ന്യൂദല്‍ഹി: ചരക്കു സേവന നികുതി ബില്‍ ഏതു വിധേനയും ബജറ്റ് സമ്മേളനത്തില്‍ തന്നെ പാസാക്കണമെന്ന് തൃണമൂല്‍ കോണ്‍ഗ്രസ് സര്‍വ്വകക്ഷി യോഗത്തില്‍ ആവശ്യപ്പെട്ടെന്ന് സര്‍വ്വകക്ഷി യോഗ തീരുമാനങ്ങള്‍ വിശദീകരിച്ച് കേന്ദ്രപാര്‍ലമെന്ററികാര്യമന്ത്രി വെങ്കയ്യനായിഡു പറഞ്ഞു. മറ്റു കക്ഷികളും ജിഎസ്ടിക്കായി പിന്തുണ നല്‍കിയിട്ടുണ്ട്. രണ്ടേകാല്‍ മണിക്കൂര്‍ നീണ്ട യോഗത്തില്‍ സഭ സമാധാനപരമായി സമ്മേളിക്കുമെന്ന് കക്ഷികള്‍ ഉറപ്പുനല്‍കിയതായും വെങ്കയ്യ പറഞ്ഞു.
ചരക്കു സേവന നികുതി ബില്‍ പാസാക്കുന്നതിനായി പ്രതിപക്ഷ സഹകരണം തേടിയാണ് പ്രധാനമന്ത്രി നേരിട്ട് സര്‍വ്വകക്ഷി യോഗം വിളിച്ചത്. സാധാരണ സഭാസമ്മേളനം ആരംഭിക്കുന്നതിന് തലേദിവസം ലോക്സഭാ സ്പീക്കറാണ് സര്‍വ്വകക്ഷി സമ്മേളനം വിളിക്കുക. എന്നാല്‍ വിവിധ വിഷയങ്ങളുയര്‍ത്തി ബജറ്റ് സമ്മേളനം തടസ്സപ്പെടുത്താന്‍ കോണ്‍ഗ്രസിന്റെ നേതൃത്വത്തില്‍ ശ്രമം നടക്കുന്നതിനെ തുടര്‍ന്നാണ് കേന്ദ്രസര്‍ക്കാര്‍ സര്‍വ്വകക്ഷി യോഗം നടത്തിയത്.
അരുണാചല്‍ പ്രദേശിലെ രാഷ്ട്രപതിഭരണം, ഭാരത-പാക് വിദേശകാര്യസെക്രട്ടറിതല ചര്‍ച്ച, ഹൈദ്രാബാദ് യൂണിവേഴ്സിറ്റി സംഭവം. ജെഎന്‍യു തുടങ്ങിയ വിഷയങ്ങളില്‍ ഇടതു പാര്‍ട്ടികളും കോണ്‍ഗ്രസും ചേര്‍ന്ന് ബജറ്റ് സമ്മേളനം അലങ്കോലമാക്കാനാണ് ആലോചന നടക്കുന്നത്. ഇതിനെ മറികടക്കുന്നതിനായി മറ്റു പാര്‍ട്ടികളുടെ പിന്തുണ തേടിയാണ് പ്രധാനമന്ത്രി ഇന്നലെ സര്‍വ്വകക്ഷി സമ്മേളനം വിളിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: