ന്യൂദല്‍ഹി: രാജ്യത്തെ 18 സര്‍വ്വകലാശാലാ കാമ്പസുകളില്‍ പാര്‍ലമെന്റാക്രമണക്കേസില്‍ തൂക്കിലേറ്റപ്പെട്ട ഭീകരന് അഫ്സല്ഗുരുവിന്റെ അനുസ്മരണ പരിപാടികള്‍ സംഘടിപ്പിക്കുന്നതിന് പദ്ധതിയിട്ടിരുന്നതായി ദല്‍ഹി പോലീസ്. ജെഎന്‍യുവില്‍ പ്രവര്‍ത്തിക്കുന്ന ജനാധിപത്യവിദ്യാര്‍ത്ഥി സംഘടന(ഡിഎസ്യു)യുടെ നേതൃത്വത്തിലായിരുന്നു പരിപാടികള്‍ക്ക് തയ്യാറെടുപ്പുകള്‍ നടത്തിയതെന്നും ജെഎന്‍യുവിലെ ഗവേഷണ വിദ്യാര്‍ത്ഥിയായ ഉമര്‍ ഖാലിദ് എന്നയാളാണ് ഇതിന്റെ പ്രധാന നേതൃത്വം വഹിക്കുന്നതെന്നും പോലീസ് കണ്ടെത്തി. ഇയാള്‍ ഒരാഴ്ചയായി ഒളിവിലാണ്. ജെഎന്‍യുവില്‍ ഭാരത വിരുദ്ധ മുദ്രാവാക്യം വിളിച്ചതും ഉമര്‍ ഖാലിദിന്റെ നേതൃത്വത്തിലാണ്.
അഫ്സല് ഗുരുവിന്റെയും ജമ്മു കശ്മീര്‍ ലിബറേഷന്‍ ഫ്രണ്ട് സ്ഥാപകനായ മക്ബൂല്‍ ഭട്ടിന്റെയും മരണവാര്‍ഷികം ആഘോഷിക്കാനായിരുന്നു ഡിഎസ്യുവിന്റെ പദ്ധതി. ബനാറസ് യൂണിവേഴ്സിറ്റി, അലഹബാദ് യൂണിവേഴ്സിറ്റി, ജാദവ്പൂര്‍ യൂണിവേഴ്സിറ്റി തുടങ്ങിയ സ്ഥലങ്ങളില്‍ പരിപാടികള്‍ നടത്താന്‍ ലക്ഷ്യമിട്ടു. ബംഗാളിലെ ജാദവ്പൂര്‍ യൂണിവേഴ്സിറ്റിയില്‍ അഫ്സല് ഗുരു അനുസ്മരണ പരിപാടി നടത്തുകയും ചെയ്തു. രാജ്യവിരുദ്ധ മുദ്രാവാക്യങ്ങള്‍ മുഴക്കി വിദ്യാര്‍ത്ഥികള്‍ പ്രകടനം നടത്തുന്ന ജാദവ്പൂരിലെ പരിപാടിയുടെ വീഡിയോ ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്.
ഖാലിദും സഹപ്രവര്‍ത്തകരും ഈ യൂണിവേഴ്സിറ്റികളിലെല്ലാം യാത്ര ചെയ്ത് പരിപാടിക്ക് വേണ്ട ക്രമീകരണങ്ങള്‍ ചെയ്തിരുന്നതായും പോലീസ് കണ്ടെത്തി. ജെഎന്‍യുവിലെ തന്നെ വിദ്യാര്‍ത്ഥികളായ അശ്വതി, അന്വേഷ, അഞ്ജലി ഝാ, ഭാവന ബേദി, റെയാസ് ഉള് ഹക്, റൂബിന സെയ്ഫ്, അനിര്‍ബന്‍ ഭട്ടാചാര്യ, കോമള്‍ ഭരത് മൊഹിത്, ബന്ജോയോത്സന ലഹിരി എന്നിവരാണ് ഉമര്‍ ഖാലിദിനൊപ്പം അഫ്സല് ഗുരു അനുസ്മരണ പരിപാടികളുടെ സംഘാടകരായി പ്രവര്‍ത്തിച്ചതെന്നും പോലീസ് കണ്ടെത്തിയിട്ടുണ്ട്.
ഫെബ്രുവരി ഏഴിന് കശ്മീരില്‍ നിന്നുള്ള 10 പേര് ജെഎന്‍യു ക്യാമ്പസില്‍ എത്തിയിരുന്നതായും ഇവരുടെ നേതൃത്വത്തിലാണ് അഫ്സല് ഗുരു അനുസ്മരണ പരിപാടി സംഘടിപ്പിച്ചതെന്നും പോലീസ് പറയുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: