ന്യൂദല്‍ഹി: നേതാജി സുഭാഷ് ചന്ദ്രബോസിന്റെ തിരോധാനവുമായി ബന്ധപ്പെട്ട 25 ഫയലുകള്‍ കൂടി കേന്ദ്രസര്‍ക്കാര്‍ ഉടന്‍ പരസ്യപ്പെടുത്തും. ഈ മാസം അവസാനത്തോടെ കൂടുതല്‍ ഫയലുകള്‍ പരസ്യപ്പെടുത്താന്‍ തീരുമാനിച്ചതായി കേന്ദ്രസാംസ്ക്കാരിക മന്ത്രി ഡോ. മഹേഷ് ശര്‍മ്മ അറിയിച്ചു.
എല്ലാ മാസവും 25 രഹസ്യഫയലുകള്‍ വീതം പരസ്യപ്പെടുത്താനാണ് കേന്ദ്രസര്‍ക്കാര്‍ തീരുമാനമെന്ന് ഡോ. മഹേഷ് ശര്‍മ്മ പറഞ്ഞു. ഈ മാസം പുറത്തുവിടാനുള്ള ഫയലുകള്‍ സര്‍ക്കാര്‍ തയ്യാറാക്കിക്കൊണ്ടിരിക്കുകയാണെന്നും മന്ത്രി പറഞ്ഞു.
ഫെബ്രുവരി 23ന് രണ്ടാംഘട്ട ഫയലുകള്‍ പുറത്തുവിടാനാണ് ഏകദേശ ധാരണയിലെത്തിയിരിക്കുന്നത്. എല്ലാമാസവും 23-ന് ഫയലുകള്‍ പരസ്യപ്പെടുത്താനാണ് നിലവിലെ കേന്ദ്രതീരുമാനം. നേതാജിയുടെ 119-ാം ജന്മവാര്ഷികദിനമായ ജനുവരി 23-നാണ് ആദ്യഘട്ട രഹസ്യഫയലുകള്‍ കേന്ദ്രസര്‍ക്കാര്‍ പുറത്തുവിട്ടത്. ചരിത്രരേഖകളായ 16,600 പേജുകളാണ് പുറത്തുവിട്ടത്. രേഖകള്‍ നാഷണല്‍ ആര്‍ക്കൈവ്സിന്റെ വെബ്സൈറ്റിലും പ്രസിദ്ധീകരിച്ചിട്ടുണ്ട്.
കഴിഞ്ഞ ഒക്ടോബറില്‍ നേതാജിയുടെ കുടുംബാംഗങ്ങള്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയെ സന്ദര്‍ശിച്ചിരുന്നു. ഇതേതുടര്‍ന്നാണ് നേതാജിയുടെ തിരോധാനവുമായി ബന്ധപ്പെട്ട രഹസ്യരേഖകള്‍ പരസ്യപ്പെടുത്താന്‍ കേന്ദ്രസര്‍ക്കാര്‍ തീരുമാനിച്ചത്.
നേതാജിയുടെ തിരോധാനം അന്വേഷിച്ച രണ്ട് കമ്മീഷനുകള്‍ നേതാജി തായ്പെയിലുണ്ടായ വിമാനാപകടത്തില്‍ 1945 ആഗസ്ത് 18ന് കൊല്ലപ്പെട്ടെന്നും ജസ്റ്റിസ് എം.കെ മുഖര്‍ജിയുടെ നേതൃത്വത്തിലുള്ള മൂന്നാമത്തെ അന്വേഷണ സംഘം നേതാജി വിമാനാപകടത്തില്‍ കൊല്ലപ്പെട്ടിട്ടില്ലെന്നും റിപ്പോര്‍ട്ട് തയ്യാറാക്കിയിരുന്നു. നേതാജി ജീവിച്ചിരിപ്പുണ്ടെന്നായിരുന്നു മുഖര്‍ജി കമ്മീഷന്റെ കണ്ടെത്തല്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: