ്പിക്കുന്നതിനായി ജെഎന്‍യു വിഷയത്തെ സംഘപരിവാര്‍ ഭീകരതയായി അവതരിപ്പിക്കാനാണ് ഇടതുനേതാക്കള്‍ ലക്ഷ്യമിടുന്നത്.
ബീഹാര്‍ തെരഞ്ഞെടുപ്പ് സമയത്ത് ദാദ്രി വിഷയം ഉയര്‍ത്തിക്കൊണ്ടുവന്ന ഇടതു നേതാക്കള്‍ തെരഞ്ഞെടുപ്പിന് ശേഷം പിന്നീട് ആ വിഷയം തന്നെ ഉപേക്ഷിച്ചിരുന്നു. ജെഎന്‍യു വിഷയം ദേശീയ ശ്രദ്ധയിലേക്ക് കൊണ്ടുവരാനുള്ള ശ്രമവും നിയമസഭാ തെരഞ്ഞെടുപ്പ് ലക്ഷ്യമിട്ടാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: