ന്യൂദല്‍ഹി: കേരളത്തിലെ വോട്ടര്‍ പട്ടികയ്ക്കെതിരെ ബിജെപി കേന്ദ്രനേതൃത്വം തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്കി. ലക്ഷക്കണക്കിന് അനര്‍ഹര്‍ വോട്ടര്‍ പട്ടികയില്‍ കയറിക്കൂടിയെന്നാണ് പരാതി. കേരളത്തിലും പശ്ചിമബംഗാളിലും സുതാര്യവും സ്വതന്ത്രവുമായ തെരഞ്ഞെടുപ്പ് നടക്കാന്‍ കൂടുതല്‍ കാര്യക്ഷമമായ ഇടപെടലുകള്‍ നടത്തണമെന്ന് കേന്ദ്രപാര്‍ലമെന്ററികാര്യ സഹമന്ത്രി മുഖ്താര്‍ അബ്ബാസ് നഖ്വിയുടെ നേതൃത്വത്തിലുള്ള സംഘം കേന്ദ്രതെരഞ്ഞെടുപ്പ് കമ്മീഷണറോട് അഭ്യര്‍ത്ഥിച്ചു.
കേരളത്തിലെ 2016ലെ വോട്ടര്‍പട്ടികയില്‍ വ്യാപകമായ ക്രമക്കേടാണ് സംഭവിച്ചിരിക്കുന്നത്. കേരളത്തില്‍ ആകെ 3,34,06,061 ജനങ്ങള്‍ മാത്രമുള്ളപ്പോള്‍ വോട്ടര്‍പട്ടികയില്‍ 2,56,27,620 പേരാണ് ഉള്‍പ്പെട്ടിരിക്കുന്നത്. അതായത് 18 വയസ്സില്‍ താഴെയുള്ളവരെക്കൂടി ഉള്‍പ്പെടുത്തിയാല്‍ മാത്രമേ ഇത്രയും വോട്ടര്‍മാരെ പട്ടികയില്‍ ചേര്‍ക്കാന്‍ സാധിക്കൂ എന്ന് വ്യക്തം. ഏകദേശം 23.63 ലക്ഷം മലയാളികള്‍ വിദേശത്ത് താമസിക്കുന്നവരാണ്. സംഭവിച്ച തെറ്റ് ഉടന്‍ തിരുത്തണമെന്ന് ബിജെപി പ്രതിനിധിസംഘം ആവശ്യപ്പെട്ടു. സ്വതന്ത്രവും നീതിപൂര്‍വ്വകവുമായ തെരഞ്ഞെടുപ്പ് സംസ്ഥാനത്ത് നടക്കാതിരിക്കാന്‍ ചില പാര്‍ട്ടികള്‍ ആസൂത്രിതമായ നീക്കം ആരംഭിച്ചതായും ബിജെപി മുഖ്യതെരഞ്ഞെടുപ്പ് കമ്മീഷണര്‍ക്ക് നല്കിയ പരാതിയില്‍ വ്യക്തമാക്കുന്നു. വോട്ടര്‍ പട്ടികയിലെ ക്രമക്കേടുകള്‍ ഉടന്‍ പരിശോധിക്കുമെന്നും ഇതിനായി ബൂത്തുതലത്തില്‍ കൃത്യമായ പരിശോധന നടത്തുമെന്നും തെരഞ്ഞെടുപ്പ് കമ്മീഷന് ഉറപ്പുനല്‍കി.
പശ്ചിമബംഗാളില്‍ നൂറുകണക്കിന് ബിജെപി പ്രവര്‍ത്തകരാണ് നിരന്തരം ആക്രമിക്കപ്പെടുന്നത്. പോലീസും മറ്റ് അധികാരികളും ഭരണത്തിലിരിക്കുന്ന പാര്‍ട്ടിയുടെ പ്രവര്‍ത്തകരെപ്പോലെ മാറിയിരിക്കുകയാണ്. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ അക്രമസംഭവങ്ങള്‍ വര്‍ദ്ധിച്ചിരിക്കുന്നു. സുതാര്യമായ തെരഞ്ഞെടുപ്പ് നടക്കണമെങ്കില്‍ കൂടുതല്‍ കേന്ദ്രസേനയെ സംസ്ഥാനത്ത് വിന്യസിക്കണം. കൂടുതല്‍ ബൂത്തുകളില്‍ കേന്ദ്രതെരഞ്ഞെടുപ്പ് കമ്മീഷന്റെ കര്‍ശന നിരീക്ഷണവും ആവശ്യമാണ്, ബിജെപി ആവശ്യപ്പെട്ടു. ബംഗാള്‍ തങ്ങളുടെ നിരീക്ഷണത്തിലാണെന്നും കൂടുതല്‍ കേന്ദ്രസേനയെ വിന്യസിക്കുമെന്നും കമ്മീഷന് പ്രതിനിധിസംഘത്തിന് ഉറപ്പ് നല്കി.
പാര്‍ട്ടി ദേശീയ ജനറല്‍ സെക്രട്ടറി അരുണ്‍ സിങ്, സെക്രട്ടറി ശ്രീകാന്ത് ശര്‍മ്മ, വക്താവ് സുധാംശു ത്രിവേദി, നളിന്‍ കോഹ്ലി എന്നിവര്‍ പ്രതിനിധിസംഘത്തിലുണ്ടായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: